റായ്‌പുർ: മാവോവാദികളെ വിപ്ലവകാരികൾ എന്നു വിശേഷിപ്പിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും രാജ്യസഭാംഗവുമായ രാജ് ബബ്ബർ. ഛത്തീസ്ഗഢിലെ മാവോവാദി പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കവെയാണ് ബബ്ബർ വിവാദ പരാമർശം നടത്തിയത്. മാവോവാദികളുടെ ‘വിപ്ലവം’ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ബബ്ബർ പറഞ്ഞു.

അവകാശങ്ങൾ എടുത്തുമാറ്റപ്പെട്ട ആളുകൾ, ദുരിതത്തിലായവർ, അവകാശങ്ങൾ കൃത്യമായി ലഭിക്കാത്തവർ, തങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതിനുവേണ്ടി ജീവൻ നൽകി പോരാട്ടം നടത്തുന്നു. എന്നാലും സർക്കാരും മാവോവാദികളും തോക്കെടുക്കുന്നതിലൂടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാവില്ല. അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് ചർച്ചകൾ നടത്തിയാൽ മാത്രമേ പരിഹാരമുണ്ടാവൂ -അദ്ദേഹം പറഞ്ഞു.

വിപ്ലവകാരികളെ കൈക്കൂലികൊടുത്ത് വരുതിയിലാക്കാൻ കഴിയില്ലെന്ന് ബബ്ബർ പറഞ്ഞു. മാവോവാദികൾ വിപ്ലവം നയിക്കുകയാണോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് മാവോവാദി പ്രസ്ഥാനം അവകാശങ്ങൾക്കുവേണ്ടി തുടങ്ങിയതാണെന്നായിരുന്നു മറുപടി.