ജമാര പര്‍വതത്തോട് ചേര്‍ന്ന നാട്ടുപാത. എങ്ങും വയല്‍പ്പച്ച. രാത്രി പെയ്ത മഴ റായ്ഗഡില്‍ പൊടിയെ മെരുക്കി.
ഏക്താലിലേക്കുള്ള വഴി. ഛത്തിസ്ഗഡിലെ പിച്ചളഗ്രാമം. ഗജമാര പര്‍വതം കഴിഞ്ഞാല്‍ പിന്നെ ഒഡിഷയാണ്. നാട്ടുകാരുടെ മുഖങ്ങള്‍ക്കും ഒരു ഒഡിഷിച്ഛായ. 

ഏക്താല്‍ എന്നാല്‍ ഒറ്റക്കുളം എന്നും ഒരേ സ്വരം എന്നും അര്‍ത്ഥം. ഝാരാ അഥവാ ജോര്‍കാ വിഭാഗക്കാരാണ്  ഏക് താലിലെ മൂശാരിമാര്‍.  126 വീടുകളുണ്ടിവിടെ. ഗ്രാമത്തിലേക്ക് നാല് ഇടവഴികള്‍. മൂന്നാം വഴിയിലെ കൂരകളില്‍ ഉലകളുണ്ട്. ഉലഞ്ഞാടുന്ന ജീവിതങ്ങളും.

ആരും അറിയാത്ത നാടല്ല ഏക്താല്‍. കൊല്ലം തോറും ഛത്തിസ്ഗഡിന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ഗ്രാമം. പുരസ്‌കാരം കയറിച്ചെല്ലാത്ത വീടുകള്‍ ഒന്നു പോലും ഇല്ല ഇവിടെ. സംസ്ഥാന- ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ശില്‍പികള്‍. ദേവഗൗഡയും ഗുജ്‌റാളുമൊക്കെ പ്രധാനമന്ത്രിമാരായെന്ന് ഓര്‍ക്കുന്നത് ഒരു പക്ഷേ ഏക്താലിലെ ചുവരുകള്‍ മാത്രമാവണം. ചിത്രത്തില്‍ അവര്‍ക്കൊപ്പം ഉള്ളവര്‍ അവശരാണ്. പലരും കിടപ്പിലാണ്. 

ekthal02

ആദ്യത്തെ വീട്ടിലേക്ക് ചെന്നു. പിച്ചളക്കൊമ്പുള്ള രാജാക്കന്മാരുടെ പ്രതിമയുമായി സ്ത്രീകളെത്തി. ഏത് വീട്ടില്‍ ഇരുന്നാലും എല്ലാവരും വരും.  വിവിധ തരം പിച്ചള പ്രതിമകളുമായി. 

പിച്ചളപ്പാത്രം നിര്‍മ്മിക്കുന്നത് കാണണം. ദൃശ്യം പകര്‍ത്തണം. സത്യകുമാര്‍ ഝാര ഞങ്ങളെ കൊണ്ടു പോയി. ധനിറാം ഝോര്‍കയുടെ വീട്ടിലേക്ക്. ലോഹം ഉരുക്കുന്ന തീക്കുഴികള്‍ പലതുണ്ട്. പണി നടക്കുകയാണ്. ഗ്രാമത്തിലെ ഏറ്റവും നല്ല ആല.

ekthal03

ചുവരില്‍ പുരസ്‌കാരം വാങ്ങുന്ന സ്ത്രീ താഴെ ഇരുപ്പുണ്ട്. ധന്‍മതിദേബി. അവര്‍ പറഞ്ഞു തുടങ്ങി: 'ചോരാത്ത വീട് ഒന്നു പോലും ഇല്ല ഇവിടെ. എല്ലാരും ഞങ്ങളെ പറ്റിക്കുകയാണ്. പണിയെടുക്കാന്‍ മാത്രമേ ഞങ്ങള്‍ വേണ്ടൂ. പണം പിടുങ്ങാന്‍ വേറെ ആളുണ്ട്.' 

പലാശ്  ഝോറ പറഞ്ഞു: 'പുറത്ത് വില്‍ക്കുന്നതിന്റെ അഞ്ചിലൊന്നു പോലും ഞങ്ങള്‍ക്ക് തരില്ല. ഇപ്പോള്‍ ഞങ്ങളുടെ ശില്‍പങ്ങളും വേണ്ട. എല്ലായിടത്തുമുള്ളത് ഞങ്ങള്‍ക്കും വരച്ചു തരും. അതേ വേണ്ടൂ. മാസങ്ങള്‍ കഴിയും  പലപ്പോഴും പണം കിട്ടാന്‍.' 

അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം വേണമെന്ന് ആവശ്യപ്പെടുന്നു ധനിറാം. വായ്പ  കിട്ടാന്‍ പോയ കഥ ധനിറാം വിവരിച്ചു. രണ്ടു ലക്ഷം രൂപ വായ്പ. അപേക്ഷ പൂരിപ്പിക്കുന്നതിനടക്കം ഫീസ്. അവസാനം കയ്യില്‍ കിട്ടിയത് 1,73,000 രൂപ മാത്രം.

നാലു തരം മണ്ണു വേണം പ്രതിമ ഉണ്ടാക്കാന്‍. മണ്‍പ്രതിമയില്‍ മെഴുകു ചുറ്റണം. ആ മെഴുകിന്റെ ദ്വാരത്തിലാണ് പിച്ചള ഉരുക്കിയൊഴിക്കുന്നത്. മണ്ണ് തട്ടിക്കളഞ്ഞാല്‍ മെഴുകിന്റെ രൂപഭാവങ്ങളില്‍ പിച്ചളപ്രതിമ വിരിയും. 

ആദിവാസികളായി പരിഗണിക്കണം എന്നാണ് ഝോര്‍ക്കകളുടെ ആവശ്യം. അപ്പോള്‍ ബസ്തര്‍ മേളയിലെങ്കിലും പങ്കെടുക്കാം. തകര്‍ച്ചയിലാണ് വീടുകള്‍, രോഗങ്ങളും പട്ടിണിയുമാണ് ഏക്താലില്‍. ഭ്രാന്തന്‍ ഫൂല്‍റാമിന്റെ അലര്‍ച്ചകള്‍ മധ്യാഹ്നത്തെ അലട്ടി.

ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോള്‍ ലക്ഷ്മി വന്നു. ഒക്കത്ത് കുഞ്ഞുമായി. നിറഞ്ഞൊഴുകുന്ന മിഴികള്‍. അവര്‍ പറഞ്ഞു:
'ഭര്‍ത്താവടക്കം പലരേയും ആന്ധ്രയിലേക്ക് കൊണ്ടുപോയിരിക്കുന്നു. വിഗ്രഹമുണ്ടാക്കാനെന്ന് പറഞ്ഞ്.  ഇപ്പോള്‍ എല്ലാവരും ഇഷ്ടികക്കളങ്ങളിലാണ്. നിര്‍ബന്ധിത അടിമവേല. കുട്ടികളെ അടക്കം അടിച്ച് പണിയെടുപ്പിക്കും. രാമഗുണ്ടത്താണ് ഇഷ്ടികക്കളം.'
 
പരാതിപ്പെടാന്‍ പേടിയാണ്. പോലീസിനെ അറിയിച്ചാല്‍ അടി കിട്ടും. പോയവരെ ജീവനോടെ കാണാന്‍ പറ്റുമോ എന്ന് അറിഞ്ഞുകൂടാ. ആരോട് പറഞ്ഞാലും തട്ടിക്കളയുമെന്ന  ഭീഷണിയുണ്ട്. ഭയന്നരണ്ടിരിപ്പാണ് ഏക്താല്‍. ഞങ്ങള്‍ ആശ്വസിപ്പിച്ചു. പോലീസിനെ അറിയിച്ചു. പരാതിപ്പെടാന്‍ ഒപ്പം നിന്നു. 

മൂന്നു ദിവസം മുമ്പ് വിവരം കിട്ടി. പോലീസ് എല്ലാവരേയും തിരിച്ചെത്തിച്ചു. രണ്ട് പേരുടെ വിരലൊടിഞ്ഞിട്ടുണ്ട്. കുട്ടികള്‍ തീര്‍ത്തും അവശരാണ്. അതെ, ചില യാത്രകള്‍ സാര്‍ത്ഥകമാകുന്നത് ഇങ്ങനെയൊക്കെയാണ്.