ന്യൂഡല്‍ഹി: മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന്റെ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഉച്ചയ്ക്ക് മൂന്ന് മണിക്കേ പ്രഖ്യാപനമുണ്ടാകുവെന്നാണ് അറിയിച്ചത്. 

എന്നാല്‍ രാജസ്ഥാനിലെ അജ്‌മേറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് ഒരു മണിക്ക് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് വാക്താവ് രന്ദീപ് സിങ് സുര്‍ജെവാലയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, ചണ്ഡീഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. തിയതി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരും.