ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢില്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ബി.ജെ.പി തകര്‍ന്നടിഞ്ഞപ്പോള്‍ രമണ്‍സിംഗ് എന്ന ജനകീയനായ നേതാവിന്റെ വിശ്വാസ്യതയാണ് സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെട്ടത്. 'രമണ്‍ പര്‍ വിശ്വാസ്, കമല്‍ ദംഗ് വികാസ്' എന്ന ബി.ജെ.പി  മുദ്രാവാക്യത്തെ ജനങ്ങള്‍ നിഷ്‌കരുണം തള്ളി. നിലവിലെ ഫല സൂചനകള്‍ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ 65 സീറ്റിനെതിരെ 17 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞത്. 

15 വര്‍ഷത്തെ ഭരണതുടര്‍ച്ച സ്വപ്‌നം കണ്ട് സംസ്ഥാനത്തുടനീളം വികാസ് യാത്ര നടത്തിയ രമണ്‍സിംഗില്‍ ഏറെ പ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക്. അതുകൊണ്ടു തന്നെ മോദി ഇഫക്ട് എന്നതിലപ്പുറം രമണ്‍ സിംഗ് ഇഫക്ട് സംസ്ഥാനത്ത് കൃത്യമായി വോട്ടായി മാറുമെന്നായിരുന്നു നേതാക്കളുടേയും പാര്‍ട്ടിയുടേയും പ്രതീക്ഷ. തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ പ്രചാരണങ്ങളില്‍ മോദിയും അമിത്ഷായുമൊന്നും സജീവമായി ഇടപെടാതിരുന്നതും ഈ രമണ്‍സിംഗ് ഇഫക്ടില്‍ വിശ്വസിച്ചായിരുന്നു. പക്ഷെ വികാസ് യാത്ര നടത്തിയത് കൊണ്ട് മാത്രം വോട്ടുകള്‍ പെട്ടിയാലാക്കാന്‍ കഴിയില്ല എന്ന തരത്തിലേക്കുള്ള തിരിച്ചറിവ് ബി.ജെ.പിക്ക് നല്‍കി കഴിഞ്ഞു ഇവിടേയുള്ള തിരഞ്ഞെടുപ്പ് ഫലം.  

വികാസ് യാത്രയിലൂടെ  55 ലക്ഷം ജനങ്ങള്‍ക്കാണ് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തത്. ഗോത്രവര്‍ഗ മേഖലയില്‍പ്പെട്ടവര്‍ക്കുള്ള ഒരു രൂപയ്ക്കുള്ള അരി, സ്ത്രീകള്‍ക്ക് പ്രഷര്‍കുക്കര്‍ തുടങ്ങിയ പദ്ധതികളിലൂടെയെല്ലാം ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞൂവെന്ന വിശ്വാസത്തിലായിരുന്നു രമണ്‍സിംഗും കൂട്ടരും. മാത്രമല്ല അജിത് ജോഗി കോണ്‍ഗ്രസ് പാളയത്തില്‍ ഉണ്ടാക്കുന്ന വിള്ളല്‍ തങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നുമായിരുന്നു ബി.ജെ.പി കേന്ദ്രങ്ങള്‍ കണക്ക്  കൂട്ടിയത്.

15 വര്‍ഷം ഗാലറിയില്‍ നിന്ന് കളികണ്ട കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെതിരായുള്ള ജനവികാരവും രമണ്‍സിംഗ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണവും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഒരുപടി മുന്നിലായിരുന്നു എന്ന് തന്നെയാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന.  രമണ്‍ പര്‍ വിശ്വാസ്, കമല്‍ ദംഗ് വികാസ് എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി വികാസ് നടത്തിയപ്പോള്‍ പോലും കോണ്‍ഗ്രസിന്റെ ഈ മുന്നേറ്റം ആരും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. ഇവിടെയാണ് ബി.ജെ.പിയെ തുടച്ച് നീക്കിക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.