ലഖ്‌നൗ: ഛത്തീസ്ഗഢിൽ സർക്കാരുണ്ടാക്കാൻ, തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസുമായോ ബി.ജെ.പി.യുമായോ സഖ്യമുണ്ടാക്കില്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി വ്യക്തമാക്കി.

ഇരുപാർട്ടികളും കർഷക, ദളിത് വിരുദ്ധമാണ്.

അജിത് ജോഗിയുടെ ജെ.സി.സി.യുമായുള്ള സഖ്യത്തിൽ സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. അല്ലാത്തപക്ഷം ജെ.സി.സി.യോടൊപ്പം പ്രതിപക്ഷത്തിരിക്കാനാണ് താത്പര്യമെന്നും മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള 55 സീറ്റിൽ ജെ.സി.സി.യും 35 സീറ്റിൽ ബി.എസ്.പി.യും മത്സരിക്കുന്നു. ഇരുപതിനാണ് ഇവിടെ രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബർ 11-നാണ് വോട്ടെണ്ണൽ.