ഛത്തീസ്ഗഢ്‌ കുറിപ്പുകൾ

Chathigarhറായ്പുർ: കാൽവിരലുകളിൽ രണ്ടിഞ്ചു നീളം മാത്രമുള്ള  ചെറു ബ്ലേഡുകളും കെട്ടിവെച്ചാണ് അവർ കളത്തിലേക്കിറങ്ങുക. പിന്നീടങ്ങോട്ടൊരു ജീവന്മരണ പോരാട്ടമാണ്. കൊല്ലാനും ചാവാനും തയ്യാറായവർ തമ്മിലുള്ള പോരാട്ടം. അഞ്ചോ പത്തോ മിനിറ്റുമാത്രമാണ് ഒരു റൗണ്ട് നീണ്ടുനിൽക്കുക. എന്നാൽ, ഇത്തരത്തിലുള്ള 40-50 റൗണ്ടുകൾവരെ അവർ ചോരയൊഴുക്കും. ഒടുവിൽ എതിരാളിയെ വീഴ്ത്തി തലയെടുപ്പോടെ നിൽക്കുന്നവന്‌ പിന്നെ ലഭിക്കുന്നത്‌ രാജകീയ വരവേൽപ്പാണ്. ബസ്തറിലെ ഗോത്രവിഭാഗക്കാരുടെ സാംസ്കാരിക അടയാളമാണിത്. മുർഗാ ലഡായ്, അഥവാ കോഴിപ്പോര്...
തിങ്കളാഴ്ച പത്തുമണിക്കൂറോളം നീണ്ട വോട്ടെടുപ്പിനെ വിശേഷിപ്പിക്കാൻ ബസ്തറിൽ ഇതിലും മികച്ചതൊന്നില്ല. ആരു ജയിക്കുന്നുവോ അവർ ഭരിക്കും. രണ്ടു പോരാട്ടങ്ങളുടെയും അടിസ്ഥാനതത്ത്വം അതുതന്നെ. ഒരർഥത്തിൽപ്പറഞ്ഞാൽ ബസ്തറിലെ ഗോണ്ടി, ഹൽബി ഗോത്രവിഭാഗക്കാർക്ക്‌ വോട്ടെടുപ്പെന്നു പറഞ്ഞാൽ ചോരക്കളി തന്നെയാണ്. ഒരുവശത്ത്‌ മാവോവാദികളും മറുവശത്ത്‌ തിരഞ്ഞെടുപ്പ് കമ്മിഷനും അരയും തലയും മുറുക്കിയിറങ്ങുമ്പോൾ തങ്ങളുടെ ജനാധിപത്യാവകാശംപോലും വിനിയോഗിക്കാൻ പലവട്ടം ആലോചിക്കേണ്ടിവരുന്നതിന്റെ നിസ്സഹായത ബസ്തറിലെ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ കാണാം. മാവോവാദികളുടെ ബഹിഷ്‌കരണാഹ്വാനത്തിന്റെ വിജയവും പരാജയവും ആദ്യഘട്ട പോളിങ് ശതമാനം തീരുമാനിച്ചുകഴിഞ്ഞു.

കളി മാറും
ചൊവ്വാഴ്ചമുതൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ഇവിടെ മുഴങ്ങും. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളും (72) 20-നാണ്‌ പോളിങ് ബൂത്തുകളിലെത്തുക. അതിനുമുമ്പ്‌ ഛത്തീസ്ഗഢിനെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ മൂന്നുമേഖലകളായി തരംതിരിക്കേണ്ടതുണ്ട് -ബസ്തർ, റായ്പുർ, കോർബ. ബസ്തർ വനമേഖലയാണെങ്കിൽ, റായ്പുർ മൈതാനങ്ങളുടെ നാടാണ്. സംസ്ഥാനത്തിന്റെ ഊർജതലസ്ഥാനമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കോർബയാകട്ടെ കൽക്കരിപ്പാടങ്ങളുടെ ഭൂമികയും. വനപാതകളിലെ അപകടംപിടിച്ച കളി ഇനി മൈതാനങ്ങളിലേക്കും കൽക്കരിപ്പാടങ്ങളിലേക്കും മാറുമ്പോൾ അതൊരു ട്വന്റി 20 മത്സരത്തിന്റെ ആവേശമുണ്ടാക്കുമെന്നകാര്യത്തിൽ സംശയമില്ല. ആദ്യഘട്ടത്തിൽ ഗോണ്ടികളും ഹൽബികളുമായിരുന്നു വിധിതീരുമാനിച്ചതെങ്കിൽ രണ്ടാംഘട്ടത്തിൽ അത്‌ പൂർണമായും ഛത്തീസ്ഗഢികളാണ്.
മുൻതവണകളിലേതുപോലെ ബി.ജെ.പി.യും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും ഇതൊരു ദ്വിമുഖ പോരാട്ടമായി കാണാനാവില്ല. മുർഗ ലഡായ് നടക്കുന്ന റിങ്ങിനുപുറത്ത്‌ തങ്ങളുടെ അവസരവും ഭാഗ്യവും വരുന്നതുകാത്ത്‌ ചിലർ നിൽക്കാറുണ്ട്. ഇവിടെയത് അജിത് ജോഗിയും സംഘവുമാണ്.

കോൺഗ്രസിനെ തഴഞ്ഞാണ്‌ ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഢുമായി മായാവതി സഖ്യമുണ്ടാക്കിയത്. ആദ്യഘട്ടത്തിൽ ചില മണ്ഡലങ്ങളിൽ മാത്രമാണ്‌ സി.പി.ഐ. ഇവരോടൊപ്പം ചേർന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ എല്ലാ മണ്ഡലങ്ങളിലേക്കും അതു വ്യാപിച്ചുകഴിഞ്ഞു. ദളിത് വോട്ടർമാർക്കിടയിലെ സ്വാധീനം തനിക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിൽ മായാവതിയും മഹറുകളുടെയും സത്‌നാമികളുടെയും ഇടയിൽ തന്റെ കരുത്ത് തെളിയിക്കാൻ ജോഗിയും തുനിഞ്ഞിറങ്ങുമ്പോൾ ബി.ജെ.പി.ക്കും കോൺഗ്രസിനും തനിച്ച്‌ കേവലഭൂരിപക്ഷം നേടാനാകുമെന്നത്‌ ദിവാസ്വപ്നമായേക്കും.

കൂറുമാറ്റക്കാലം
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 18 മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും കോൺഗ്രസിനായിരുന്നു സ്വാധീനമെങ്കിൽ ഇനിയങ്ങോട്ടു കാര്യങ്ങൾ അങ്ങനെയല്ല. കഴിഞ്ഞതവണ ആദ്യഘട്ടത്തിൽ 12 സീറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാംഘട്ടത്തിലെ 72 സീറ്റുകളിൽ 43 എണ്ണവും കൈയടക്കിയാണ് 49 സീറ്റുകൾ നേടി ബി.ജെ.പി. കേവലഭൂരിപക്ഷം സ്വന്തമാക്കിയത്. അതിനാൽത്തന്നെ രണ്ടാംഘട്ടം കോൺഗ്രസിനുയർത്തുന്ന വെല്ലുവിളി ചെറുതല്ല. ബസ്തറിലെ ഗോത്രവിഭാഗക്കാർക്കിടയിൽ സ്വാധീനമുള്ള കോൺഗ്രസിന് ആദ്യഘട്ടത്തിൽ 2013-ലേതിനു സമാനമായ പ്രകടനം കാഴ്ചവയ്ക്കാനായാൽപ്പോലും രണ്ടാംഘട്ടത്തിൽ നില മെച്ചപ്പെടുത്താനായില്ലെങ്കിൽ സ്ഥിതി ദയനീയമാകും. പ്രത്യേകിച്ച് അജിത് ജോഗി നേടുന്ന വോട്ടുകൾ കോൺഗ്രസ് പാളയത്തിൽനിന്നുള്ള ചോർച്ചയാകുമെന്നതിനാൽ.

തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും കോൺഗ്രസ് തിരിച്ചടികൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം പതിവുരീതിയിൽത്തന്നെ, കൂറുമാറ്റത്തിലൂടെ. പാർട്ടി സംസ്ഥാന ഉപാധ്യക്ഷനും മുഖ്യമന്ത്രിപദത്തിലേക്ക് ഉയർത്തിക്കാണിക്കപ്പെടുന്ന ചുരുക്കംചില പേരുകാരിൽ ഒരാളുമായ ഘനറാം സാഹുവാണ് ഏറ്റവുമൊടുവിൽ കോൺഗ്രസിനുമേൽ ആണിയടിച്ച്‌ ബി.ജെ.പി.യിൽ ചേക്കേറിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്കുനൽകിയ ദുർഗ സിറ്റിയിൽ താൻ തൃപ്തനല്ലെന്നു കാണിച്ചാണ്‌ സാഹുവിന്റെ കൂറുമാറ്റം. എന്നാൽ, കോൺഗ്രസിനു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന പാർട്ടി സംസ്ഥാനാധ്യക്ഷൻ ഭൂപേഷ് ഭാഗലുമായുള്ള ഉൾപ്പോരാണ് ഇതിനുകാരണമെന്നാണ്‌ കോൺഗ്രസിനുള്ളിൽത്തന്നെ പ്രചരിക്കുന്നത്.
ഒരുമാസംമുമ്പ്‌ പാർട്ടി വർക്കിങ് പ്രസിഡന്റ്‌ രാംദയാൽ ഉയികേയും ബി.ജെ.പി.യിൽ ചേർന്നിരുന്നു. ഗോത്രവർഗ നേതാവായ തന്നെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.

രണ്ടാംഘട്ടത്തിലെ പ്രമുഖർ

അജിത്ത്‌ ജോഗി
മുൻ മുഖ്യമന്ത്രിയും ഒരു കാലത്ത്‌ കോ ൺഗ്രസ്‌ മുഖവുമായിരുന്ന അജിത്‌
ജോഗി ഇന്ന്‌ പക്ഷെ, കോൺഗ്രസിന്റെ എതിർപാളയത്തിലാണ്‌. പുതിയ ഒരു പാർട്ടിയുണ്ടാക്കി മത്സരിക്കുകയാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ ഛത്തീസ്‌ഗഢ്‌ ജനതാ കോൺഗ്രസ്‌ പാർട്ടിക്ക്‌ സത്‌നാമി വിഭാഗത്തിന്റെ പിന്തുണയുണ്ട്‌. ബി.എസ്‌.പി.യുടെയും. മാർവാഹിയിലാണ്‌ അദ്ദേഹം ഇക്കുറി മത്സരിക്കുന്നത്‌.

ഭൂപേഷ് ഭാഗൽ
മുഖ്യമന്ത്രിപദത്തിലേക്ക്‌ കോൺഗ്രസിന് ഉയർത്തിക്കാണിക്കാൻ സംസ്ഥാനത്തിപ്പോൾ ഭൂപേഷ് ഭാഗൽ കഴിഞ്ഞേ മറ്റാരുമുള്ളൂ. പാർട്ടിയിൽ ഭൂപേഷിനുള്ള സ്വാധീനമാണ് ഉയികെയെയും സാഹുവിനെയും പാർട്ടിവിടാൻ നിർബന്ധിതരാക്കിയത്. എന്നാൽ, അടുത്തകാലത്ത്‌ ഭൂപേഷിന്റെ പേരിലുള്ള വ്യാജ അശ്ലീല സി.ഡി. കേസ് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക്‌ മങ്ങലേല്പിച്ചിട്ടുണ്ട്. പാടൻ നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ.യായ ഭൂപേഷ് ഇത്തവണയും അവിടെനിന്നാണ്‌ ജനവിധിതേടുന്നത്.

ശ്രീചന്ദ് സുന്ദ്രാണി
ഉൾപ്പോര് രൂക്ഷമായതിനെത്തുടർന്ന്‌ വൈകിയാണ്‌ ശ്രീചന്ദിന്റെ സ്ഥാനാർഥിത്വം ബി.ജെ.പി. പ്രഖ്യാപിച്ചത്. ശ്രീചന്ദ് സിന്ധി വിഭാഗക്കാരനാണ്. അവർക്കിടയിൽ ശക്തമായ സ്വാധീനമുള്ള ശ്രീചന്ദിനെ ഇരുപത്തിയയ്യായിരത്തോളം സിന്ധികൾ താമസിക്കുന്ന റായ്പുർ സിറ്റി നോർത്തിൽനിന്ന്‌ മത്സരിപ്പിക്കാൻ ബി.ജെ.പി. തയ്യാറായതിന്‌ കാരണവും മറ്റൊന്നല്ല.

രാംദയാൽ ഉയികെ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോൺഗ്രസിന് ഇരുട്ടടിനൽകി ബി.ജെ.പി.യിൽ ചേക്കേറിയ ഈ മുൻ വർക്കിങ് പ്രസിഡന്റിന്‌ ബി.ജെ.പി. മുന്നോട്ടുവെച്ചത് ഗോത്രവർഗ, ദളിത് വിഭാഗങ്ങൾക്ക്‌ സ്വാധീനമുള്ള പാരലി-താനഖർ സീറ്റാണ്. ഉയികെയുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് നഷ്ടമുണ്ടാക്കുമെന്നകാര്യത്തിൽ സംശയമില്ല.

ഒ.പി. ചൗധരി
റായ്പുർ കളക്ടറായിരുന്ന ചൗധരി ഓഗസ്റ്റിലാണ് ആ സ്ഥാനം രാജിവെച്ച്‌ ബി.ജെ.പി.യിലെത്തിയത്. കോൺഗ്രസിന്റെ കുത്തകമണ്ഡലമായ ഖർസിയയിൽനിന്നാണ്‌ ചൗധരി ജനവിധിതേടുന്നത്. ബി.എസ്.പി. സ്ഥാനാർഥി വിജയ് ജയ്‌സ്വാൾ പരസ്യമായി കോൺഗ്രസ് സ്ഥാനാർഥി ഉമേഷ് പട്ടേലിന്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ഖർസിയയിൽ ചൗധരിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.