അംബികാപുർ (ഛത്തീസ്ഗഢ്): ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാളെ പാർട്ടി തലപ്പത്തിരുത്താൻ കോൺഗ്രസിനാകുമോയെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജവാഹർലാൽ നെഹ്രുവിന്റെ ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധതയാണ് ‘ചായക്കടക്കാരൻ’ പ്രധാനമന്ത്രിയാവാനുള്ള കാരണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു മറുപടിയായാണ് മോദിയുടെ വെല്ലുവിളി.

കോൺഗ്രസ് തലപ്പത്തേക്ക് സാധാരണക്കാരെ കൊണ്ടുവരാൻ അവർ തയ്യാറല്ല, നെഹ്രുവിന്റെ കുടുംബത്തിൽ നിന്നുള്ളവരെയേ അവർ അതിനനുവദിക്കൂവെന്നും മോദി പറഞ്ഞു.

“നിങ്ങൾ ജനാധിപത്യത്തെ ബഹുമാനിക്കുന്നുവെങ്കിൽ ഒരു ചെറിയ കാര്യം ചെയ്യുക. ഒരു ചായക്കാരനോ മോദിയോ പ്രധാനമന്ത്രിയായത് നിങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസവും നയങ്ങളും ഭരണഘടനാപരമായ കടമകളും നെഹ്രുവും കാരണമാണെങ്കിൽ, അഞ്ചു വർഷത്തേക്കെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരു കോൺഗ്രസ് നേതാവിനെ പാർട്ടി അധ്യക്ഷനായി നിയമിക്കൂ. നെഹ്രുവിന് ജനാധിപത്യത്തോട് അത്തരത്തിലൊരു കടമയുണ്ടായിരുന്നെന്ന് ഞാൻ അപ്പോൾ സമ്മതിച്ചുതരാം.”-മോദി പറഞ്ഞു. ഛത്തീസ്ഗഢിലെ അംബികാപുരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബവാഴ്ചാ രാഷ്ട്രീയത്തിൽനിന്ന് പുറത്തുവരുന്നത് രാജ്യത്തിനു നല്ലതാണ്. എന്നാൽ, 125 കോടി ജനങ്ങളെയോ ബി.ജെ.പി.യെയോ ഒരു ചായക്കാരൻ പ്രധാനമന്ത്രിയാകുന്നതിനെയോ അംഗീകരിക്കാൻ കോൺഗ്രസിനാവുന്നില്ല. ഇതവരുടെ ജനാധിപത്യവിരുദ്ധ ചിന്തയുടെ ഫലമാണ്. അതിന്റെ ഖ്യാതിയും അവർ നെഹ്രുവിന് നൽകണം. കോൺഗ്രസിന്റെ നാലു തലമുറകൾ ഭരിച്ചിട്ടും അവർക്ക് നേട്ടങ്ങളൊന്നും പറയാനില്ല. എന്നാൽ, ഞങ്ങൾ ഭരിച്ച നാലു വർഷത്തിന്റെ റിപ്പോർട്ട് കാർഡ് ചോദിക്കുകയാണ് അവരിപ്പോൾ. ഓരോ ദിവസവും ഞങ്ങൾ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡ് നൽകിക്കൊണ്ടിരിക്കുകയാണ്.”-മോദി ആരോപിച്ചു.

‘നെഹ്‌റു: ദ ഇൻവെൻഷൻ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കുന്നതിനിടെ നവംബർ 13-നാണ് മോദിക്കെതിരേ തരൂർ ആഞ്ഞടിച്ചത്.