റായ്പുര്‍: ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് തിരിച്ചടി. ഒരു മതവിഭാഗമായ സത്നാമി സമാജിന്റെ ഗുരു ബാല്‍ദാസും മകന്‍ ഖുശ്വന്ത് സാഹെബും അവരുടെ നൂറുകണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. 


 ഛത്തീസ്ഗഢില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രധാന വോട്ടുബാങ്കാണ് സത്നാമി സമാജ്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 14-16 ശതമാനം പേര്‍ സമാജിന്റെ അനുയായികളാണെന്നാണ് വിലയിരുത്തല്‍.
 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ബാല്‍ദാസിനെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കകമാണ് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം. സമൂഹത്തിലെ ആളുകളെ ബി.ജെ.പി. ആദരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ബാല്‍ദാസ്, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് അനുയായികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.


 ബാല്‍ദാസിന്റെ നീക്കത്തെ കോണ്‍ഗ്രസ് സ്വാഗതംചെയ്തു. ഏതെങ്കിലും മതനേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അത് തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കില്ലെന്ന് ബി.ജെ.പി. പറഞ്ഞു. 
 സത്നാമി സമാജിലെ മറ്റൊരു നേതാവായ രുദ്ര ഗുരു കോണ്‍ഗ്രസ് അംഗമാണ്. നവംബര്‍ 12-നാണ് സംസ്ഥാനത്തെ ഒന്നാംഘട്ട വോട്ടെടുപ്പ്.