ന്യൂഡല്‍ഹി: ഹിന്ദി ഹൃദയമേഖലയില്‍ മൂന്നുസംസ്ഥാനങ്ങളില്‍ കരസ്പര്‍ശം പതിഞ്ഞതോടെ ഇനി കോൺഗ്രസ് ലക്ഷ്യമിടുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിന്റെ സമീപകാലപ്രവര്‍ത്തനങ്ങള്‍ പലതും ജനവിരുദ്ധമാണെന്ന് സാധാരണക്കാര്‍ക്കിടയില്‍ തോന്നലുണ്ടാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ തരത്തില്‍ത്തന്നെ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം നടത്താനാണ് തീരുമാനം. ഒപ്പം പ്രതിപക്ഷ ഐക്യത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുകവഴി, യു.പി.എ.യ്ക്ക് വീണ്ടും അധികാരത്തിലെത്താനാവുമെന്നും നേതൃത്വം കരുതുന്നു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽനിന്ന് ലോക്‌സഭയിലേക്ക് 30 സീറ്റെങ്കിലും നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 65 സീറ്റാണ് ഈ സംസ്ഥാനങ്ങളിൽ ആകെയുള്ളത്. ഇതിൽ 62 സീറ്റും 2014-ല്‍ ബി.ജെ.പി.ക്കായിരുന്നു. ഇത്തവണ ഈ വിജയം ആവർത്തിക്കാൻ ബി.ജെ.പി.ക്കാവില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. 180-ഓളം നിയമസഭാസീറ്റാണ് ഈ സംസ്ഥാനങ്ങളില്‍ ഇക്കുറി ബി.ജെ.പി.ക്ക് നഷ്ടമായിരിക്കുന്നത്. 2013-ല്‍ നേടിയതിന്റെ പകുതിയോളം നഷ്ടപ്പെട്ടു. കോണ്‍ഗ്രസാകട്ടെ നേടിയത് 163-ഓളം സീറ്റുകള്‍. 2013-നേക്കാള്‍ മൂന്നുമടങ്ങുവരുമിത്.

നിയമസഭാതിരഞ്ഞെടുപ്പിലെ കണക്കുകള്‍പ്രകാരം മധ്യപ്രദേശില്‍ 2014-ൽ നേടിയ 27 ലോക്‌സഭാസീറ്റിൽ പത്തിടത്ത് ബി.ജെ.പി.ക്ക് കാലിടറി. രാജസ്ഥാനില്‍ നേടിയ 25 സീറ്റില്‍ 13 ഇടത്ത് താഴേക്കുപോയി. ഛത്തീസ്ഗഢിലെ കണക്കുപ്രകാരം 11 ലോക്‌സഭാ സീറ്റില്‍ പത്തിടത്തും കോണ്‍ഗ്രസിനാണ് പിന്തുണ.

ഉത്തർപ്രദേശിൽ ബി.എസ്.പി.-സമാജ്‌വാദി പാർട്ടികൾ ഉൾപ്പെട്ട പ്രതിപക്ഷസഖ്യം യാഥാർഥ്യമായാൽ ബി.ജെ.പി.യുടെ നില പരുങ്ങലിലാകുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉത്തര്‍പ്രദേശ് തൂത്തുവാരിയെങ്കിലും, അന്ന് വെവ്വേറെ മത്സരിച്ച എസ്.പി., ബി.എസ്.പി., കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വോട്ടുവിഹിതം നോക്കിയാല്‍ ഇവരൊന്നിച്ചുനിന്നാല്‍ സംസ്ഥാനത്ത് പകുതിയിലധികം സീറ്റും നേടാമെന്നുകാണാം. യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരേ ജനരോഷമുണ്ടെന്നും അമ്പലരാഷ്ട്രീയംകൊണ്ടുമാത്രം ബി.ജെ.പി. രക്ഷപ്പെടില്ലെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ ബി.ജെ.പി.ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനാവില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കര്‍ണാടകയില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും ചേര്‍ന്നാലുള്ള വോട്ടുവിഹിതം 28 ലോക്‌സഭാസീറ്റുകളില്‍ 22-ഉം അവര്‍ക്ക് നേടിക്കൊടുക്കാന്‍ പര്യാപ്തമാണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റാണ് ബി.ജെ.പി. കര്‍ണാടകയില്‍ നേടിയത്. ഇവിടങ്ങളിലെല്ലാമായി 90-ലധികം സീറ്റുകള്‍ ബി.ജെ.പി.ക്ക് നഷ്ടപ്പെട്ടേക്കാമെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

content highlights: congress aims 2019 loksabha election