റായ്‌പുർ: ഛത്തീസ്ഗഢിലെ മാവോവാദി ശക്തികേന്ദ്രങ്ങളായ എട്ടുമണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. എന്നാൽ, വോട്ടു ചെയ്തവരുടെ വിരൽ അരിയുമെന്ന മാവോവാദി ഭീഷണിയെത്തുടർന്ന് നെട്ടോട്ടത്തിലാണ് നാട്ടുകാർ; വിരലിലെ വോട്ടിങ് മഷി മായ്ക്കാൻ. 60.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദാന്തേവാഡ ജില്ലയിൽ നിന്നാണ് ഇങ്ങനൊരു റിപ്പോർട്ട് വന്നത്.

ഇന്ദ്രാവതി നദിയുടെ തീരത്തുള്ള ഏഴ് പോളിങ് ബൂത്തുകൾ മാവോവാദി ഭീഷണിയെത്തുടർന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിരുന്നു. കിലോമീറ്ററുകൾ താണ്ടിയാണ് ആളുകൾ സമ്മതിദാനം നിർവഹിച്ചത്. ഇവരുടെ വിരലരിയുമെന്നാണ് ഭീഷണി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്നവർക്ക് സുരക്ഷയൊരുക്കുമെന്ന് ദന്തേവാഡ പോലീസ് ഓഫീസർ അഭിഷേക് പല്ലവ് പറഞ്ഞു. ഇവർക്ക് മാവോവദി ഭീഷണിയില്ലാതെ വോട്ടു ചെയ്യാനാണ് പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കുന്നത്.

18 നിയോജകമണ്ഡലങ്ങളിലായി നടത്തിയ ആദ്യഘട്ട വോട്ടെടുപ്പിൽ 76.28 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാൾ ഒരു ശതമാനം അധികമാണിത്.

Content Highlights:5 state elecction, Election 2018