ന്ത്യയുടെ നെല്ലറയാണ് ഛത്തിസ്ഗഡ്. ഞെട്ടേണ്ട.  23,500 ഇനം നെല്‍വിത്തുകളുണ്ട് ഛത്തിസ്ഗഡില്‍ ഇപ്പോഴും. എല്ലാ രോഗങ്ങള്‍ക്കും മുമ്പ് മരുന്ന് ഛത്തിസ്ഗഡില്‍ നെല്ലു തന്നെയായിരുന്നു. ഈ വിത്തുബാങ്കിന്റെ സംരക്ഷണത്തിന് പിന്നില്‍ ഡോ. റിചാരിയയുണ്ട്. 

റായ്പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ റിചാരിയ നെല്ലു ഗവേഷണ കേന്ദ്രമുണ്ട്. മലയാളിയായ ഡോ സുനില്‍ നായര്‍ക്കാണ് വിത്തുബാങ്കിന്റെ ചുമതല. 

ഹരിതവിപ്ലവം തുടങ്ങുന്ന കാലം. ഡോ ആര്‍.എച്ച്. റിചാരിയ ഇന്ത്യന്‍ നെല്ലു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. കൃഷിവകുപ്പ് അദ്ദേഹത്തെ പുറത്താക്കി. കാരണം റിചാരിയയുടെ നിലപാട് തന്നെ. പുതിയ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ പാടങ്ങളെ തകര്‍ക്കും. നെല്ലിന്റെ വൈവിദ്ധ്യം നശിക്കും. രണ്ടും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

അങ്ങനെ എക്കാലത്തേയും മികച്ച കാര്‍ഷിക ശാസ്ത്രജ്ഞന്‍ അജ്ഞാതനായി മടങ്ങി. അദ്ദേഹം പക്ഷേ വെറുതേയിരുന്നില്ല. റായ്പൂരിലെ പാടങ്ങളില്‍ അദ്ദേഹം അലഞ്ഞു. ബസ്തറിലും അംബികാപൂരിലും റായ്ഗഡിലുമൊക്കെ നെല്‍വിത്ത് തേടി. പിന്നെ ചരിത്രം. 

Nellu 02

എട്ടുകൊല്ലംകൊണ്ട്  ഡോ. റിചാരിയ ഒറ്റയ്ക്ക് കര്‍ഷകരില്‍നിന്ന് 17500 ഇനം  നെല്‍ വിത്തുകള്‍ ശേഖരിച്ചു.. അവയടക്കം  23, 500 തരം നെല്‍വിത്തുകള്‍ ഉണ്ട്  ഇന്ന് റായ്പൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍.

രണ്ടു ലക്ഷത്തില്‍ അധികം നെല്ലിനങ്ങള്‍ കൃഷി ചെയ്തിരുന്നു പണ്ട്  ഇന്ത്യയില്‍. വൈവിദ്ധ്യം പതിയെ ഇല്ലാതായി. ഹരിതവിപ്ലവം വന്നു. പുതിയ നെല്‍വിത്തുകള്‍ വിളവ് നല്‍കി. പക്ഷേ വളവും കീടനാശിനിയും വേണം. കര്‍ഷകന് ചെലവേറി. പാടങ്ങള്‍ ഊഷരമായി. ഇപ്പോള്‍ ജൈവകൃഷിയെ പറ്റി സര്‍ക്കാരുകള്‍ തന്നെ ചിന്തിക്കുന്നുണ്ട്. 

ഛത്തിസ്ഗഡിലെ നെല്ലറിവുകള്‍ അദ്ഭുതകരമാണ്. റായ്പൂര്‍ സര്‍വകലാശാലയിലെ റിസര്‍ച്ച് മധാവി ഡോ. എ.കെ. സരാവഗി പറയുന്നു. 'പതിനേഴ് തരം നെല്ലുകള്‍ സുഗന്ധവാഹികളാണ് ഛത്തിസ്ഗഡില്‍. എല്ലാ തരത്തിലുമുള്ള അരി ഇവിടെ കിട്ടും. വളറെ ചെറുതും വളരെ വലുതും വരെ. ബിഷ്ണുഭോഗ്, ധ്രുവ് രാജ്, തരുണ്‍ഭോഗ്, ജവാ ഫൂല്‍, ജീരാഫൂല്‍ എല്ലാം ഛത്തിസ്ഗഡിലെ സുഗന്ധം പകരുന്ന നെല്ലിനങ്ങളാണ്.' 

Nellu 03

തന്റെ വിത്തുശേഖരത്തെ പറ്റി അഭിമാനത്തോടെ കൂടുതല്‍ വിശദീകരിക്കുന്നു സുനില്‍ നായര്‍.  വിത്തുകള്‍ക്ക് പേരിടുന്നത് തന്നെ അതിന്റെ സവിശേഷത പരിഗണിച്ചാണ്. തേങ്ങിന്‍പൂക്കുല പോലെ നെല്ല് പൂക്കുന്ന ഇനത്തിന് പേര്  നാരിയല്‍ ഫൂല്‍. ഇതേ പോലുള്ള മറ്റൊരിനത്തിന് പേര് കേരാ ഫൂല്‍. ഏലച്ചി എന്ന ഇനത്തിന് ഏലത്തിന്റെ മണം. സോന്തിന് ചുക്കിന്റെ മണം. തുളസീ മോഗരയും തുളസിമഞ്ജരിയും തുളസീമാല പോലെ വിളയും. പാപിതയും പരിമളുമാണ് ചെറിയ ഇനങ്ങള്‍. നീളമുള്ള അരി ദോക്രാ ദോല്‍. ഒരേ നെല്ലില്‍ രണ്ടു അരിമണികളുള്ള നെല്ലിനമുണ്ട്. അതിന് പേര് രാംലക്ഷ്മണ്‍. 

ചില ഇനങ്ങള്‍ രോഗസംഹാരികളാണ്. ഉദാഹരണത്തിന് ജലദോഷം മാറാന്‍ ഛത്തിസ്ഗഡിലെ സോണ്ട് അരിയുടെ ചോറുണ്ടാല്‍ മതി. സന്ധിവേദന മാറാന്‍ ഘാട് വന്‍ എന്ന അരിയുണ്ട്. ഗര്‍ഭിണികള്‍ക്ക് മഹാരാജിയും ബേജാരിയും തുണയാകും. പ്രസവരക്ഷയ്ക്ക് ലായ്ച മതി. സുല്‍ധന്‍ കഴിച്ചാല്‍ ഏത് വയറുവേദനയും മാറും. ബൈസുലിന്റെ ഉമി കരിച്ച് പുക കൊണ്ടാല്‍ മൈഗ്രേന്‍ മാറും. ഇപ്പോള്‍ ഛത്തിസ്ഗഡിലെ പാടങ്ങളില്‍ കാന്‍സര്‍ പ്രതിരോധത്തിന് അരി തേടുകയാണ് താരാപ്പൂര്‍ ആണവകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. മൂന്നിനങ്ങള്‍ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു.

നെല്ലിലും നെല്ലോലകളിലുമുണ്ട് വൈവിദ്ധ്യം. ചുവന്ന അരിയുണ്ട്. വെളുത്ത അരിയുണ്ട്. ഹരിതകസമൃദ്ധി കാരണം പച്ച നിറത്തിലുള്ള അരി പോലുമുണ്ട് ഇവിടെ. ഏറ്റവും കൗതുകം കറുത്ത അരിയാണ്. പര്‍വത് കാല, രാഗിണി, ശ്യാമള എന്നീ ഇനങ്ങളില്‍ നെല്ലു തന്നെ കരിംനീലയാണ്. പാടത്ത് ഈ വിത്തിട്ടാല്‍ പച്ചനിറത്തില്‍ വളരുന്ന കള എളുപ്പം വേരോടെ പറിയ്ക്കാമെന്നതാണ് ഔഷധ ഗുണത്തിനും അപ്പുറം കരിനെല്ലിന്റെ ഗുണം.

നെല്‍പാടങ്ങളിലും മൊബൈല്‍ കാണാമെന്നതാണ് ഇത്തവണ തിരഞ്ഞെടുപ്പുകാലത്തെ ഛത്തിസ്ഗഡ് വിശേഷം. സ്ത്രീകള്‍ക്ക് മൊബൈല്‍ നല്‍കിയത് സര്‍ക്കാരിനെ പ്രിയങ്കരമാക്കുന്നു. പാടത്ത് പുരുഷന്മാര്‍ക്ക് 140 രൂപയും സ്ത്രീകള്‍ക്ക് 80 രൂപയുമാണ് കൂലി. മിക്കവാറും പാടങ്ങളില്‍ രണ്ട് തരം കൃഷിയുണ്ട്. സ്വന്തം ഉപയോഗത്തിനുള്ള വലിയ ഇനം നെല്ലും വില്‍ക്കാനുള്ള ചെറിയ ഇനവും. 

നെല്‍പാടങ്ങളും ഖനികളായി മാറുകയാണ്. അസാധാരണമായ സ്വത്താണ് നഷ്ടമാവുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ ഇന്ത്യന്‍ കര്‍ഷകര്‍ വളര്‍ത്തിയെടുത്ത പലതരം പച്ചപ്പുകളാണ്.