ജഗദല്‍പുര്‍: ഛത്തീസ്ഗഢിലെ ആദിവാസി യുവാക്കളെ മാവോവാദികളാക്കുന്നത് 'നഗരവാസികളായ മാവോവാദിക'ളാണെന്നും കോണ്‍ഗ്രസ് അവരെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്നും ബസ്തറിലെ ജഗദല്‍പുരില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയില്‍ അദ്ദേഹം ആരോപിച്ചു. ഛത്തീസ്ഢില്‍ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പുറാലിയാണിത്. 

പരിപാടിയില്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹുവിന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. നഗരത്തില്‍ ആഡംബരജീവിതം നയിക്കുന്ന മാവോവാദികളാണ് ഗ്രാമത്തിലെ ആദിവാസി യുവാക്കളുടെ ജീവിതം നശിപ്പിക്കുന്നത്. രാജ്യത്തെ സൈനികരും അവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാര്‍ മാവോവാദികളെ വിപ്ലവകാരികളായി കാണുന്നു, സംരക്ഷിക്കുന്നു.

 പലതവണ അധികാരത്തിലെത്തിയെങ്കിലും ആദിവാസികളുടെയും മറ്റ് അവഗണിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് അവരെ മനുഷ്യരായി പരിഗണിക്കാതെ, വോട്ടുബാങ്കായി മാത്രമാണ് കണക്കാക്കിയത്. സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ആദിവാസികളുടെ പ്രശ്‌നം മനസ്സിലാകില്ല. ബസ്തറിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ അവരെ പാഠംപഠിപ്പിക്കണം. തിന്മനിറഞ്ഞ മനസ്സുള്ള ഭീകരര്‍ എന്നാണ് മാവോവാദികളെ മോദി വിശേഷിപ്പിച്ചത്. 

പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നിട്ടും ആദിവാസികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചത് അടല്‍ ബിഹാരി വാജ്പേയിയാണ്. എന്‍.ഡി.എ. സര്‍ക്കാര്‍ 35,000 കോടി രൂപയുടെ ദേശീയപാതാ ശൃംഖലയിലൂടെ ഛത്തീസ്ഗഢിലെ 9000 ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചതായും പ്രധാനമന്ത്രി അറിയിച്ചു