ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം യോഗി ആദിത്യനാഥാണ് വടക്കേയിന്ത്യയിലെ ബി.ജെ.പി. യുടെ താര പ്രചാരകരിൽ മുഖ്യൻ. മോദി കഴിഞ്ഞാൽ യോഗിയെയാണ് രാഷ്ട്രീയ പ്രചാരണത്തിന് നിയോഗിക്കുന്നത്. തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളിലൂടെ പാർട്ടിയണികളെ കൈയിലെടുക്കാൻ അദ്ദേഹത്തിന് പ്രത്യേകമമതയുമുണ്ട്. ഇക്കുറി അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും യോഗി താരപ്രചാരകനായി പങ്കെടുത്തു. എന്നാൽ ഈ മേഖലകളിൽ 50 ശതമാനത്തിലധികം സീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികൾ തോറ്റത് യോഗിക്ക് തിരിച്ചടിയായി.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി 70 റാലികളിലാണ് യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തിയത്. അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് ഛത്തീസ്ഗഢിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഹനുമാൻ ദളിതാണെന്ന് രാജസ്ഥാനിൽ പ്രസംഗിച്ചത് വാർത്താപ്രാധാന്യം നേടി. മധ്യപ്രദേശിൽ മുസ്‍ലിം വോട്ടുകൾ കോൺഗ്രസിന് പോകുന്നതിനെ വിമർശിച്ച് പ്രസംഗിച്ചതും വിവാദമായി.

എന്നാൽ രാജസ്ഥാനിൽ യോഗി പ്രസംഗിച്ച 21 മണ്ഡലങ്ങളിൽ 11 ഇടത്തും ബി.ജെ.പി. തോറ്റു. തെലങ്കാനയിൽ എട്ടിടത്താണ് യോഗി പ്രചാരണത്തിനെ ത്തിയത്. ഇതിൽ ഒരു സീറ്റിൽ മാത്രമാണ് ബി.ജെ.പി. ജയിച്ചത്. ഛത്തീസ്ഗഢിൽ പ്രചാരണത്തിന് യോഗി എത്തിയ 21 മണ്ഡലങ്ങളിൽ 15 സീറ്റിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. യു.പി.യുടെ അയൽ സംസ്ഥാനമായ മധ്യപ്രദേശിൽ മാത്രമാണ് അല്പം ആശ്വാസം; യോഗി പ്രസംഗിച്ച 17 മണ്ഡലങ്ങളിൽ ബി.ജെ.പിയ്ക്ക് 15 ഇടത്ത് ജയിക്കാൻ കഴിഞ്ഞു. ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല സംസ്ഥാന രാഷ്ട്രീയ ഫലങ്ങളെങ്കിലും പാർട്ടിയുടെ താരപ്രചാരകൻ എന്ന നിലയിൽ ഇത് യോഗിയ്ക്ക് ക്ഷീണമാണ്.

മായാവതി കൂടിയാലോചനയിൽ

ബി.എസ്.പിയുടെ പിന്തുണയോടെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചതോടെ മായാവതി ക്യാമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. അണികൾക്കും ഫലം ആവേശം നൽകുന്നതാണ്. മധ്യപ്രദേശിൽ കഴിഞ്ഞ തവണത്തേതിൽനിന്ന് രണ്ട് സീറ്റ് കുറഞ്ഞുവെങ്കിലും നിർണായക കക്ഷിയാകാൻ കഴിഞ്ഞു. രാജസ്ഥാനിൽ 2013-ൽ മൂന്ന് സീറ്റ് നേടിയ സ്ഥാനത്ത് ബി.എസ്.പി. ഇത്തവണ ആറിടത്ത് വിജയിച്ചു. ഛത്തീസ്ഗഢിൽ അജിത് ജോഗി സഖ്യം നേട്ടമുണ്ടാക്കിയില്ലെങ്കിലും ബി.എസ്.പിയ്ക്ക് ഒരു സീറ്റ് കൂടി. എന്നാൽ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും വോട്ട് ശതമാനം ചെറിയ തോതിൽ കുറഞ്ഞു. വിശാലസഖ്യവുമായി മുന്നോട്ടു പോകുന്നതിന് മായാവതിയെ നിർബന്ധിതയാക്കുന്നതാണ് ഫലം.

ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചുള്ള ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് വലിയ തിരിച്ചടി ലോക്‌സഭാ തെരഞ്ഞെടുപ്പ് നൽകുമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മധ്യപ്രദേശിൽ പ്രതീക്ഷിച്ച പ്രകടനം നേടാനായില്ലെങ്കിലും കോൺഗ്രസിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും അവർക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights; five state assembly election yogi adithyanath