റായ്പുര്‍: ഛത്തീസ്ഗഢില്‍ വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവായ സിപിഐ പ്രവര്‍ത്തകനെ നക്സലുകള്‍ കൊലപ്പെടുത്തി.

സുഖ്മ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ ഭാര്യ ബോദ്കോ ഗ്രാമ പഞ്ചായത്ത് അംഗമാണ്. കല്‍മു ധുര്‍വയെ വടികളുപയോഗിച്ച് ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു.

ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബര്‍ 12-ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുഖ്മയിലെ കോന്റ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്. നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടതാണ് കെന്റയും.