ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ വിജയക്കൊടി തിരികെനാട്ടി കോൺഗ്രസിന്റെ തേരോട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നടന്ന രാഷ്ട്രീയ ബലാബലത്തിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് കരുത്തുകാട്ടി. 

അഞ്ചിടത്തും ബി.ജെ.പി.ക്ക് കനത്ത പ്രഹരമേറ്റു. 2014-ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം ബി.ജെ.പി. േനരിടുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പു തോൽവികൂടിയാണിത്. ഒന്നരപ്പതിറ്റാണ്ടോളം ബി.ജെ.പി.യുടെ നെടും​കോട്ടയായിരുന്ന ഛത്തീസ്ഗഢ്‌ പിടിച്ചെടുത്ത കോൺഗ്രസ്‌, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്ക്‌ എത്തി. 
മിസോറമിൽ മാത്രമാണ് കോൺഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോൺഗ്രസിന്റെ 10 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയിൽ ആറുമാസം നേരത്തെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ തെലങ്കാന രാഷ്ട്രസമിതിയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. കോൺഗ്രസ്-ടി.ഡി.പി. സഖ്യത്തെ നിലംതൊടാനനുവദിക്കാതെ, കെ. ചന്ദ്രശേഖർ റാവുന്റെ ടി.ആർ.എസ്. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി.

 മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്‌  

 ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശിൽ 230-ൽ 115 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലേക്ക്  കഴിഞ്ഞതവണ മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പി.ക്കു കിട്ടിയത് 108 സീറ്റ്. 57 സീറ്റ് നഷ്ടം  കഷ്ടി ഭൂരിപക്ഷമായതിനാൽ രണ്ട്‌ സീറ്റ് കിട്ടിയ ബി.എസ്.പി. യുടെ നിലപാട് നിർണായകം  ഗ്രാമീണമേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബി.ജെ.പി.ക്കും മുന്നേറ്റം.  ഗ്രാമങ്ങളിൽനിന്ന് മാത്രം കോൺഗ്രസ് 94 സീറ്റ് നേടി. ബി.ജെ.പി.ക്കു ലഭിച്ചത് 86 എണ്ണം  നഗരങ്ങളിലെ 25 മണ്ഡലങ്ങൾ ബി.ജെ.പി.ക്കു കിട്ടിയപ്പോൾ കോൺഗ്രസിന് 19 എണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു

തെലങ്കാനയിൽ കെ.സി.ആർ.

 119 അംഗ നിയമസഭയിൽ 88 സീറ്റുമായി ടി.ആർ.എസ്. വീണ്ടും അധികാരത്തിൽ. മുഖ്യമന്ത്രിയും ടി.ആർ.എസ്. നേതാവുമായ കെ. ചന്ദ്രശേഖർറാവുവിന്റെ പ്രഭാവത്തിനുമുന്നിൽ കോൺഗ്രസ്‌ സഖ്യത്തിന്‌ പിടിച്ചുനിൽക്കാനായില്ല. കിട്ടിയത് 21 സീറ്റ്
 തെക്കേ ഇന്ത്യയിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമം ഇത്തവണയും പാളി. കിട്ടിയത് ഒരു സീറ്റ് മാത്രം. ഗജ്‌വെൽ മണ്ഡലത്തിൽനിന്ന് കെ. ചന്ദ്രശേഖർറാവു വിജയിച്ചു.

 രാജസ്ഥാൻ തിരിച്ചുപിടിച്ചു

 കഴിഞ്ഞതവണ കൈവിട്ടുപോയ ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു.  21 സീറ്റിൽനിന്ന് 99 സീറ്റിലേക്കായിരുന്നു കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ്‌. ആകെ 199 സീറ്റിലേക്കായിരുന്നു മത്സരം. ഘടകക്ഷികളുടേതുൾപ്പെടെ കോൺഗ്രസിന്‌ 101 സീറ്റ്‌.   2013-ൽ 163 സീറ്റുണ്ടായിരുന്ന ബി.ജെ.പി. 73 സീറ്റിലേക്ക് കൂപ്പുകുത്തി.  ബി.എസ്.പി.ക്ക് ആറുസീറ്റ് കിട്ടി  സി.പി.എം. രണ്ടു സീറ്റിൽ വിജയിച്ചു.   കോൺഗ്രസിന് കിട്ടിയ 99 സീറ്റിൽ 86-ഉം ഗ്രാമങ്ങളിൽനിന്ന്  ബി.ജെ.പി.ക്ക് ഗ്രാമീണ മേഖലയിൽനിന്നു ലഭിച്ചത് 56 സീറ്റ്.  സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ വിജയിച്ചു  ഒരു സീറ്റുള്ള രാഷ്ട്രീയ ലോക്ദൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.   കോൺഗ്രസ്‌ റിബലുകളായി മത്സരിച്ചു ​ജയിച്ച രണ്ടുപേരും പിന്തുണ അറിയിച്ചു.

 ഛത്തീസ്ഗഢ്  തൂത്തുവാരി

 ബി.ജെ.പി.യുടെയും മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം.  90-ൽ 68 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ
 2013-ലെ 49 സീറ്റിൽനിന്ന് വെറും 16 സീറ്റിലേക്ക് ബി.ജെ.പി. ഒതുങ്ങി
 12 മണ്ഡലങ്ങളിൽ ജയിച്ചത് കോൺഗ്രസിന്റെ പുതുമുഖങ്ങൾ  ദന്തേവാഡ ഉൾപ്പെടുന്ന ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് തരംഗം.  58 സീറ്റ്‌ ലഭിച്ചത്‌ ഗ്രാമങ്ങളിൽനിന്ന്
 ഫലം പുറത്തുവന്നതോടെ രമൺ സിങ് രാജിവെച്ചു

  മിസോറമിൽ തിരിച്ചടി  

 ഹാട്രിക് വിജയം നേടാമെന്ന കോൺഗ്രസ് സ്വപ്നം പൊലിഞ്ഞു
 ആകെയുള്ള 40 സീറ്റിൽ 26 എണ്ണം നേടി മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്) അധികാരത്തിലേക്ക്
 കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങി
 മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലാൽ തൻഹാവ്‌ല മത്സരിച്ച രണ്ടിടത്തും തോറ്റു
 വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഇതോടെ അധികാരം നഷ്ടമായി.

ജനവിധി വിനയപൂർവം അംഗീകരിക്കുന്നു.
ന്യൂഡൽഹി: ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അവരെ സേവിക്കാൻ അവസരം നൽകിയതിനു നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി. സർക്കാരുകൾ ജനക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനു കോൺഗ്രസിനെയും ചന്ദ്രശേഖർ റാവുവിനെയും അഭിനന്ദിക്കുന്നു.
- പ്രധാനമന്ത്രി നരേന്ദ്രമോദി

കർഷകരും യുവാക്കളും നൽകിയ വിജയം  
ന്യൂഡൽഹി: കർഷകരും യുവാക്കളും ചെറുകിട കച്ചവടക്കാരും ബിസിനസ് സംരംഭകരും നൽകിയ പിന്തുണയാണ് മൂന്നുസംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ചത്‌. കൃത്യമാർന്ന കാഴ്ചപ്പാടോടെ അതിനു പ്രതിഫലം നൽകുകയാണ് ലക്ഷ്യം. ജയിച്ച സംസ്ഥാനങ്ങളിലും തോറ്റയിടങ്ങളിലും വിഷമം പിടിച്ച സാഹചര്യങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ അധ്വാനിച്ചത്. ഇതു പ്രവർത്തകരുടെ വിജയമാണ്.
- രാഹുൽ ഗാന്ധി 

മധ്യപ്രദേശിൽ എ.കെ. ആൻറണിയെയും ചത്തീസ്‌ഗഢിൽ മല്ലികാർജുൻ ഖാർഗെയെയും കോൺഗ്രസ്‌ നിരീക്ഷകരായി നിയോഗിച്ചു. രാജസ്ഥാനിൽ ബുധനാഴ്ച ഗവർണറെ കാണുമെന്ന്‌ എ.ഐ.സി.സി. നിരീക്ഷകൻ കെ.സി. വേണുഗോപാൽ പറഞ്ഞു. മിസോറമിൽ സൊറംതങ്ങയെ എം.എൻ.എഫ്‌. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. 
2017 ഡിസംബർ 11-നാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ നിയോഗിക്കപ്പെട്ടത്‌. അതിന്റെ ഒന്നാംവാർഷികത്തിലാണ്‌ അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും ആത്മവിശ്വാസം ഏറെ ഉയർത്തുന്ന തിരഞ്ഞെടുപ്പു ഫലം.  മൂന്നു സുപ്രധാന സംസ്ഥാനങ്ങളിൽ നേടാനായ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് ആത്മവിശ്വാസം കൂട്ടും.

Content Highlight:  Five State Assembly Election