പ്പു സത്യാഗ്രഹം 1932-ല്‍ ആയിരുന്നു. ഉപ്പു കുറുക്കാന്‍ ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് നടന്നു. കേരളത്തില്‍  പയ്യന്നൂരും കോഴിക്കോട്ടും ഒക്കെ സമരാവേശം അലയടിച്ചു. 

മധ്യപ്രദേശില്‍ കടലില്ല. അന്നേരം പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല ഗാന്ധിജിയുമായി ആലോചിച്ചു. തീരുമാനിച്ചു. മധ്യേന്ത്യയില്‍ അന്നു നടന്നത് വനസത്യാഗ്രഹമാണ്. കാടിന്റെ അവകാശം വിട്ടു കിട്ടാന്‍ വേണ്ടി.

പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല മധ്യപ്രദേശിന്റെ സ്വാതന്ത്യസമര നേതാവ്. ആദ്യം തിലകന്റേയും പിന്നെ അരബിന്ദോയുടേയും അവസാനം ഗാന്ധിജിയുടേയും അനുയായി. കോണ്‍ഗ്രസിന്റെ നേതാവായി. അവിഭക്ത മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി.
ആ പാരമ്പര്യം പക്ഷേ മക്കള്‍ പലപ്പോഴും കളഞ്ഞു കുളിച്ചു. മക്കളും അധികാരമേറി. കേന്ദ്രത്തിലും സംസ്ഥാനത്തും. എസ്.സി. ശുക്ലയും വി.സി. ശുക്ലയും. സഞ്ജയ് ഗാന്ധിയുടെ ഉറ്റ സുഹൃത്തായി വി.സി. ശുക്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പേ മാവോയിസ്റ്റ് ആക്രമണത്തില്‍ ജീരാംഘാട്ടിയില്‍ വച്ച് കൊല്ലപ്പെട്ടു.

koyla2
അവിഭക്ത ഇന്ത്യയുടേയും അവിഭക്ത മധ്യപ്രദേശിന്റെയും ചരിത്രത്തെ ഓര്‍മ്മിപ്പിച്ചത് തമാനാറാണ്. റായ്ഗഡിലെ കല്‍ക്കരിപ്പാടം. അവിടെ ഗാന്ധിയന്‍ സത്യാഗ്രഹം തുടരുന്നുണ്ട്. കേളോ നദിക്കരയില്‍ . കല്‍ക്കരി സത്യാഗ്രഹം.
ഈ ഗാന്ധി ജയന്തിയ്ക്കും നാട്ടുകാര്‍ അവിടെ സംഘടിച്ചു. പ്രതിജ്ഞയെടുത്തു. ഉപ്പിന് വേണ്ടി സമരം ചെയ്ത പോലെ. 
'കല്‍ക്കരി ഞങ്ങളുടെ അവകാശമാണ്.' 

റായ്ഗഡിലെ കുട്ടികളോട് പണ്ട് പരീക്ഷയ്ക്ക്  ചോദിച്ചു. 'ഇലകളുടെ നിറമെന്ത്?'
കുട്ടികള്‍ ഉത്തരമെഴുതി - 'കറുപ്പ്'
പരിഹസിക്കേണ്ട. പച്ച ഇലകള്‍ കണ്ടിട്ടില്ല റായ്ഗഡിലെ കുട്ടികള്‍. 

koyla3

പൊടിക്കാറ്റ് റായ്ഗഡില്‍ എത്തും മുമ്പേ തുടങ്ങുന്നു. പേരു പോലെ തന്നെ ദണ്ഡനകളാണ് ദണ്ഡകാരണ്യത്തില്‍. കാട് വെട്ടി ഖനി തുടങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് ദണ്ഡനയായി പൊടിക്കാറ്റ് വീശിയടിക്കും. വീടുകള്‍ക്ക് നിറം കറുപ്പ്. മരങ്ങള്‍ കറുപ്പ്. മാനത്തേക്ക് പുക പടര്‍ത്തുകയാണ് ഫാക്ടറികളുടെ പുകക്കുഴലുകള്‍. കല്‍ക്കരി ഖനികളില്‍ കാണാം മണ്ണിന്റെ പൊട്ടിത്തെറികള്‍. പുല്ലിന്റെ പച്ചപ്പ് കാണാന്‍ മഴ പെയ്യണം. അഭിശപ്ത പീഠഭൂമിയിലെ 36  ഖനിജങ്ങള്‍ക്കായി കോര്‍പറേറ്റുകള്‍ കറുത്ത മണ്ണിനെ സംസ്‌കരിക്കുകയാണ്.  

തമനാറിലെ കല്‍ക്കരിപ്പാടത്തും വിവിധ കമ്പനികളുണ്ട്. ഗേരാ ഗ്രാമം ഇതിനകം പല കമ്പനികളേയും കണ്ടു കഴിഞ്ഞു. ശാര്‍ദയും ജിന്‍ഡാലും ജയ്‌സ്വാളുമൊക്കെ. സ്വകാര്യവല്‍ക്കരിക്കപ്പെട്ട പാടങ്ങളിലേക്ക് വേദാന്ത പോലുള്ളവര്‍ ചുവടു വയ്ക്കുകയാണ്. കര്‍ഷകര്‍ പൊടി തിന്ന് മടുത്തിരിക്കുന്നു.

ഗേരാ ഗ്രാമം സമരം തുടങ്ങിയത് നിവൃത്തി കെട്ടാണ്. പരാഗണം നടക്കാത്ത പാടങ്ങളില്‍ വിളവു കുറഞ്ഞു. മഹുവാ മരങ്ങള്‍ പൂക്കാതായി. മാവു കായ്ക്കാതായി. കേളു നദിയില്‍ മീന്‍ ചത്തു പൊങ്ങി. നാട്ടുവൈദ്യനായ ഡോ. ഹരിഹര്‍ പട്ടേല്‍ തന്നെ വന്നു കണ്ട നാട്ടുകാരോട് പറഞ്ഞു.
'ആരും വിട്ടു കൊടുക്കരുത് ഒരിഞ്ചു ഭൂമിയും.' 

ഇന്ന് നാട്ടുകാര്‍ പറയുന്നു. 'ഞങ്ങള്‍ ഖനനം ചെയ്യാം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കല്‍ക്കരിയും തരാം. ഇപ്പോള്‍ ചെയ്യുന്ന പോലെ കണ്ണു തുറക്കും മുമ്പേ കയ്യേറിപ്പോകരുത്, കുന്നുകളും വയലുകളും.' 

കഴിഞ്ഞ പത്തു കൊല്ലമായി സമരമുണ്ട്. കല്‍ക്കരി സത്യാഗ്രഹം. ഗാന്ധിയന്‍ രീതിയില്‍. ഗാന്ധി പിറന്ന നാളില്‍ അടുത്തുള്ള ഗ്രാമങ്ങളെല്ലാം ഗേരായിലേക്ക് എത്തും. പ്രതിജ്ഞയെടുക്കും. 
'ഞങ്ങളുടെ മണ്ണില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് വിട്ടു തരിക.'
 
1973-ലാണ് ഇന്ദിരാഗാന്ധി കല്‍ക്കരി മേഖല ദേശസാല്‍ക്കരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നരേന്ദ്ര മോദി മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ചു. ഗ്രാമീണ വികസനം കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. ജിഡിപി വര്‍ദ്ധനയും. ഗ്രാമങ്ങള്‍ അതിവേഗം ഇല്ലാതാവുകയാണ്. കോരലിന്റെ  അളവേറുകയാണ്. 

ജാന്‍കിഭായ് റാട്ടി എന്ന വൃദ്ധയായ കര്‍ഷക സ്ത്രീ പറഞ്ഞു. 'മോനേ, ജീവിതത്തില്‍ എന്തൊക്കെ കണ്ടു. കഷ്ടപ്പാടും ദുരിതവും ചില്ലറയൊന്നുമല്ല. അപ്പോഴും പിടിച്ചു നിന്നത് ഈ പാടത്തെ നെല്ലും ഈ മരങ്ങളും ഒക്കെക്കൊണ്ടാണ്. ഇതും പോയാല്‍ പിന്നെ എന്തു ജീവിതം?' 

ഹരിഹര്‍ പട്ടേല്‍ പറഞ്ഞു. 'ഗ്രാമങ്ങളിലേക്ക് എത്തുമെന്ന് പറഞ്ഞ കോര്‍പറേറ്റ് ഫണ്ട് ഒരു രൂപ പോലും വന്നില്ല. വിദ്യാലയങ്ങള്‍ പൂട്ടി. ആശുപത്രികള്‍ മാറ്റി. പ്രധാനമന്ത്രി സഡക് യോജനയില്‍ പണിത റോഡിലൂടെ ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞു പോയി. എങ്കിലും ഞങ്ങള്‍ ചെറുത്തു നില്‍ക്കും.' 

ചെറുത്തുനില്‍പ്പ് ദുര്‍ബലമാവുകയാണ്. മറ്റെല്ലാ ഗാന്ധിയന്‍ രീതികളേയും പോലെ. കല്‍ക്കരി സത്യാഗ്രഹത്തിലും ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞു വരുന്നു. അപ്പോഴും ആരും ഭൂമി വില്‍ക്കുന്നില്ല. 

രക്ഷാബന്ധന്‍ നാളിലും ഇവിടെ നാട്ടുകാരെത്തും. മരങ്ങള്‍ക്ക് രാഖി കെട്ടാന്‍.