ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രൂപീകരിച്ച മായാവതി-അജിത്‌ജോഗി സഖ്യത്തെ ബി.ജ.പിയുടെ ബി.ടീം എന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ദളിത് മേഖലയിലെ സ്വാധീനം സ്വപ്‌നം കണ്ട് സഖ്യമുണ്ടാക്കുമ്പോള്‍ അത് തങ്ങളുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കുമോ എന്ന വലിയ ആശങ്കയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. ഒരു ഐക്കണ്‍ ഇമേജ് എന്ന നിലയില്‍ ഒരു നേതാവിനെ എടുത്തുകാട്ടാന്‍ പോലുമില്ലാതെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായി മാറുകയും ചെയ്തു.  

ബി.സ്.പിയുടെ പിന്തുണ ഉണ്ടായിട്ടും അജിത്ത് ജോഗിക്ക് സ്വന്തം മണ്ഡലമായ മര്‍വാഹി ഒഴികെ മറ്റെവിടേയും  ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ദളിത് മേഖലയില്‍ നിര്‍ണായക സ്വാധീനമായിരുന്ന മായാവതിയുടെ ബി.എസ്.പിയെ ചിത്രത്തിലില്ലാതെ രീതിയില്‍ തുടച്ച് നീക്കുകയും ചെയ്തു ഈ തിരഞ്ഞെടുപ്പ്. 

വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യ മിനിറ്റ് മുതല്‍ ഇതുവരെ ഒരു മണ്ഡലത്തില്‍ പോലും മായാവതിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അജിത് ജോഗിയുടെ ചത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ്(ജെ.സി.സി)-ബി.എസ്.പി-സി.പി.ഐ സഖ്യം ചുരുങ്ങിയത് 22 സീറ്റെങ്കിലും നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് അജിത് ജോഗി അടക്കമുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ഒരു സീറ്റില്‍ മാത്രം സഖ്യം ഒതുങ്ങിപ്പോവുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ഛത്തീസ്ഗഢിലെ ഏറ്റവും നിര്‍ണായക മേഖലയായ 24 സീറ്റുള്ള ബിലാസ്പുരായിരുന്നു ബി.എസ്.പി-ജെ.സി.സി-സി.പി.ഐ സഖ്യം കണ്ണ് വെച്ചിരുന്നത്. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഇവിടെ കോണ്‍ഗ്രസ് 11 സീറ്റും, ബി.ജെപി 12 സീറ്റും നേടിയിരുന്നു. ശേഷിച്ച സീറ്റ് ബി.എസ്.പിയും നേടി. ബി.എസ്.പിയോടൊപ്പം ചേര്‍ന്നാല്‍ ഇത്തവണ ഇവിടേയുള്ള വോട്ട് കൃത്യമായി പെട്ടിയിലാക്കാമെന്നായിരുന്നു ജോഗിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ബി.എസ്.പി -ജെ.സി.സി-സി.പി.ഐ സഖ്യം നിഷ്പ്രഭമായി. 

എങ്കിലും  2003 മുതല്‍ ജോഗി കൈവശം വെച്ചിരുന്നതും 2013-ല്‍ മകന്‍ അമിത് ജോഗി  കൈവശം വെച്ചതുമായ മര്‍വാഹി മണ്ഡലത്തില്‍ ഇത്തവണ കൃത്യമായ ലീഡ് നില നിലനിര്‍ത്താന്‍ ഇതുവരെ അജിത് ജോഗിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ആശ്വാസമാണ്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ഥി അര്‍ച്ചന പോര്‍ട്ടെക്കെതിരേ അജിത് ജോഗി 21644 വോട്ടിന്റെ ലീഡാണ്  നിലനിര്‍ത്തിയിരിക്കുന്നത്. 

കുറഞ്ഞത് 22 സീറ്റെങ്കിലും തങ്ങള്‍ നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്നെ അജിത്‌ജോഗി-മായാവതി സഖ്യം ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷെ സഖ്യം ഫലമുണ്ടായില്ല എന്നത് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ചത്തീസ്ഗഢില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്ന അജിത് ജോഗിയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാവുകയും ചെയ്തു.