ഭൂമി പരന്നതാണെന്ന് ഭാരതീയര്‍ക്ക് തോന്നിയിട്ടില്ല. വിശാലമായ തുറസ്സുകള്‍ അവരുടെ കണ്ണു തുറപ്പിച്ചിരിക്കണം. ഗംഗാ സമതലത്തില്‍, സിന്ധു തടത്തില്‍, പുല്‍മേടുകളില്‍, പീഠഭൂമികളില്‍ എല്ലാം. 

ബലോദിലെ ദുഃഖദായി ഗ്രാമം. അപരാഹ്നത്തിന്റെ അസാധാരണ ഭംഗി. തുറവിയുടെ തെളിമ. മുകളില്‍ ആകാശം മറ്റൊരര്‍ദ്ധഗോളമായി. മഴ  താഴേക്ക് വെള്ളനൂലിട്ടു. അന്നേരം കാലിക്കൂട്ടം കാഴ്ചയില്‍ നിരന്നു. ഞങ്ങള്‍ അവയുടെ അരികിലേക്ക് നീങ്ങി.

ചെറിയ തടാകം. വെള്ളം കുടിക്കാന്‍ കാലികളെ എത്തിച്ചതാണ് ഭരതും രാമാനന്ദും. ഇരുവരും യാദവന്മാര്‍. ഗ്രാമത്തിന് എന്തു കൊണ്ട് ദുഃഖദായി എന്ന് പേരു വന്നു എന്ന് ചോദിച്ചപ്പോള്‍ മറുപടി വന്നു. 
''പകലന്തിയോളം കാലി മേയിച്ചിട്ടും പട്ടിണിയല്ലേ സാബ്. വേറെന്തു പേര് വേണം നാടിന്.'' 

നൂറു കണക്കിന് കാലികളാണു മുന്നില്‍. പശുക്കളാണ് കൂടുതല്‍. ഉഴവുകാളകള്‍ കുറവാണ്. ആ ഗ്രാമത്തിന്റെ മുഴുവന്‍ കാലികളും അവിടെയുണ്ട്. അത്ര നേരം മേഞ്ഞു നടന്ന ആലസ്യത്തിലാണ് കാലികള്‍. ചിലത് വെള്ളം കുടിച്ചു. ചിലത് ചെവിയാട്ടി. തല കുലുക്കി. മണി മുഴങ്ങി. കാലി മേയ്ക്കുന്നതിന്റെ കൂലി ചോദിച്ചു. അപ്പോള്‍ അറിഞ്ഞു, പൗനി പസാരിയെ പറ്റി.

നാടുവാഴിത്ത കാലത്തെ കൂലിവ്യവസ്ഥയാണ് പൗനി പസാരി. കൂലി നിശ്ചയിക്കുന്നതും നല്‍കുന്നതും ഗ്രാമം തന്നെയാണ്. മുഴുവന്‍ പശുക്കളേയും നോക്കുന്നതിന് കൊല്ലത്തില്‍ ഒരിക്കലാണ് കൂലി. വിളവെടുപ്പ് കാലത്ത്. 

പശുപാലകനും കൊല്ലനും ക്ഷുരകനുമാണ് പ്രധാനമായും ഇപ്പോഴും പൗനി പസാരിയില്‍ പെടുന്നത്. ഒരേക്കര്‍ വിളവെടുത്താല്‍ പശുപാലകര്‍ക്ക് ആറു കാട്ട നെല്ലു കിട്ടും. ഒരു കാട്ട അളവില്‍ ഒരിടങ്ങഴിയേക്കാള്‍ തെല്ലു കൂടുതല്‍. ക്ഷുരകന് ഒമ്പത് കാട്ട. കൊല്ലന് ഇരുമ്പിന് അനുസരിച്ച് തെല്ലു കൂടുതല്‍. പശുപാലകന് ഓരോ പശുവില്‍നിന്നു മൂന്നു ദിവസത്തെ പാലിനും അവകാശമുണ്ട്.

തികച്ചും ഗ്രാമീണമായ സമ്പദ് വ്യവസ്ഥയില്‍ നാട് കൂട്ടായി നിന്ന ഓര്‍മ്മയാണ് പൗനി പസാരി. ബാര്‍ട്ടര്‍ വ്യവസ്ഥ നില നിന്ന വിനിമയ കാലത്തിന്റെ ബാക്കി. പണ്ട് കേരളത്തിലും  സമാനമായിരുന്നു കൂലി വ്യവസ്ഥ. തമ്പുരാന്റെ പടിക്കല്‍ ഓണത്തിനും വിഷുവിനും കാഴ്ചക്കുലയുമായി കാത്തു നിന്ന കാലം. 

pauni 02

അതേ കാലഘട്ടത്തിലാണ് ഛത്തിസ്ഗഡ് ഗ്രാമങ്ങള്‍. ഭരത് പറഞ്ഞു.
''ഇപ്പോഴാണ് ഒരു സ്‌കൂള്‍ വന്നത്. എട്ടു കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. മക്കളും പലയിടത്തായി കാലി മേയ്ക്കുന്നുണ്ട്. പേരക്കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. സ്‌കൂളില്‍ മാസ്റ്ററില്ല. ആശുപത്രിയില്‍ ഡോക്ടറില്ല. ജീവിതം ദുഖം മാത്രം.'' 

ചാവല്‍ബാബ എന്ന രമണ്‍ സിംഗിന് ഇത് നാലാമൂഴമാണ്. ഗ്രാമങ്ങളില്‍ മറ്റെന്നത്തേക്കാള്‍ കാറ്റ് രമണ്‍ സിംഗിന് അനുകൂലമാണ്. കാരണം ഒരു രൂപയ്ക്ക് ഒരു കിലോഗ്രാം അരി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ആ അരിയാണ് ഭരതനേയും രാമശ്രയനേയും പോലുള്ളവരുടെ അന്നം. ഗ്രാമങ്ങളില്‍ മാറ്റം കൊണ്ടു വരുന്നത് രമണ്‍ സിംഗാണ് എന്ന വിശ്വാസം കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിക്ക് കരുത്താകുന്നുണ്ട്.

ഓട്ടുമണി കിലുങ്ങുന്നു. പശുക്കളില്‍ ചിലത് കൂട്ടം തെറ്റുന്നു. പശുപാലകര്‍ നീങ്ങി. ഗ്രാമത്തിന്റെ പശുവാണ്. പൗനി പസാരിയില്‍ കൂലിക്കുറവ് വയ്യ. അന്നത്തിന്റെ വിലയാണ് കാലിച്ചുവടുകള്‍ക്ക്.