റായ്‌പുർ: ഛത്തീസ്ഗഢിൽ കോൺഗ്രസും മറ്റ്‌ പ്രതിപക്ഷപാർട്ടികളും വിശ്വാസപ്രതിസന്ധി നേരിടുകയാണെന്നും ജനങ്ങൾക്ക് അവയിലുള്ള വിശ്വാസം നഷ്ടമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആരോപിച്ചു. അതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാട്ടാത്തത്. മറ്റ്‌ പ്രതിപക്ഷപാർട്ടികളുടെയും സ്ഥിതി ഇതുതന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം റായ്‌പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു.

“കോൺഗ്രസിന്റെ പ്രകടനപത്രികതന്നെ, ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് തുറന്നുസമ്മതിക്കലാണ്. കാലാവധി കഴിഞ്ഞ ബാങ്ക് ചെക്കുപോലെയാണ് അവരുടെ പ്രകടനപത്രിക. കോൺഗ്രസിന് പരമ്പരാഗതമായ ഐക്യം നഷ്ടപ്പെട്ടു” -അദ്ദേഹം പറഞ്ഞു.

സംഘർഷം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക്‌ തിരിച്ചുവരണമെന്ന് രാജ്നാഥ് സിങ് മാവോവാദികളോട് ആവശ്യപ്പെ‌ട്ടു. അവർ കീഴടങ്ങി സർക്കാർ നൽകുന്ന പുനരധിവാസപദ്ധതി സ്വീകരിക്കണം. മാവോവാദി ഭീഷണി രാജ്യത്ത് കുറഞ്ഞുവരികയാണ്. നേരത്തേ ഏകദേശം 90 ജില്ലകൾ മാവോവാദികളുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ 10-11 ജില്ലകളിലേക്ക് ചുരുങ്ങി. അടുത്ത മൂന്നുമുതൽ അഞ്ചുവരെ കൊല്ലത്തിനുള്ളിൽ മാവോവാദികൾ രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, വർഷങ്ങളായി കർഷകർക്ക് ബോണസ് നൽകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പല സാഹചര്യങ്ങൾകൊണ്ട് ഏതാനും വർഷങ്ങൾ ബോണസ് നൽകാനായില്ലെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചു. എന്നാൽ, ഈ വർഷം ഛത്തീസ്ഗഢ് സർക്കാർ ബോണസ് നൽകിയിട്ടുണ്ട്. വരുംവർഷങ്ങളിലും അത്‌ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുമ്പിൽക്കണ്ടാണ് രമൺസിങ് സർക്കാർ ഈ വർഷം ബോണസ് നൽകിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

20-നാണ് ഛത്തീസ്ഗഢിൽ രണ്ടാംഘട്ട വോട്ടെടുപ്പ്.

Content Highlights: chhattisgarh election 2018, 5 state election