''മുഖമെവിടെ? ഞാന്‍ പകച്ചു ചോദിച്ചു,
മുനി പോല്‍ മൂകനായിരുന്നു ചങ്ങാതി''
വിഷ്ണു നാരായണന് നമ്പൂതിരിയുടെ വരികള്‍. ദണ്ഡകാരണ്യത്തിലെ കവലകളില്‍ ഈ കവിതയുണ്ട്. അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിമ വയ്ക്കാന്‍ കവലകളില്വച്ച പീഠങ്ങളില്‍ ഒരിടത്തും മുഖമില്ല. ഛത്തിസ്ഗഡിലെ ഗ്രാമചത്വരങ്ങളില്‍ അടല്‍ ചൗക്കുകളുണ്ട്. പണിതുയര്‍ത്തിയിട്ട് ഏഴാണ്ടാവുന്നു. പീഠങ്ങളില്‍ ഇനി വാജ്പേയിയുടെ മുഖം ഉയരും. മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി.
കൗതുകമാണ് അടല്‍ ചൗക്കിന്റെ കഥ. അടല്‍ ബിഹാരി വാജ്പേയിക്ക് ആദരവേകാനാണ് ചൗക്കുകള്‍. നിര്‍മ്മിച്ചത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്. അന്ന് വാജ്പേയിക്ക് അസുഖം കലശലായ കാലം. അക്കാലം വഴിക്കവലകളില്‍ വന്നതാണ് പീഠങ്ങള്‍.
ഛത്തിസ്ഗഡില്‍ 9820 വില്ലേജുകളുണ്ട്. എല്ലാ വില്ലേജുകളിലും അടല്‍ ചൗക്ക് പണിയും എന്നായി സര്‍ക്കാര്‍. പഞ്ചായത്തുകള്‍ ഇതിനായി പണം ചോദിച്ചു. അപ്പോള്‍ അടിസ്ഥാന വികസന ഫണ്ടില്‍നിന്ന് 20000 രൂപ വീതം വക മാറ്റി. മാവോയിസ്റ്റ് മേഖലയായ ദന്തേവാഡയില്‍ മാത്രം അടല്‍ ചൗക്ക് ഒഴിവാക്കി. പ്രതിമ തകര്ക്കപ്പെട്ടാലോ എന്ന ആശങ്കയില്‍. ബാക്കി 9000ല്‍ പരം അടല്‍ ചൗക്കുകള്‍ സംസ്ഥാനത്ത് നിരന്നു.
തലയില്ലാത്ത പ്രതിമകളാണ് അടല്‍ ചൗക്കുകള്‍. അടല്‍ ബിഹാരി വാജ്പേയി ജീവിച്ചിരിക്കേ പ്രതിമ വയ്ക്കുന്നത് അനുചിതമെന്നായി ചിന്ത. അതോടെ പീഠങ്ങള്വച്ച് സര്‍ക്കാര്‍ പിന്മാറി.
കാസഗോന്ധിയിലെ അടല്‍ ചൗക്ക്. അപരാഹ്നത്തിലേക്ക് പകരുകയാണ് പകല്‍. ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. മുക്കൂട്ടപ്പെരുവഴിയില്‍ പീഠമുണ്ട്. വിശംബര്‍ സാഹു പറഞ്ഞു
''അഞ്ചാറു കൊല്ലമായി ഇത് വച്ചിട്ട്. വാജ്പേയ്ജി ജീവിച്ചിരിക്കേ പ്രതിമ വയ്ക്കാന്‍ പാടില്ലല്ലോ. ഇനി പ്രതിമ വയ്ക്കും.''
ബിജെപിയുടെ പ്രവര്‍ത്തകനാണ് സാഹു. അടല്‍ജിയുടെ ആരാധകന്. എന്നാല്‍ ഒപ്പമുള്ള ദിലീപ് സാഹുവിന് പ്രതിഷേധമുണ്ട്. ''ഇത്ര നേരത്തേ പ്രതിമ വയ്ക്കാന്‍ പീഠം ഒരുക്കേണ്ടായിരുന്നു. റോഡും വീടും പണിയാനുള്ള പണമാണ് പാഴാക്കിയത്.''
ചെറുപ്പമാണ് ദീപക്. രമണ്‍ സിംഗിനോട് അത്ര പ്രതിപത്തിയില്ല. കോണ്‍ഗ്രസ് ഭരണം ദീപക്കിന് ഓര്‍മ്മയില്ല.
''അരി കിട്ടാന്‍ തുടങ്ങിയത് ഇപ്പോഴാണ്. മുമ്പിവിടെ സര്‍ക്കാര്‍ ഉണ്ടായിരുന്നോ?'' മുതിര്ന്നവരിലൊരാളുടെ തിരുത്ത്.
നല്ലവര്‍ ജയിക്കട്ടെ എന്നേ പറയാനുള്ളൂ പൊതുവേ നാട്ടുകാര്‍ക്ക്.
അന്തരിച്ച് അഞ്ചു നാള് കഴിഞ്ഞപ്പോള്‍ വാജ്പേയിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചിരുന്നു രമണ്‍ സിംഗ് സര്‍ക്കാര്‍. തലസ്ഥാനമായ നയാ റായ്പൂരിന് അടല്‍ നഗര്‍ എന്ന് പേരിട്ടു. പ്രതിപക്ഷത്തിനും എതിര്‍പ്പില്ല ഇക്കാര്യത്തില്‍. എന്നാല്‍ വികസന ഫണ്ട് വകമാറ്റുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. അത് വാജ്പേയിയെ അപമാനിക്കാനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
അപ്പോഴും അടല്‍ ചൗക്ക് കൗതുകമാണ്. ചൗക്ക് നവീകരിക്കാന്‍ 15,000 രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇനി ചൗക്കുകളില്‍ വാജ്പേയ് പ്രതിമ ഉയരും.