ഭോപ്പാല്‍: ഒരു രാത്രി ഇരുണ്ടു വെളുത്തിട്ടും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു ഫലം മുഴുവനായില്ല. പുലര്‍ച്ചെ 2.30ന് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്‌വിജയ് സിങ്ങും പത്രസമ്മേളനം വിളിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതായും അവര്‍ വ്യക്തമാക്കി. 

ഇതുവരേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമഫലം പുറത്തുവിട്ടില്ല. കോണ്‍ഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് നിലവിലുള്ളത്. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രര്‍ക്ക് നാലും സീറ്റുകളുണ്ട്. മായാവതിയുടെ ബി.എസ്പിയുമായും, സമാജ് വാദി പാര്‍ട്ടിയുമായും മറ്റ് കക്ഷികളുമായും ചര്‍ച്ച നടത്തിയതായി കമല്‍നാഥ് പറഞ്ഞു. എസ്.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ബി.എസ്.പിയുടെ നിലപാടാണ് നിര്‍ണായകം. 230 സീറ്റുകളുള്ള നിയമസഭയില്‍ ഭൂരിപക്ഷമായ 116 സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

ചൊവ്വാഴ്ച രാത്രി തന്നെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കാണാന്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്തിമ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലംകൈയും ഗുജറാത്തിലെ മുഖ്യമന്ത്രിയുമായിരുന്നു ആനന്ദിബെന്‍. 

കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനും നഗരമേഖലയില്‍ കോണ്‍ഗ്രസിനുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോണ്‍ഗ്രസിന് 95 സീറ്റുകള്‍ കിട്ടിയത്. ബി.ജെ.പിക്ക് ഗ്രാമീണ മേഖലയില്‍ 85 സീറ്റുകളാണുള്ളത്. നഗരങ്ങളില്‍ ബിജെപിക്ക് 25 മണ്ഡലങ്ങളും കോണ്‍ഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു.

മധ്യപ്രദേശില്‍ കമല്‍നാഥ് ഇഫക്ട് 

content highlights: Congress Claims Madhya Pradesh Win, Counting Still On