ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിക്കുന്നത് തടയാൻ നോട്ടസാധുവാക്കൽ കൊണ്ട് സാധിച്ചില്ലെന്ന് മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത്.

നോട്ട് അസാധുവാക്കലിനുശേഷം തിരഞ്ഞെടുപ്പിൽ പണത്തിന്റെ ദുരുപയോഗം കുറയുമെന്നാണ് കരുതിയത്. എന്നാൽ, പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുനോക്കിയാൽ ആ ധാരണ തെറ്റാണെന്നു വ്യക്തമാകും. മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരേ സംസ്ഥാനങ്ങളിൽനിന്ന് പഴയതിലുമധികം പണം പിടിച്ചെടുത്തതായി മനസ്സിലാവുമെന്നും റാവത്ത് എ.എൻ.ഐ. വാർത്താ ഏജൻസിയോടു പറഞ്ഞു.

രാഷ്ട്രീയക്കാർക്കും അവർക്കു സഹായധനം നൽകുന്നവർക്കും പണത്തിനു ക്ഷാമമില്ലെന്നാണ് മനസ്സിലാവുന്നത്. തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്നത് പൊതുവേ കള്ളപ്പണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ അതു തടയാൻ നടപടിയൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ചയാണ് റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനമൊഴിഞ്ഞത്. പകരം സുനിൽ അറോറ സ്ഥാനമേറ്റു.