ന്യൂഡല്‍ഹി: ചത്തീസ്ഗഢ് തിരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടന്ന മണ്ഡലമായിരുന്നു മുഖ്യമന്ത്രി രമണ്‍സിംഗ് മത്സരിച്ച രാജ്‌നന്ദ് ഗാവ്. 15 വര്‍ഷത്തിന് ശേഷം ആഞ്ഞടിച്ച കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ചത്തീസ്ഗഢിലെ ബി.ജെ.പി തുടച്ച് മാറ്റപ്പെട്ടപ്പോഴാണ് രമണ്‍സിംഗിനെ  കൈവിടാതെ രാജ്‌നന്ദ് ഗാവ് ബി.ജെ.പിക്കൊപ്പം നിന്നത്.

മുന്‍ ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി വാജ്‌പേയുടെ മരുമകളുമായ കരുണ ശുക്ല കോണ്‍ഗ്രസ് ടിക്കറ്റില്‍ രമണ്‍ സിംഗിനെതിരേ മത്സരിച്ചപ്പോഴാണ് മണ്ഡലത്തിന് ഗ്ലാമര്‍ പരിവേഷം ലഭിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കരുണ ശുക്ല ലീഡ് നിലയില്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് രമണ്‍സിംഗ് കൃത്യമായ ലീഡ് നിലനിര്‍ത്തുകയായിരുന്നു. നിലവില്‍ 8990 വോട്ടിന്റെ ലീഡാണ് രമണ്‍ സിംഗിനുള്ളത്.

നീണ്ട 32 വര്‍ഷത്തെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ചായിരുന്നു കരുണ ശുക്ല 2014-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലക്ഹാന്‍ ലാല്‍ സാഹുവിനെ 176,436 വോട്ടിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സാക്ഷാല്‍ രമണ്‍സിംഗിനെതിരെ തന്നെ മത്സരിക്കാനായി കരുണ ശുക്ല രാജ്‌നന്ദ് ഗാവിലെത്തിയത്. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ രമണ്‍ സിംഗിന് വിജയത്തിനപ്പുറം ഒന്നും ചിന്തിക്കാനുമുണ്ടായിരുന്നില്ല.

വര്‍ധിച്ച് വരുന്ന മാവോവാദി അക്രമങ്ങള്‍, മോദി വിരുദ്ധ അനുകൂല ഘടകങ്ങള്‍, 15 വര്‍ഷത്തോളമായുള്ള ബി.ജെ.പി സര്‍ക്കാരിനെതിരേയുള്ള ഭരണ വിരുദ്ധ പ്രചാരണങ്ങള്‍ എന്നിവയെല്ലാം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നതാണ് ചത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന  മുന്നറിയിപ്പ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ  സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച  തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതായിരിക്കും ചത്തീസ്ഗഢില്‍ നിന്ന് അടക്കം പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍.