ഛത്തീസ്ഗഢിൽ ആദ്യ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഛത്തീസ്ഗഢ് ജനതാ കോൺഗ്രസിന്റെ പ്രതീക്ഷകൾ, എത്ര സീറ്റുകൾ നേടും?

എത്ര സീറ്റുകളെന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഒന്നു ഞങ്ങൾക്കറിയാം, ഞങ്ങൾ ഭരണത്തിലെത്തും. അക്കാര്യത്തിൽ സംശയം വേണ്ട.

താങ്കളും ബി.എസ്.പി.യും തമ്മിലുള്ള സഖ്യത്തെ കോൺഗ്രസ് വിശേഷിപ്പിച്ചത് ബി.ജെ.പി.യുടെ ബി-ടീമെന്നാണ്?

ഞങ്ങളാരുടെയും ബി-ടീമോ സി-ടീമോ അല്ല. ഞങ്ങളുടെ യുദ്ധം തന്നെ ബി.ജെ.പി.യോടാണ്. ഞങ്ങൾക്കെതിരേ പലതരത്തിലുള്ള ആരോപണങ്ങളാണ് ബി.ജെ.പി. നേതാവും മുഖ്യമന്ത്രിയുമായ രമൺ സിങ് കൊണ്ടുവന്നത്. പലരീതിയിൽ അവർ ഞങ്ങളെ ഉപദ്രവിച്ചു. 2007-ൽ എനിക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി. പക്ഷേ, കോടതി എന്നെ വെറുതെവിട്ടു. പിന്നീട് എനിക്കെതിരേ മോഷണക്കുറ്റം ചുമത്തുകയും എന്റെ മകൻ അമിത്തിനെതിരേ കൊലക്കുറ്റം ചുമത്തി അവനെ ജയിലിലാക്കുകയും ചെയ്തു. എന്നാലിക്കാര്യങ്ങളിലൊക്കെയും കോടതിക്ക്‌ ഞങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെട്ടു. ഇങ്ങനെയുള്ളൊരു പാർട്ടിയുമായും മുഖ്യമന്ത്രിയുമായും ഞാൻ സൗഹൃദത്തിലാണെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഈ തിരഞ്ഞെടുപ്പിൽ തീർത്തും അപ്രസക്തരായ കോൺഗ്രസിന്റെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. രമൺ സിങ് സർക്കാരിന്റെ വേരറുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

അവസാനനിമിഷമാണ് താങ്കൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവരം പുറത്തറിഞ്ഞത്. എന്തായിരുന്നു തീരുമാനം വൈകാൻ കാരണം?

ഞങ്ങളും ബി.എസ്.പി.യും സി.പി.ഐ.യും അടങ്ങുന്ന സഖ്യം ഇക്കാര്യത്തിൽ നേരത്തേതന്നെ തീരുമാനമെടുത്തതാണ്. ഞാൻ മത്സരിച്ചാൽ സഖ്യത്തിനുവേണ്ടി മറ്റു മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ കഴിയാതെവരും എന്നതിനാൽ മത്സരിക്കേണ്ടെന്നാണ് ആദ്യം തീരുമാനിച്ചത്. 90 മണ്ഡലങ്ങളിലും ഞാൻ നേരിട്ടു പ്രചാരണം നടത്താനും തീരുമാനിച്ചു. എന്നാൽ, മർവാഹിയിലെ ജനങ്ങൾ എന്നെ വന്നുകണ്ടു. ഞാൻ മത്സരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മർവാഹിയിൽ ഞാൻ ചെല്ലേണ്ടതില്ല, മറിച്ച് എനിക്കുവേണ്ടി പ്രചാരണം അവർ നടത്തിക്കൊള്ളാം എന്നുപറഞ്ഞു. അവരുടെ സ്നേഹമാണ് തീരുമാനത്തിൽ മാറ്റംവരുത്താൻ കാരണം.

നാലുശതമാനം വോട്ട് മാത്രമാണ് ബി.എസ്.പി.ക്ക് ഛത്തീസ്ഗഢിലുള്ളത്. അവരുമായുള്ള സഖ്യം? 

സമാനചിന്താഗതിക്കാരായ പാർട്ടികളാണ് ഞങ്ങളും ബി.എസ്.പി.യും. എല്ലാ മണ്ഡലത്തിലും ബി.എസ്.പി.ക്കു വോട്ടുണ്ട്. അതത്ര വലുതൊന്നുമല്ല. പക്ഷേ, മത്സരം ത്രികോണമാകുമ്പോൾ അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഭൂരിഭാഗം സ്ഥാനാർഥികളും ഛത്തീസ്ഗഢിൽ വിജയിക്കാറുള്ളതു രണ്ടായിരം-അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. ഈ പശ്ചാത്തലത്തിൽ ബി.എസ്.പി.ക്കു നിർണായകപങ്ക് വഹിക്കാനുണ്ട്.

ബി.ജെ.പി.ക്കെതിരേയുള്ള ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുക സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോൺഗ്രസിനാവില്ലേ?

കോൺഗ്രസിന് ഛത്തീസ്ഗഢിൽ പ്രസക്തിയില്ലെന്ന് നേരത്തേ പറഞ്ഞല്ലോ. സ്വന്തമായി ഉയർത്തിക്കാട്ടാൻ ഒരു നേതാവ് പോലും അവർക്കില്ല. ജില്ലാതലത്തിലോ മണ്ഡലാടിസ്ഥാനത്തിലോ മാത്രമാണ് അവർക്കു നേതാക്കന്മാരുള്ളത്.  കോൺഗ്രസിന്റെ ഒട്ടേറെ ദളിത്, ആദിവാസി നേതാക്കൾ ഞങ്ങൾക്കൊപ്പം ചേർന്നുകഴിഞ്ഞു. കോൺഗ്രസ് ഇപ്പോൾ ഒ.ബി.സി. വിഭാഗക്കാർക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അതുകൊണ്ടാണ്. കോൺഗ്രസിൽ പുതിയ ഒ.ബി.സി. നേതാക്കൾ ഉയർന്നുവരുന്നതു നിങ്ങൾ കണ്ടുകാണുമല്ലോ. പിന്നെ ബി.ജെ.പി.ക്കെതിരായ ഭരണവിരുദ്ധ വികാരം, അതൊരു യാഥാർഥ്യമാണ്. എന്നാൽ, അവർക്കു പണവും മസിൽപവറുമുണ്ട്. ഞങ്ങൾക്കതില്ല. പക്ഷേ, ഇതൊക്കെ നേരിട്ടുകൊണ്ടുതന്നെ അവരുടെ വോട്ടുബാങ്കിൽ ശക്തമായ വിള്ളൽ വീഴ്ത്താൻ ഞങ്ങൾക്കുകഴിയും. ജനങ്ങൾ മാറിച്ചിന്തിച്ചുതുടങ്ങി.

ജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങിയെന്നു തോന്നാൻ കാരണം?

ബി.ജെ.പി.യുടെ ദുർഭരണം കഴിഞ്ഞ 15 വർഷമായി ജനം കാണുകയാണ്. കോൺഗ്രസിൽ ഒരു ബദൽ കാണാത്തതിനാലാണ് അവർ കാത്തിരുന്നത്, ബി.ജെ.പി.യെ ജയിപ്പിച്ചത്. ഇപ്പോൾ അവർക്കൊരു ബദൽ ഞങ്ങളിലൂടെ ലഭിച്ചിരിക്കുകയാണ്.

താങ്കളെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മായാവതിയും അവരെ പ്രധാനമന്ത്രി സ്ഥാനാർഥിയായി താങ്കളും ഉയർത്തിക്കാട്ടുന്നത് പൊതുതിരഞ്ഞെടുപ്പിൽ വിശാലസഖ്യ സാധ്യത മുന്നിൽക്കണ്ടാണോ ?

കോൺഗ്രസ്, ബി.ജെ.പി. ഇതര പാർട്ടികൾ ദേശീയതലത്തൽ ഒന്നിക്കേണ്ടത് അത്യാവശ്യമാണ്. 1977-ൽ മൊറാർജി ദേശായി, ’79-ൽ ചരൺ സിങ്, ’89-ൽ വി.പി. സിങ്, ചന്ദ്രശേഖർ, ’96-ൽ ദേവഗൗഡ, ഗുജ്‌റാൾ സർക്കാരുകളിൽ ഇതു ഭാഗികമായെങ്കിലും നടപ്പായതാണ്. ഇത്തവണ അതു പൂർണമായും നടപ്പാകുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി. സർക്കാരിനെ പുറത്തിരുന്നു പിന്തുണയ്ക്കുന്ന കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുതന്നെയാകണം ഈ മുന്നണിയുണ്ടാകേണ്ടത്. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ ഞങ്ങൾക്കൊപ്പം ബി.എസ്.പി.യും സി.പി.ഐ.യുമുണ്ട്. തെലങ്കാനയിൽ കെ.സി.ആർ., ഉത്തർപ്രദേശിൽ അഖിലേഷ് യാദവ്, ബംഗാളിൽ മമത, ഒഡിഷയിൽ നവീൻ പട്‌നായിക് എന്നിവരുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

ഛത്തീസ്ഗഢിലെ കിങ്‌മേക്കർ ആയാണ്‌ താങ്കളെ മാധ്യമങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.ഞാൻ കിങ്‌മേക്കറും കിങ്ങും ഒന്നുമല്ല. ഛത്തീസ്ഗഢിലെ ജനങ്ങളാണു രാജാക്കന്മാർ. അല്ലെങ്കിൽ അവരെ അങ്ങനെയാക്കാനാണ്‌ ഞാൻ ശ്രമിക്കുന്നത്.

ജനതാ കോൺഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയങ്ങൾ?

15 വർഷം മുമ്പ്, അതായത് ബി.ജെ.പി. ഭരണത്തിലെത്തുന്നതിന് മുമ്പ് ഛത്തീസ്ഗഢ് മാവോവാദി ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും താഴെയായിരുന്നു. എന്നാൽ, ബി.ജെ.പി. 15 വർഷം അധികാരത്തിലിരുന്നുകഴിഞ്ഞപ്പോൾ സംസ്ഥാനം ഈ പട്ടികയിൽ ഒന്നാമതെത്തി.  ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമെന്നാണ് രമൺ സിങ് കരുതുന്നത്. പക്ഷേ, അതൊരു സാമൂഹിക-രാഷ്ട്രീയവിഷയമാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നതാണ് വാസ്തവം. മറ്റൊന്ന്, ഛത്തീസ്ഗഢിൽ മുഴുവൻ ഒന്നു സഞ്ചരിച്ചുനോക്കൂ. അവർ റോഡുകൾക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടെന്തായി? ആദ്യമഴയിൽത്തന്നെ അവയൊക്കെയും ഇല്ലാതായി. അഴിമതിയുടെ ഫലമാണത്. ഈ പ്രശ്നങ്ങളൊക്കെയും ഞങ്ങൾ ജനങ്ങളുടെ മുന്നിൽവെച്ചുകഴിഞ്ഞു.

Content Highlights: Chhattisgarh election 2018, Election 2018