ന്യൂഡല്‍ഹി: ഛത്തീസ്ഡഢിൽ രമണ്‍ സിംഗിനെ മുന്നിൽ നിർത്തി ബി.ജെ.പിയും അജിത് ജോഗിയെ മുന്നിൽ നിർത്തി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഒരു പ്രമുഖ മുഖം ഇല്ലാതെയായിരുന്നു കോണ്‍ഗ്രസ് മത്സര രംഗത്തേക്കിറങ്ങിയത്. അജിത് ജോഗി കോണ്‍ഗ്രസ് വിട്ട് പുറത്ത് പോരുകയും മാവോയിസ്റ്റ് അക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ശക്തമായ നേതാക്കളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അവിടെ മാറിപ്പോയത്. 14 പുതുമുഖങ്ങളെയാണ് ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറക്കിയത്.
നിലവിലെ ഫലസുചനകള്‍ വിലയിരുത്തുമ്പോള്‍ 15 വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ കാത്തിരിപ്പിന് കാര്യമായ നേതാക്കള്‍ ഇല്ലാഞ്ഞിട്ട് പോലും ഫലമുണ്ടായിരിക്കുന്നു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 2003 മുതല്‍ കണ്ടുവരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതം ഇത്തവണ വലിയതോതില്‍ കുറഞ്ഞുവെന്ന് തന്നെയാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു ഇവിടെ കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അഴിമതി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവ അണിനിരത്തി കോണ്‍ഗ്രസ് പ്രചാരണം നയിച്ചപ്പോള്‍ അത് വലിയ തോതില്‍ കോണ്‍ഗ്രസിന് ഗുണമുണ്ടാക്കുകയും ചെയ്തു എന്ന് പറയേണ്ടിയിരിക്കുന്നു.
ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ 58 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 25 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇത്തവണ മത്സരത്തിനിറങ്ങിയെങ്കിലും കാര്യമായി മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. അഞ്ച് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ട് നില്ക്കുന്നു.
അജിത് ജോഗി ബി.എസ്.പി യുമായി ചേര്‍ന്ന് പുതിയ പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍. എന്നാല്‍ അജിത് ജോഗിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി രമണ്‍സിംഗിനെ പോലും പിന്നിലാക്കിയുള്ള കോണ്‍ഗ്രസ് മുന്നേറ്റം വലിയ ആശങ്കയാണ് ബി.ജെ.പിയില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. രമണ്‍സിംഗിനെതിരേ മത്സരിക്കാന്‍ മുന്‍ ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി വാജ്പേയിയും മരുമകളുമായ കരുണ ശുക്ലയെ തന്നെ കോണ്‍ഗ്രസ് നിയോഗിക്കുകയും ചെയ്തു.