''കിളികളേ നിങ്ങള്‍ പോകുന്നത് എവിടേക്കാണ്
തകര്‍ന്ന വീടു കാണാനോ
മുറിച്ച ചില്ലയില്‍ ചേക്കാറാനാവുമോ
ഒപ്പമുള്ളവര്‍ ഏതേത് ആകാശങ്ങളിലാണ്''

തീര്‍ത്ഥാറാം പട്ടേല്‍ പാടിക്കൊണ്ടേയിരുന്നു. 

ഗാരേ പാര്‍മ കല്‍ക്കരിപ്പാടം. ഒഡിഷ അതിര്‍ത്തിയോട് അടുക്കുകയാണ് ഛത്തിസ്ഗഡ്. ഗ്രാമങ്ങളിലേക്ക് നീളുന്ന റോഡുകള്‍. നല്ല പാതകളാണിപ്പോള്‍ എല്ലായിടത്തും. രമണ്‍ സിംഗിനെ ജനപ്രിയനാക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഇതു കൂടിയാണ്. 

റായ്ഗഡിന്റെ കറുത്ത മാനം. ഞങ്ങള്‍ കോട്‌ക്കേലിലെക്ക് നീങ്ങി. പലവട്ടം കുടിയിറക്കപ്പെടുന്ന ഗ്രാമീണര്‍. ചെറുത്തുനില്‍പിന്റെ സമരപഥം. നിസ്സഹായതയുടേയും. 

അവിടെ കണ്ടതാണ് തീര്‍ത്ഥാറാമിനെ. ഡിഫാം കഴിഞ്ഞ ചെറുപ്പക്കാരന്‍. ചെറിയൊരു ഫാര്‍മസി നടത്തിയിരുന്നു. ഗ്രാമത്തില്‍ ഇനി മരുന്നുകട വേണ്ട. നാട്ടുകാര്‍ കുടിയൊഴിഞ്ഞിരിക്കുന്നു. 

kotkel 2

നാട്ടുകവലയിലെ പുളിമരത്തണല്‍. പ്രാചീനമായ ശിഖരങ്ങളെ മാനത്തേക്ക് വിടര്‍ത്തി മുത്തശ്ശി നിന്നു. താഴെ ചേത്  റാമിനെപ്പോലുള്ള നാട്ടുകാര്‍. മണ്ണു മെഴുകിയ തിണ്ണയില്‍ കുട്ടികള്‍ കല്ലു കളിച്ചു. 

ചേത്‌റാം പറഞ്ഞു. 'കാലിന്നടിയില്‍ ഞങ്ങള്‍ക്ക് ഖനനത്തിന്റെ മുഴക്കം അറിയാം. ഈ നാട് ഇനിയില്ല.' 

വീട്ടില്‍നിന്ന് പുറത്തേക്ക് ഝടുതിയാര്‍ന്ന ഒരു പാളി നോട്ടം പോലെ ഫൂല്‍മതി ദേവി വന്നു. മുളയഴികള്‍ വരഞ്ഞിട്ട ചതുരക്കട്ടകളുള്ള വേലി. അവര്‍ പറഞ്ഞു. 'കുടിക്കാനുള്ള വെള്ളം പോലും കറുത്തു പോയി.'

പ്രായത്തിന് മാത്രം പകരാവുന്ന പക്വതയില്‍ ചരണ്‍ ദാസ് പട്ടേല്‍ പറഞ്ഞു. 'സര്‍വത്ര രോഗങ്ങളാണ്. പാടത്ത്. പശുക്കള്‍ക്ക്, മനുഷ്യര്‍ക്ക്. എല്ലാം കറുത്തുപോയി. ഇനി തിരിച്ചു വരില്ല.' 

തീര്‍ത്ഥാറാം പറഞ്ഞു തുടങ്ങി. 'പരാതിയുമായി ഞങ്ങള്‍ പോകാത്ത ഇടങ്ങളില്ല. കളക്ടര്‍ക്ക്, പോലീസിന്, എം.എല്‍.എയ്ക്ക്, എം.പിക്ക്... എല്ലാം. ആരും പക്ഷേ ഞങ്ങള്‍ക്കൊപ്പമില്ല. എല്ലാവരും കമ്പനിക്കാര്‍ക്ക് വേണ്ടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് പുതിയ ഒരുപാട് കമ്പനികളിലേക്ക്. അത്ര മാറ്റമേ വന്നിട്ടുള്ളൂ ഇവിടെ. വരൂ, കാണിച്ചു തരാം കറുത്ത ചാലുകളെ.' 

ഞങ്ങള്‍ വേലികള്‍ക്കുള്ളിലേക്ക് നടന്നു. സാലവൃക്ഷങ്ങളും മഹുവ മരങ്ങളും മാവും പുളിയും മുരിങ്ങയുമൊക്കെ നിറഞ്ഞ പറമ്പുകള്‍. രണ്ടു കിലോമീറ്ററോളം ചെന്നപ്പോള്‍ തീര്‍ത്ഥാറാമിന്റെ വീടായി. അതിനും അപ്പുറം തോട് നിറഞ്ഞ് ഒഴുകുകയാണ്. കല്‍ക്കരിപ്പാടത്ത് നിന്നുള്ള കറുത്ത വെള്ളം.

kotkel 3

'തോടുകളിലൂടെ കാലാപാനിയാണ്. കൃഷി നശിക്കുകയാണ്. കുടിവെള്ളമില്ല. ആകെ വരുന്നത് പുതിയ രോഗങ്ങളാണ്. വൈകാതെ ഞങ്ങള്‍ക്ക് ഇവിടം വിട്ടുപോകേണ്ടി വരും.'
'തിരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ പ്രതിഫലിക്കും?'
'എല്ലാവരും ബി.ജെ.പിക്ക് തന്നെ വോട്ടു ചെയ്യും. രമണ്‍ സിംഗ് പോയാല്‍ അരി പോലും കിട്ടില്ല. മണ്ണു തിന്ന് ജീവിക്കാന്‍ പറ്റില്ലല്ലോ. രമണ്‍ സിംഗ് ജി എന്തെങ്കിലും  നല്ലത് ചെയ്യുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.' 

സ്വകാര്യവല്‍ക്കരിക്കപ്പെട്ട കല്‍ക്കരിപ്പാടങ്ങള്‍ ഗ്രാമങ്ങളെ വളയുകയാണ്. പണി പോയ കര്‍ഷകര്‍ പലായനത്തിലാണ്. മാവോയിസ്റ്റുകള്‍ക്ക്  മനസ്സിലാവാത്ത വിധം ഗ്രാമങ്ങള്‍ നഗരങ്ങളെ കീഴടക്കുകയാണ്.

അപ്പോഴും താനെഴുതിയ കവിത തീര്‍ത്ഥാറാം പട്ടേല്‍ ചൊല്ലിക്കൊണ്ടേയിരുന്നു. വിധുരമായി, കാലത്തിനോട്.
'കേട്ടുവോ തള്ളക്കിളിയെ പറ്റി 
നാരുകള്‍ക്കുള്ളിലെ 
ആ വെളുത്ത കുഞ്ഞുമുട്ടകള്‍
പറന്നുപോയോ ഉടഞ്ഞു പോയോ
എവിടേക്കാണ് കിളികളേ 
പറന്നുപറന്നുമായുന്നത്.'