ന്യൂഡൽഹി: ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പക്ഷപാതപരമായി പെരുമാറിയ മുതിർന്ന ഗവ. ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം സർക്കാർ മാറ്റി. സംസ്ഥാന പബ്ലിക് റിലേഷൻസ് കമ്മിഷണറും സെക്രട്ടറിയുമായ എസ്. രാജേഷ് തോപ്പോയെയാണ് മാറ്റിയത്.

പ്രതിപക്ഷമായ കോൺഗ്രസിലെ നേതാക്കൾക്കെതിരേ ഒളിക്യാമറവാർത്ത ചിത്രീകരിക്കാൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നതാണ് നടപടിക്കിടയാക്കിയത്. രഹസ്യ വീഡിയോ ചിത്രീകരിക്കാൻ തോപ്പൊ പണവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റവും സംഭാഷണ രീതിയുമല്ല തോപ്പോയിൽ നിന്നുണ്ടായതെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

ഛത്തീസ്ഗഢിൽ നവംബർ 20-ന് 72 മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥൻ ഭരണകക്ഷിയായ ബി.ജെ.പി.ക്കായി ഇടപെടുന്ന വാർത്ത പുറത്തുവന്നത്. പന്ത്രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ടതിരഞ്ഞെടുപ്പ് നവംബർ 12-ന് നടന്നു.

Content Highlights: Chhattisgarh Election 2018