റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങും പരസ്യമായി അഴിമതിയില്‍ ഏര്‍പ്പെടുന്നവരാണെന്ന് രാഹുല്‍ ഗാന്ധി. ഇരുവരും തീരുമാനങ്ങളെടുക്കുന്നത് വ്യവസായികളായ സുഹൃത്തുക്കളുടെ അനുമതിയോടെയാണെന്നും രാഹുല്‍ ആരോപിച്ചു. ഛത്തീസ്ഗഢില്‍ വിവിധ തിരഞ്ഞെടുപ്പുറാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും രമണ്‍ സിങ്ങും മുതലാളിമാര്‍ക്കുവേണ്ടി മാത്രമാണ് ജോലിചെയ്യുന്നത്. മോദിക്ക് ഡല്‍ഹിയിലും രമണ്‍ സിങ്ങിന് ഛത്തീസ്ഗഢിലും പത്തുപതിനഞ്ച് വ്യവസായി സുഹൃത്തുക്കളുണ്ട്. എന്തുകാര്യം ചെയ്യുമ്പോഴും അവരോട് അനുവാദം ചോദിക്കും. ഇരുപതോളം വ്യവസായികളുടെ കടം എഴുതിത്തള്ളാന്‍ മൂന്നരലക്ഷം കോടി രൂപയാണ് മോദി ചെലവാക്കിയതെന്നും രാഹുല്‍ ആരോപിച്ചു. 

ജി.എസ്.ടി.യും നോട്ടുനിരോധനവുംപോലെ രാജ്യത്തിനു ദോഷംചെയ്ത നടപടി ചരിത്രത്തിലുണ്ടായിട്ടില്ലെന്നും മറ്റൊരു പ്രധാനമന്ത്രിയും സാമ്പത്തികമേഖലയെ ഇത്രത്തോളം തകര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള വനാവകാശനിയമങ്ങള്‍ ബി.ജെ.പി. സര്‍ക്കാര്‍ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.  

നോട്ട് അസാധുവാക്കലിന്റെ കാലത്ത് സാധാരണജനങ്ങള്‍ നീണ്ട വരിനിന്നപ്പോള്‍ ഒരു കള്ളപ്പണക്കാരനെപ്പോലും അവിടെയൊന്നും കാണാനായില്ല. നീരവ് മോദി, വിജയ് മല്യ തുടങ്ങിയ തട്ടിപ്പുകാര്‍ രാജ്യം വിട്ടുപോയി. കള്ളപ്പണമുണ്ടായിരുന്നവര്‍ നോട്ട് അസാധുവാക്കലിലൂടെ അത് വെളുപ്പിച്ചു. രമണ്‍ സിങ്ങിന്റെ മകന്റെ പേര് പാനമ രേഖയിലുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. റഫാല്‍ അഴിമതിയാരോപണവും രാഹുല്‍ ഉന്നയിച്ചു. രമണ്‍ സിങ്ങിന്റെ പേരിലുള്ള ചിട്ടിഫണ്ട് അഴിമതിയും അദ്ദേഹം ഓര്‍മപ്പെടുത്തി.