ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ ബി ജെ പിയും. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട്‌ ബി ജെ പി നേതാക്കള്‍ മധ്യപ്രദേശ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

230 നിയോജകമണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമഫലം ഫലം ബുധനാഴ്ച രാവിലെയാണ് പുറത്തെത്തിയത്. 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബി ജെ പിക്ക് നേടാനായത് 109 സീറ്റുകളാണ്. ബി എസ് പി രണ്ട്‌ സീറ്റുകളും സമാജ്‌വാദി പാര്‍ട്ടി ഒരു സീറ്റും സ്വതന്ത്രര്‍ നാലു സീറ്റുകളിലുമാണ് വിജയിച്ചത്. 

കോണ്‍ഗ്രസിനും ബി ജെ പിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബി എസ് പി, എസ് പി, സ്വതന്ത്രര്‍ എന്നിവരുടെ നിലപാടാണ് നിര്‍ണായകമാകുക.അതേസമയം ബി എസ് പിയും എസ് പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കാനുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച രാത്രി തന്നെ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ അന്തിമഫലം വരെ കാത്തിരിക്കാനായിരുന്നു ഗവര്‍ണറുടെ മറുപടി. 

തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമില്ലാതെ മത്സരിച്ചതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് സാധാരണഗതിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കുക. സ്വതന്ത്രരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന വാദമാണ് കോണ്‍ഗ്രസും ബി ജെ പിയും ഉയര്‍ത്തിയിട്ടുള്ളത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെന്‍ പട്ടേലാണ് മധ്യപ്രദേശ് ഗവര്‍ണര്‍.

content highlights: bjp to meet madhya pradesh governor