ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഇത്ര മൃഗീയ ഭൂരിപക്ഷം നേടുമെന്ന ഒരു അഭിപ്രായ സര്‍വേകള്‍ക്കും പ്രവചിക്കാനായിരുന്നില്ല. എന്തിനേറെ പറയുന്നു കോണ്‍ഗ്രസിനെ പോലും ഞെട്ടിക്കുന്ന ജനവിധിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഒരു കാലത്ത് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അജിത് ജോഗിയുടെ പാര്‍ട്ടിയുടെ സാന്നിധ്യമായിരുന്നു തിരിഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തിയിരുന്നതും ബിജെപിക്ക് ആശ്വാസം നല്കിയതും.
ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥായണ് യഥാര്‍ത്ഥത്തില്‍ ജോഗിയുടെ സാന്നിധ്യംമൂലം ബിജെപിക്കുണ്ടായിരിക്കുന്നത്. 2000-ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം കോണ്‍ഗ്രസിന്റെ ഏക മുഖ്യമന്ത്രിയായ ആളാണ് അജിത് ജോഗി. 2000 മുതല്‍ 2003 വരെയുള്ള ജോഗിയുടെ ഭരണത്തിന് ശേഷം രമണ്‍ സിങിന്റെ നേതൃത്വത്തില്‍ 15 വര്‍ഷത്തോളം ബിജെപിയുടെ അപ്രമാദിത്യമായിരുന്നു. 2013 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അജിത് ജോഗി ഒഴികെയുള്ള നേതാക്കളെ ഒന്നടങ്കം മാവോവാദി ആക്രമണത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ 2016-ലെ അജിത് ജോഗിയും കൈവിട്ടു. ബിജെപിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പേരിലായിരുന്നു ജോഗി കോണ്‍ഗ്രസ് വിട്ട് ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്.
2018-ല്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്ത്ഥിപോലുമില്ലാതായി കോണ്‍ഗ്രസിന്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കിങ് പ്രസിഡന്റിനെയടക്കം ബിജെപി റാഞ്ചിയെടുക്കുകയും ചെയ്തു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഒരു പ്രസക്തിയുമില്ല, ഞങ്ങളും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പു വരെ അജിത് ജോഗി അവകാശപ്പെട്ടത്. ആ കോണ്‍ഗ്രസാണ് ഇന്ന് 90-ല്‍ 67 സീറ്റും നേടിയിരിക്കുന്നത്. ജോഗിയുടെ രംഗപ്രവേശം കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി തങ്ങള്‍ക്ക് എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന് കരുതിയ ബിജെപിക്ക് യഥാര്‍ത്ഥത്തില്‍ ഇരട്ടിപ്രഹരമാണ് ഏറ്റിരിക്കുന്നത്. ഒപ്പം ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ ഒരു കറുത്ത കുതിരകളായി മാറി കിങ്മേക്കറാകാന്‍ സാധിക്കുമെന്ന ജോഗിയുടെ സ്വപ്നം എട്ട് നിലയില്‍ പൊട്ടുന്ന കാഴ്ചയും കണ്ടു. മൂന്ന് സീറ്റുകള്‍ മാത്രമാണ് ജോഗിയുടെ പാര്‍ട്ടിക്ക് നേടനായത്. ഇതാകട്ടെ ജോഗിയും ഭാര്യയും മരുമകളുമാണ് ജയിച്ച സ്ഥനാര്‍ത്ഥികള്‍. 49 സീറ്റുകളുണ്ടായിരുന്ന ബിജെപി 16 ലേക്കാണ് തകര്‍ന്നടിഞ്ഞത്.
അജിത് ജോഗി പോയതോടെ അകന്ന് നില്‍ക്കുകയായിരുന്ന ഒബിസി, ഒരു വിഭാഗം എസ്.സി.വോട്ടുകള്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസിനായി എന്നതാണ് ഛത്തീസ്ഗഢ് വിധിയിലെ പ്രധാനഘടകം. എസ്.സി വിഭാഗത്തിലെ സത്നാമി സമുദയക്കാരനാണ് അജിത് ജോഗിയെങ്കിലും അതില്‍ നിന്ന് നല്ലൊരു വിഭാഗത്തെ അടര്ത്തിക്കൊണ്ടുവരാന് കോണ്‍ഗ്രസിന് കഴിഞ്ഞു. സത്നാമി വിഭാഗത്തിലെ പ്രമുഖ ആചാര്യനായ ഗുരു ബാല്ദാസിനും മകന് ഖുഷ്വന്തും കോണ്‍ഗ്രസില്‍ ചേര്‍ന്നത് അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന ഒബിസി വിഭാഗങ്ങളും ജോഗി മാറിയതോടെ കോണ്ഗ്രസിലേക്കടത്തു.
2003-ല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് രമണ്‍സിങ് 15 വര്‍ഷം സംസ്ഥാനം ഭരിച്ചെങ്കിലും ഓരോ തവണയും വോട്ടിങ് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും ബിജെപിക്ക് കുറവുണ്ടായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് വന്‍ മാര്‍ജിനോടെ അത് മറികടക്കുകയും ചെയ്തു. 2003-ല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വ്യത്യാസം 13 സീറ്റുകളായിരുന്നെങ്കില്‍ 2008-ല്‍ 12 സീറ്റായും 2013-ല്‍ പത്തായും മാറി. പതുക്കെ പതുക്കെ അധികാരത്തിലേക്കടുത്ത കോണ്‍ഗ്രസ് 2018-ലെത്തിയപ്പോഴേക്കും ബിജെപി തകര്‍ത്ത് തരിപ്പണമാക്കുന്ന സ്ഥികതിയാണുണ്ടാക്കിയിരിക്കുന്നത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത അവസ്ഥയിലാണ് ഈ മുന്നേറ്റം നടത്തിയതെന്നത് കോണ്‍ഗ്രസിന് ഇരട്ടിമധുരം നല്കുന്നു.
കൂടാതെ കെയുള്ള 11 ലോക്സഭാ മണ്ഡലങ്ങളില്‍ പത്തിലും കഴിഞ്ഞ മൂന്ന് തവണയും ബിജെപി തൂത്തുവാരിയിരുന്നു. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. മാറിയ രാഷ്ട്രീയസാഹചര്യം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബാധിക്കുമോ എന്നത് ബിജെപി കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്.
വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്കെത്തുമ്പോള്‍ മുഖ്യമന്ത്രിയാരുകുമെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് കരുതുന്നത്. അതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ആകെയുള്ള എംപിയായ താമ്രധ്വജ് സാഹുവിനെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് മത്സരത്തിനിറക്കിയത്. കോണ്‍ഗ്രസ് ഒബിസി വിഭാഗത്തിന്റെ തലവന്‍കൂടിയായ സാഹുവിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറെ സാധ്യതകല്‍പ്പിക്കുന്നത്. ഒബിസിയിലെ പ്രബലമായ വിഭാഗമാണ് സാഹു സമുദായം. കൂടാതെ ഛത്തീസ്ഗഢ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബഗല്‍, പ്രതിപക്ഷ നേതാവ് ടി.എസ് സിങ് ദിയോ, മുന്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹന്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്.
Content Highlights:Chhattisgarh election-ajit jogi-bjp-congress