മേയാന്‍ വിട്ട പശുക്കള്‍ സായാഹ്ന സൂര്യനെ കണ്ട് തിരിച്ചു നടന്നു. തെരുവു നിറഞ്ഞ്. നൂറു കണക്കിന്. കഴുത്തിലെ മരമണി മുഴക്കി.  ആരോടും കലഹിക്കാതെ. ആരേയും ഗൗനിക്കാതെ.

ബലോദിലെ കാസഗോന്ധിയില്‍നിന്ന് ദംതരിയിലേക്ക് എത്തുകയായിരുന്നു ഞങ്ങള്‍. ദംതരിയില്‍ ചെന്നപ്പോഴേക്കും നേരം ഇരുട്ടി. രാത്രി കാംകേര്‍ ആയിരുന്നു ലക്ഷ്യം. പിന്നെ അത് ഉപേക്ഷിച്ചു. ബസ്തറിലേക്കുള്ള വഴി സുരക്ഷിതമല്ല. പ്രത്യേകിച്ചും രാത്രി. സംശയക്കണ്ണുകള്‍ കാണേണ്ടി വരും. പോലീസിന്റേയും പലപ്പോഴും നാട്ടുകാരുടേയും. ദംതരിയിലെ കോഹിന്‍ പാഡ ഗ്രാമത്തിലേക്ക് ഞങ്ങള്‍ തിരിച്ചു. 

ഗണേശോത്സവത്തിന്റെ തിരക്കിലാണ് ഗ്രാമീണര്‍. രാത്രികള്‍ തോറും ജാകി എന്ന കലാരൂപമുണ്ട്. ഹരികഥയും ബാലേയും  ചേര്‍ന്ന പുരാണനാടകം. ജാകി കഴിഞ്ഞപ്പോള്‍ രാത്രി രണ്ടു മണിയായി. ഗ്രാമ ചത്വരത്തിലെ ചാണകം മെഴുകിയ വീട്ടില്‍ കിടന്നുറങ്ങി.  

kohinpada 2

രാവിലെ എണീറ്റപ്പോള്‍ മുന്നില്‍ റോക്ക് ഗാര്‍ഡന്‍ കണ്ടു. പ്രകൃതി പണിതിട്ട വിസ്മയം. അവിടെയാണ് ഛത്തിസ്ഗഡിലെ ശബരിമല. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദംതരിയിലെ കാനനക്ഷേത്രം. കോഹിന്‍പാഡയിലെ കുവാര്‍ ദേവന്‍. മഴക്കാലം കഴിഞ്ഞിട്ടേയുള്ളൂ. നിറഞ്ഞ പച്ചപ്പുണ്ട് ഇപ്പോള്‍ കോഹിന്‍പാഡയില്‍. ഞങ്ങള്‍ കാട്ടില്‍ കടന്നു. കാട്ടുവള്ളികള്‍ വകഞ്ഞു മാറ്റി നടന്നു. കുനിന്‍ഗുദ്ര എന്ന ദേവസ്ഥാനത്തേക്ക്. 

കുവാര്‍ദേവന്റെ കാടാണ്. പ്രാചീനമായ മരങ്ങള്‍. ചിനുഹാ മരങ്ങളില്‍ കാറ്റു വീശി. സേമല്‍ വൃക്ഷങ്ങള്‍ക്ക് താഴെ വത്മീകങ്ങള്‍. മണ്‍പുറ്റുകളെ ആദരിച്ച് നാട്ടുകാര്‍ വഴി കാട്ടി. പണ്ടാരോ നടന്നുനടന്നുണ്ടായ ഒറ്റയടിപ്പാത. കാടു പടര്‍ന്നിരിക്കുന്നു. അധികമാരും വന്നിട്ടില്ല ഈയിടെയൊന്നും. 

ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ക്ക് ഉറച്ച വിശ്വാസമുള്ള മൂര്‍ത്തിയാണ് കുവാര്‍ദേവന്‍. കൊല്ലം തോറും പൂജയുണ്ട്. ഗ്രാമത്തില്‍ പുലി ഇറങ്ങുമ്പോഴും കുവാര്‍ദേവന് പ്രാര്‍ത്ഥനകളെത്തും. തേങ്ങയും മഞ്ഞച്ചോറും വഴിപാട്. പാതിയെരിഞ്ഞ ചന്ദനത്തിരികള്‍. ചകിരി കുറച്ച് മാത്രം മാറ്റിയ മുഴുത്തേങ്ങ ദേവസ്ഥാനത്ത് വച്ചിട്ടുണ്ട്. കഴിഞ്ഞ പൂജയുടെ ബാക്കി. ശബരിമലയില്‍ വാവര്‍ ഉള്ളപോലെ ഗോണ്ടുകളുടെ ദേവന് കൂട്ടായി ഠാക്കൂറിന്റെ പ്രതിഷ്ടയുണ്ട് ദേവന്റെ വലതു വശത്ത്. ദേവന്റെ സൈന്യാധിപന്‍. പഴയ സേനയുടെ ഓര്‍മ്മയ്‌ക്കെന്നോണം പീഠത്തില്‍ ചുട്ടെടുത്ത ചെറു കളിമണ്‍മൂര്‍ത്തികള്‍. 

വലിയൊരു ഗുഹയായിരുന്നു പണ്ട് കുനിന്‍ഗുദ്ര. അക്കാലം  കുവാര്‍ ദേവന്‍ പരിവാരവുമായി  ഇവിടേക്ക് എത്തി. കേദ്രയിലെ രാജകുമാരിയെ വേള്‍ക്കാന്‍.  പക്ഷേ തെല്ലു വൈകിപ്പോയി കുമാരന്‍. ദേവനെത്തും മുമ്പേ കുമാരിയുടെ വിവാഹം കഴിഞ്ഞിരുന്നു. രാജ്ഞി കുമാരനോട് ദേവസ്ഥാനത്ത് കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. ഇന്നും കാത്തിരിപ്പാണ് ദേവന്‍. രാജ്ഞിയുടെ വിളി കാത്ത്. ഗണപതിക്കല്ല്യാണം പോലെ. 

പണ്ട് വലിയൊരു ഗുഹയായിരുന്നു ദേവസ്ഥാനം എന്ന് നാട്ടുകാരനായ രാംഭുവന്‍ യാദവ്. 'ഈ പ്രതിഷ്ട ഈയിടെ വച്ചതാണ്. ഈ കല്ലുകള്‍ക്കിടയിലായിരുന്നു ഗുഹ. കണ്ടില്ലേ. മരങ്ങള്‍ വേരാഴ്ത്തി ഗുഹ മറയുന്നു. കല്ലുകള്‍ നടക്കുന്നു. ദേവന്റെ ഇച്ഛ. സ്ത്രീകള്‍ വരാറില്ല. വര്‍ജിതമാണെന്ന് എല്ലാവര്‍ക്കും അറിയാം.' 

വലിയ പേരാല്‍ വേരു പടര്‍ത്തിയിട്ടുണ്ട്. ശിലാപാളിയെ പിളര്‍ത്തിക്കൊണ്ട്. നാലഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വലുതും ചെറുതുമായ പാറകളാണ്. കാലിമേയ്ക്കാന്‍ പോകുന്ന ഗ്രാമീണര്‍ കടന്നു പോകാറുണ്ട് പാറക്കൂട്ടങ്ങളിലൂടെ. ഓരോ പാറയും ഓരോ ദൈവമാണ്. കുവാര്‍ദേവന്റെ അനുയായികള്‍. 

kohinpada 3

താഴെ ഗ്രാമത്തിലേക്ക് ഞങ്ങള്‍ തിരിച്ചു നടന്നു. കവലയിലെ കുമ്മട്ടിക്കടയ്ക്കു മുന്നില്‍ സ്ത്രീകള്‍ നില്‍ക്കുന്നു. അവരോട് ആരാഞ്ഞു. ചന്ദര്‍മതി ദേവി പറഞ്ഞു. 'അയ്യോ , കുവാര്‍ ദേവന്‍ ശക്തനാണ്. ഞങ്ങളാരും പോകാറില്ല. സ്ത്രീകള്‍ പോയാല്‍ പാമ്പിനേയും പുലിയേയും കാണും. ദേവന്‍ ആരേയും ഉപദ്രവിക്കാറില്ല. എന്നാല്‍ വല്ലാതെ പേടിപ്പിക്കും. പിന്നെ ഗ്രാമത്തില്‍ പുലി വരും.' 

വിശ്വാസത്തിന് തിടം വയ്ക്കുന്നുണ്ട് ഗ്രാമങ്ങളില്‍. അതിന്റെ മാത്രം ബലത്തില്‍ നിലനില്‍ക്കുകയാണ് കുവാര്‍ദേവന്റെ കാട്. രാത്രി വന്നാല്‍ തിളങ്ങാന്‍ കാത്തിരിക്കുന്ന മിന്നാമിനുങ്ങുകള്‍ക്ക് കൂടി കാവലായിക്കൊണ്ട്.