അഗർ മാൾവ: തിരഞ്ഞെടുപ്പെത്തിയതൊന്നും ഗൗനിക്കാതെ വഴിയരികിലും ചന്തയിലുമെല്ലാം കൂട്ടംകൂടി നിൽപ്പുണ്ട്, ചാവാലിപ്പശുക്കൾ. ചിലത് വയലിലിറങ്ങി വിളവുതിന്നുന്നു.‘‘അടിച്ചോടിക്കാൻ പേടിയാണ്. വല്ലതും പറ്റിയാൽ ആകെ കുഴപ്പമാവും.’’ -മന്ദ്‌സൗറിൽ നിന്ന് അഗർ മാൾവയിലേക്കുള്ള യാത്രയിൽ കണ്ട രാകേഷ് ജാട്ട് പറഞ്ഞു. സ്വന്തം പശുക്കൾക്കു നൽകാനായി വളർത്തുന്ന തീറ്റപ്പുല്ലിന് വളമിടുകയാണ് രാകേഷ്. സർക്കാരിന്റെ ഗോരക്ഷാ പദ്ധതികളുടെ ശേഷിപ്പാണ് കൃഷി കൈയേറുന്ന തെരുവു പശുക്കൾ. തിരഞ്ഞെടുപ്പു പ്രചാരണത്തിലും മുഖ്യ സ്ഥാനമുണ്ടവർക്ക്.

തെരുവു പശുക്കളെ പരിപാലിക്കാൻ സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഗോശാലകൾ സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകുന്നത് ബി.ജെ.പി.യല്ല, പ്രതിപക്ഷ കോൺഗ്രസാണ്. വ്യാവസായികാടിസ്ഥാനത്തിൽ ഗോമൂത്രവും ചാണകവും വിപണിയിലിറക്കുമെന്ന പ്രഖ്യാപനവുമുണ്ട് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ. രാജ്ഗഢിലെ ഗോശാലയിൽ ആറുപശുക്കൾ ചത്തതിനെച്ചൊല്ലിയുള്ള വിവാദം കോൺഗ്രസ് ശരിക്കു മുതലെടുക്കുന്നു. ചരിത്രത്തിലിതുവരെയുണ്ടായിട്ടില്ലാത്തവണ്ണം കോൺഗ്രസ് മൃദുഹിന്ദുത്വത്തെ പുണരുന്ന തിരഞ്ഞെടുപ്പാണിത്. തൊണ്ണൂറുശതമാനം ഹിന്ദുമത വിശ്വാസികളുള്ള സംസ്ഥാനത്ത്‌ ബി.ജെ.പി.യെ നേരിടാൻ വേറെ വഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.

മധ്യപ്രദേശിൽ ഗോവധ നിരോധനം കർക്കശമാക്കുന്ന നിയമം 2012-ലാണ് നിലവിൽ വന്നത്. അതനുസരിച്ച്, പശുവിനെ കൊല്ലുന്നയാൾക്ക് ഏഴുവർഷം വരെ തടവു കിട്ടാം. താൻ നിരപരാധിയാണെന്നു തെളിയിക്കാനുള്ള ബാധ്യത ആരോപണ വിധേയനാണുതാനും. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ കാലിക്കടത്തിന് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ മധ്യപ്രദേശിലെ ഗോരക്ഷകർ അരയുംതലയും മുറുക്കി രംഗത്തുവന്നു. കേന്ദ്രം പിന്നീട് നിയമം ഇളവു ചെയ്തെങ്കിലും ഇവിടത്തെ സ്ഥിതി മാറിയില്ല. കറവവറ്റി അവശരായ പശുക്കളെ വിറ്റൊഴിക്കാനാകാതെ കർഷകർ വലഞ്ഞു. അവയെ തെരുവിൽ തള്ളാൻ നിർബന്ധിതരായി. മാൾവയിലെയും ബുന്ദേൽഖണ്ഡിലെയും പാവം കർഷകർ തെരുവുപശുക്കളെക്കൊണ്ട് പൊറുതിമുട്ടി. കൃഷി നശിപ്പിക്കുന്ന കാലികളെ തുരത്താൻ അവർ മുളകുപൊടി മുതൽ ആസിഡുവരെ ഉപയോഗിച്ചു. 
അനാഥഗോക്കളെ സംരക്ഷിക്കുന്നതിനുള്ള ഗോശാലകളായിരുന്നു പരിഹാരം.

ഒരു വർഷം മുമ്പ് മധ്യപ്രദേശ് സർക്കാർ ഇന്ത്യയിലെ ആദ്യത്തെ ഗോ സങ്കേതം തുടങ്ങി. കാമധേനു ഗോ അഭയാരണ്യമെന്ന പേരിൽ അഗർ മാൾവ ജില്ലയിൽ, രാജസ്ഥാൻ അതിർത്തിയോടു ചേർന്ന് 472 ഹെക്ടർ സ്ഥലത്തു വ്യാപിച്ചുകിടക്കുകയാണത്. മധ്യപ്രദേശ് ഗോസംവർധൻ ബോർഡ് ആണ് നടത്തിപ്പുകാർ. ഇവിടെ 6,000 പശുക്കളെ പരിപാലിക്കാനായിരുന്നു പദ്ധതി. പക്ഷേ, 4,000 തികയുംമുമ്പ് പ്രവേശനം നിർത്തേണ്ടിവന്നു. പണമോ പരിചരിക്കാൻ ആളോ ഇല്ലെന്നതാണ് കാരണം. ഇതിനു പുറമേ ബോർഡിനു കീഴിൽ 600 അംഗീകൃത ഗോശാലകളുണ്ട്. അവയിൽ 1.4 ലക്ഷം പശുക്കളുണ്ട്. 

പശു സംരക്ഷണ പദ്ധതികളിൽ ഒതുങ്ങുന്നില്ല കോൺഗ്രസിന്റെ വചൻ പത്രയെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ. സർക്കാരിനു കീഴിൽ പുതുതായി ആധ്യാത്മിക വിഭാഗം തുടങ്ങുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്കൃത വിദ്യാലയങ്ങൾ തുടങ്ങുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. നർമദയെയും നദിയോരത്തെ തീർഥ ഘട്ടങ്ങളെയും സംരക്ഷിക്കാൻ മാ നർമദ ന്യാസ് പദ്ധതി നടപ്പാക്കും. ഹിന്ദുമത വിശ്വാസികൾ

പുണ്യ നദിയായി കരുതുന്ന നർമദയുടെ സംരക്ഷണത്തിനായി ബി.ജെ.പി. നേരത്തേ നർമദാ സേവാ യാത്ര നടത്തിയിരുന്നു. കടുത്ത ബി.ജെ.പി. വിരോധിയെന്ന പ്രതിച്ഛായയുള്ള കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നർമദ പരിക്രമിലൂടെ 3,500 കിലോമീറ്റർ ദൂരമാണ് കാൽനടയായി താണ്ടിയത്. 
വനവാസക്കാലത്ത് ശ്രീരാമൻ സഞ്ചരിച്ചതായി കരുതുന്ന കേന്ദ്രങ്ങളെ കൂട്ടിയണക്കി രാമപഥമെന്ന തീർഥാടന പാതയൊരുക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. കോൺഗ്രസ് നേതാവ് ഹരിശങ്കർ ശുക്ലയുടെ നേതൃത്വത്തിലാണ് രാംപഥ് വൻ ഗമൻ യാത്രയെന്ന പദ്ധതി തയ്യാറാക്കിയത്. 

ഹനുമാൻ ഭക്തനെന്ന് അവകാശപ്പെടുന്ന പി.സി.സി. അധ്യക്ഷൻ കമൽനാഥ് തന്റെ മണ്ഡലമായ ചിന്ദ്‌വാഡയിൽ 110 അടി ഉയരമുള്ള ഹനുമാൻ പ്രതിമയാണ് സ്ഥാപിച്ചത്. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളും സന്ദർശിച്ചു കഴിഞ്ഞു. കൈലാസയാത്ര കഴിഞ്ഞെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഓംകാരേശ്വർ ജ്യോതിർ ലിംഗക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷമാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. ‘ശിവഭക്തന് സ്വാഗതം’ എന്നാണ് രാഹുലിനെ എതിരേൽക്കാൻ കോൺഗ്രസ് വെച്ച ബാനറുകളിൽ എഴുതിയിരിക്കുന്നത്. ‘‘പക്ഷേ, യഥാർഥ ഹിന്ദുത്വം കിട്ടാനുള്ളപ്പോൾ ആരെങ്കിലും അതിന്റെ പകർപ്പിനു പിന്നാലെ പോകുമോ?’’ -മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ചോദിച്ചു.