ത്ര ഭയാനകമായ തോല്‍വി സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിട്ടില്ല ഛത്തിസ്ഗഢില്‍ ബി.ജെ.പി. അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പിക്കിത് നവംബറിന്റെ നഷ്ടം. പല തലങ്ങളുണ്ട് ഈ പരാജയത്തിന്. ഒക്ടോബറില്‍ ഛത്തിസ്ഗഢില്‍ ചെന്നപ്പോള്‍ ഇത്രത്തോളം പ്രകടമായതേയില്ല ജനരോഷം. ബദല്‍ ഇല്ലെന്ന സങ്കടമാണ് പലയിടത്തും ഗ്രാമവാസികള്‍ പങ്കുവച്ചത്. ഒപ്പം അരി കിട്ടുന്നത് നിലയ്ക്കുമോ എന്ന സംശയവും. 

ഛത്തിസ്ഗഢിന് ഒറ്റമുഖമേയുള്ളൂ എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രമണ്‍ സിങ്. പോസ്റ്ററുകളിലെല്ലാം മോദിയുടേയും അമിത് ഷായുടേയും മുഖങ്ങള്‍. വികസന വാഗ്ധോരണികള്‍. ചത്വരങ്ങളില്‍ അടല്‍ജിയുടെ മുഖമില്ലാത്ത പീഠങ്ങള്‍. 

പുതുമ നശിച്ച് തുടങ്ങിയിരുന്നു ഗ്രാമീണര്‍ക്ക്. റായ്പുറിലെ ചെറുകിട കച്ചവടക്കാരാണ് അന്നേ ഉറപ്പിച്ച് പറഞ്ഞത്. ''ഇത്തവണ ബി.ജെ.പിക്കില്ല. നോട്ട് നിരോധിച്ചതോടെ അന്നം മുട്ടി. ജി.എസ്.ടി. കട പൂട്ടിക്കുന്നു. ബില്ലില്ലാത്ത കച്ചവടം കൊണ്ട് നേട്ടം ഞങ്ങള്‍ക്കല്ല. കടകള്‍ പൂട്ടുകയാണ്.'' 

അപ്പോഴും ഗ്രാമീണര്‍ മനസ്സു തുറന്നില്ല. സംശയക്കണ്ണിലൂടെ അവര്‍ മുഖം തന്നു. നഗരങ്ങളില്‍ പലയിടത്തും കുറേക്കൂടി ഉണ്ടായി തുറന്നുപറച്ചിലുകള്‍. എല്ലാം ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരേ. ''പെട്രോളിന് നൂറു രൂപയാക്കുന്നതാണോ വികസനം. ' ഭാര്യക്കും മക്കള്‍ക്കുമൊപ്പം റായ്പുറിലെ തടാകക്കരയില്‍ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിലീപ് സാഹു ചോദിച്ചു. ബിലാസ്പുരിലും റായ്ഗഢിലും എന്തിന് ദംതരിയിലും സര്‍ഗൂജയിലും വരെ ഇത് കേട്ടു.

വര്‍ഷങ്ങളായി നടപ്പാക്കാത്ത ശമ്പള പരിഷ്‌കരണത്തെ പറ്റി പറഞ്ഞത് വിജിലന്‍സ് ഉദ്യോഗസ്ഥനായ വിനോദ് സിങ്ങാണ്. മേലുദ്യോഗസ്ഥര്‍ക്ക് നടപ്പാക്കാത്ത ശമ്പള പരിഷ്‌കരണം കീഴുദ്യോഗസ്ഥര്‍ക്ക് നടപ്പാക്കിയതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന് പരാതി. തന്റെ ജൂനിയറിന് തന്നേക്കാള്‍ ശമ്പളം കിട്ടുന്ന വൈരുദ്ധ്യത്തെ പറ്റിയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിരാശ പ്രകടമാക്കി അദ്ദേഹവും കൂട്ടുകാരും.

ഖനിഗ്രാമങ്ങളില്‍ കടുത്ത എതിര്‍പ്പായിരുന്നു ബി.ജെ.പിക്കെതിരേ. പക്ഷേ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ട് എന്തു കാര്യം എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. കല്‍ക്കരി മേഖല സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ഉള്ളതും പോയി എന്ന ദുഃഖവും പങ്കുവച്ചു പലരും.

തെണ്ടു പത്തയാണ് ആദിവാസികളുടെ പ്രധാന വരുമാനമാര്‍ഗം. ബീഡിയില. മരത്തില്‍നിന്ന് വെട്ടിയിറക്കി കൊണ്ടു വരുന്നത് പ്രധാനമായും ഇടനിലക്കാരിലേക്കായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇതു വാങ്ങി വില്‍ക്കാന്‍ കോര്‍പറേഷന്‍ സ്ഥാപിച്ചു. താങ്ങുവില ഉയര്‍ത്തണമെന്നത് എക്കാലത്തേയും ആവശ്യം. ഏറെക്കാലത്തെ അസംതൃപ്തിക്ക് ശേഷം ആവശ്യം ഇത്തവണ സര്‍ക്കാര്‍ ചെവിക്കൊണ്ടു. കാംകേറിലും ജഗ്ദാല്‍പൂരിലും പക്ഷേ പരാതി നിലനിന്നു.

അടല്‍ വികാസ് യാത്രയും കഴിഞ്ഞ്  അമിത ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. നിലവിലുള്ള എം.എല്‍.എമാരില്‍ മിക്കവര്‍ക്കും അവര്‍ സീറ്റ് നല്‍കി. ജനങ്ങള്‍ക്ക് അവരോടുള്ള പേടി കലര്‍ന്ന ആദരവ് വോട്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. 

മറുവശത്ത് കോണ്‍ഗ്രസ് കുറേക്കൂടി പ്രതിപക്ഷമായി തെരുവില്‍ നിരന്നു. കോണ്‍ഗ്രസിനെ മാലിന്യമെന്ന് വിളിച്ച മന്ത്രി അമര്‍ അഗര്‍വാളിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ മാലിന്യമെറിഞ്ഞു. ബിലാസ്പുറിലെ കോണ്‍ഗ്രസ് ഓഫീസില്‍ വരെ കയറി പോലീസ് അടിച്ച് നിരത്തി. പിന്നാലെ പിസിസി പ്രസിഡന്റ് ഭൂപേഷ് ബാഗേലിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. മുമ്പൊരിക്കലും ഇല്ലാത്തത്ര ശക്തമായി അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചു.

സ്ത്രീകള്‍ക്ക് മൊബൈല്‍, ഒരു രൂപയ്ക്ക് അരി, മികച്ച റോഡുകള്‍, വിദൂരഗ്രാമങ്ങളില്‍ സോളാര്‍ വൈദ്യുതി. മാവോയിസ്റ്റുകളെ നേരിടാനാണെങ്കിലും നാട്ടില്‍ വന്ന കാര്യങ്ങള്‍ നേട്ടം നല്‍കുമെന്ന് ബി.ജെ.പി. വിശ്വസിച്ചു.ബസ്തര്‍ അടങ്ങുന്ന മാവോയിസ്റ്റ് മേഖലകളിലായിരുന്നു ഒന്നാം ഘട്ടം. 18 മണ്ഡലങ്ങള്‍. പതിവു പോലെ മാവോയിസ്റ്റുകള്‍ ആരും വോട്ടു ചെയ്യാന്‍ പോകേണ്ടന്ന് ഉത്തരവിട്ടു. ഇത്തവണ കല്‍പനയില്‍ ചെറിയ ഭേദഗതി കൂടി വന്നു. ''ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ആരും പോകണ്ട.'' ബിജെപിക്ക് വലിയ തിരിച്ചടിയായി നിര്‍ദേശം. ജീവനില്‍ കൊതിയുള്ളവര്‍ ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് കുത്തില്ലെന്ന അവസ്ഥയായി. 

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ പറഞ്ഞത് ഒറ്റക്കാര്യമാണ്. കാര്‍ഷിക കടം എഴുതിത്തള്ളും. മറ്റെന്തിനേക്കാള്‍ കര്‍ഷകന് പ്രതീക്ഷയായതും അതു മാത്രമാണ്. നവംബറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെ ഛത്തീസ്ഗഢ് ഇളകി മറിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രചാരണം വലിയ ഇളക്കങ്ങളുണ്ടാക്കി. റായ്പൂരിലെ മൈതാനമണ്ഡലങ്ങളില്‍ കൃഷിയായിരുന്നു പ്രധാനം. അതും നെല്‍ക്കൃഷി. നെല്ലിന് 1700 രൂപയാണ് ക്വിന്റലിന് ബി.ജെ.പി. സര്‍ക്കാരിന്റെ താങ്ങുവില. കോണ്‍ഗ്രസ് വന്നാല്‍ താങ്ങുവില 2500 രൂപയാക്കി ഉയര്‍ത്തും എന്ന് പ്രഖ്യാപിച്ചു.

ഇതാദ്യമായി ഛത്തിസ്ഗഢില്‍ സര്‍ക്കാരിന്റെ നെല്ല് സംഭരണം പാളി.  ഗ്രാമങ്ങളില്‍ പലയിടത്തും കര്‍ഷകര്‍ നെല്ല് സൂക്ഷിച്ചു. കോണ്‍ഗ്രസ് അധികാരമേറിയ ശേഷം വില്‍ക്കാന്‍ വേണ്ടി. ആ വോട്ടുകള്‍ ഇത്തവണ ബി.ജെ.പി. കൊയ്തില്ല. ഒന്നര പതിറ്റാണ്ടിന്റെ ഭരണവിരുദ്ധവികാരത്തിന് അങ്ങനെ പല തലങ്ങളുണ്ടായി. ഒപ്പം താമ്രധ്വജ് സാഹു എന്ന ദുര്‍ഗ് എം.പിയുടെ കടന്നുവരവും. 

ഇത്രനാളും ഛത്തിസ്ഗഢിലെ പ്രമുഖ നേതാവൊന്നും ആയിരുന്നില്ല താമ്രധ്വജ്. എന്നാല്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സാഹുവിന് ഭാഗ്യം നല്‍കി. മറ്റെല്ലായിടത്തും ബി.ജെ.പി. ജയിച്ചപ്പോള്‍ ദുര്‍ഗില്‍ താമ്രധ്വജ് ജയിച്ചു. ഏക കോണ്‍ഗ്രസ് എം.പിയായി മാറി. രണ്ടു വട്ടം നിയമസഭാംഗമായിട്ടുള്ള സാഹു ഒ.ബി.സി. കമ്മീഷന്‍ ചെയര്‍മാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി നേതാക്കളെ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് താമ്രധ്വജ് പുതിയ സാരഥിയായി. 

സാഹു വിഭാഗത്തില്‍ ഇതു വലിയ ചലനമുണ്ടാക്കി. എണ്ണ ആട്ടുന്നവരാണ് പരമ്പരാഗതമായി സാഹുക്കള്‍. എണ്ണ വ്യാപാരികളും. എള്ളില്‍നിന്നും കടുകില്‍നിന്നും മാത്രമല്ല മഹുവമരത്തിന്റെ കായ്കളാട്ടിയും എണ്ണ എടുക്കും ഛത്തിസ്ഗഢില്‍. 35 ശതമാനത്തോളം വരുന്ന സാഹുക്കള്‍ ഛത്തിസ്ഗഢിലെ പ്രബല സമുദായാണ്. ജി.എസ്.ടിയും നോട്ടു നിരോധനവും വലിയ തോതില്‍ ബാധിച്ച വിഭാഗമാണിത്. അതു കൊണ്ടു കൂടിയാണ് പരമ്പരാഗതമായി ബി.ജെ.പിക്കൊപ്പം നില്‍ക്കാറുള്ളവര്‍ ഇത്തവണ കൂറുമാറി. ആ ചക്കുകളില്‍ കോണ്‍ഗ്രസ് നാലും ആറും ആട്ടി.  ഒപ്പം ബാഗേലിന്റെ കുര്‍മി സമുദായവും കോണ്‍ഗ്രസിന് തുണയായി. 

അജിത് ജോഗി മാറിയത് ബി.ജെ.പിയോടുള്ള വെറുപ്പിനിടെ കോണ്‍ഗ്രസിനെ ബാധിച്ചില്ല.  2003-ല്‍ വി.സി. ശുക്ല എന്‍.സി.പിയുമായി വന്നപ്പോഴത്തെ പോലെ ജോഗിയും പിടിച്ചു 7.9% ശതമാനം വോട്ടുകളും അഞ്ചു സീറ്റുകളും. ബി.എസ്.പി. ജോഗിക്കൊപ്പം നിന്നു. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് ഇത്തവണ രണ്ടായി. പക്ഷേ കഴിഞ്ഞ തവണ നേടിയ 4.3% വോട്ട് ഇക്കുറി 3.9 ആയി കുറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കഴിഞ്ഞ തവണ അകലം 0.7 ശതമാനം മാത്രമായിരുന്നു. ബിജെപിക്ക് 41%. കോണ്‍ഗ്രസിന് 40.3% ശതമാനം. എന്നിട്ടും അന്ന് 49 സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടി. കോണ്‍ഗ്രസിന് 39 സീറ്റുകള്‍ കിട്ടി. ഇത്തവണ ഇരുപാര്‍ട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം 10 ശതമാനമായി. കോണ്‍ഗ്രസിന് മുന്‍ വര്‍ഷത്തേക്കാള്‍ 2.7% വോട്ട് കൂടുതല്‍ കിട്ടി. 43% ശതമാനം. ബി.ജെ.പിക്ക് വോട്ട് നില 33%. സീറ്റുകള്‍ കോണ്‍ഗ്രസിന് 68. ബി.ജെ.പിക്ക് 15.

വിജയം അറിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി മുമ്പെന്നത്തേക്കാള്‍ മികച്ച രാഷ്ട്രീയക്കാരനായി. ''എന്തൊക്കെ ചെയ്യരുത് എന്ന് ഞാന്‍ പഠിച്ചത് മോദിയെ കണ്ടാണ്. ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പഠിച്ചതും പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യത്തില്‍ നിന്നാണ്.'' 

ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് തിരിച്ചു പിടിച്ച സ്വാതന്ത്ര്യം പുത്തന്‍ കോര്‍പറേറ്റുകള്‍ കവരുന്നത് ഛത്തിസ്ഗഢിനോളം കണ്ട നാടില്ല. അവിടത്തെ ജനങ്ങളിലേക്കാണ് പുത്തന്‍ വാഗ്ദാനങ്ങളുമായി രാഹുല്‍ ചെന്നിട്ടുള്ളത്. നിവൃത്തിയില്ലാതെ വിശ്വസിക്കുകയാണ് അവര്‍. എന്നിട്ടും കഴിഞ്ഞ വട്ടത്തേക്കാള്‍ രണ്ടേമുക്കാല്‍ ശതമാനത്തോളം വോട്ടുകളേ പുതുതായി ആകര്‍ഷിച്ചിട്ടുള്ളൂ എന്നതോര്‍ക്കുക. എന്നാല്‍ ഒന്നര പതിറ്റാണ്ടായി രമണ്‍ സിങ് നല്‍കിയ നൈരാശ്യത്തേക്കാള്‍ എത്രയോ വലുതായിരുന്നു നാലരക്കൊല്ലത്തിനുള്ളില്‍ മോദി നല്‍കിയ നിരാശ.  മുന്‍വര്‍ഷങ്ങളെ പോലെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പി. സംസ്ഥാനങ്ങളെ അവഗണിക്കുന്നു എന്ന വാദം ഇത്തവണ ഉന്നയിക്കാനാവാതെ വിളറി നില്‍പായിരുന്നു ജനങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി.

ആത്മഹത്യ ചെയ്യുന്ന കര്‍ഷകന് ആത്മവിശ്വാസം പകരുകയെന്ന വലിയ ദൗത്യമാണ് കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടത്. മോദിയെ രാഷ്ട്രീയമായി കടന്നാക്രമിക്കാന്‍ കാണിക്കുന്ന വൈഭവം തീര്‍ച്ചയായും  രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വളര്‍ച്ചയാണ്.  പക്ഷേ ഇന്ത്യ കണ്ടിട്ടുള്ളത് മറ്റൊന്നാണ്. രാഹുല്‍ പറയുന്ന വിനയവും ധാര്‍ഷ്ട്യവും തന്നെ. രണ്ടും അധികാരത്തിന്റെ സന്തതികളാണ്. അടുപ്പത്തില്‍നിന്നും അകലത്തില്‍നിന്നും പിറക്കുന്ന ഇരട്ടക്കുട്ടികള്‍. 

അധികാരത്തെ വൈയക്തികമായും രാഷ്ട്രീയമായും മാറ്റി നിര്‍ത്തിയ മറ്റൊരു ഗാന്ധിയുണ്ട്. ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്ന് പറഞ്ഞ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. രാഹുല്‍ ഗാന്ധി ശരിക്കും പഠിക്കേണ്ടത് ഇനി ആ ഗാന്ധിയില്‍നിന്നാണ്. എന്തെന്നാല്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ചിതകളാണെങ്ങും. നിര്‍ഭാഗ്യവശാല്‍ അധികാരം ഒരിടത്തും അവന് തുണയാകുന്നതേയില്ല. 

content highlights: Chhattisgarh state assembly election result 2018