ഛത്തീസ്ഗഢ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌
നവംബർ 12 തെക്കൻ ഛത്തീസ്ഗഢ്‌ (18 സീറ്റ്‌),
നവംബർ 20 വടക്കൻ ഛത്തീസ്‌ഗഢ്‌ (72 സീറ്റ്‌)

ഛത്തീസ്ഗഢ്‌ കുറിപ്പുകൾ

ദന്തേവാഡ: ഓരോ ചുവടിലും പതിയിരിക്കുന്നത്‌ മരണമാണെന്ന തിരിച്ചറിവിൽ ജീവിക്കുന്നത് എത്ര ഭയാനകമാണ്. നിലവായ ഗ്രാമക്കാർക്ക് ആ ഭയം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവർ ഓരോ ചുവടും വെയ്ക്കുന്നത് അതിജാഗ്രതയോടെയാണ്. സൈനികരെയും പോലീസിനെയും ലക്ഷ്യമിട്ട്‌ മാവോവാദികൾ ഒരുക്കിവെയ്ക്കുന്ന കെണികളെ അതിജീവിച്ചാണ്‌ നിലവായ ഗ്രാമവാസികളുടെ ജീവിതം മുന്നോട്ടുനീങ്ങുന്നത്. വെടിശബ്ദങ്ങൾ അവർക്ക് അപരിചിതമല്ല. കുഴിബോംബുകളെ മറികടന്നാണ് അവരുടെ ഓരോ ദിവസത്തെയും യാത്ര.

2018 ഒക്ടോബർ 31. അന്നായിരുന്നു നിലവായ എന്ന വിദൂരഗ്രാമം ദേശീയപത്രങ്ങളുടെ തലക്കെട്ടുകളിൽ സ്ഥാനംപിടിച്ചത്. അതിന് ഒരുദിവസം മുമ്പാണ്‌ നിലവായയ്ക്ക്‌ രണ്ടുകിലോമീറ്റർ മാത്രം അകലെവെച്ച്‌ ദൂരദർശൻ ക്യാമറാമാൻ അച്യുതാനന്ദ സാഹുവും മൂന്നുസൈനികരും മാവോവാദിയാക്രമണത്തിന് ഇരകളാകുന്നത്. സാഹുവിന്റെയും മൂന്ന്‌ സൈനികരുടെയും ജീവനെടുത്ത നിലവായയിൽനിന്നുതന്നെ ഛത്തീസ്ഗഢിന്റെ ആത്മാവ് തേടിയുള്ള യാത്ര ആരംഭിക്കുന്നതാണ് ഏറ്റവും ഉചിതം. ജനപ്രതിനിധികളെയും വികസനത്തെയും എന്നും അകലെനിന്നുമാത്രം നോക്കിക്കണ്ടിട്ടുള്ള, 13 വർഷമായി ഒരു പോളിങ് ബൂത്തുപോലും കണ്ടിട്ടില്ലാത്ത നിലവായക്കാരിൽനിന്നുതന്നെ ഛത്തീസ്ഗഢിന്റെ രാഷ്ട്രീയം പറഞ്ഞുതുടങ്ങേണ്ടിയിരിക്കുന്നു.

ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്‌പുരിൽനിന്ന് ഏകദേശം നാനൂറോളം കിലോമീറ്ററുണ്ട് ചുവപ്പൻ ഇടനാഴികളിലെ അപകടം പതിയിരിക്കുന്ന ദന്തേവാഡയിലേക്ക്. ഇവിടെനിന്ന് 49 കിലോമീറ്റർ വനമേഖലയിൽക്കൂടി സഞ്ചരിച്ചാലേ നിലവായയിലെത്തൂ. മാവോവാദിഭീഷണി കാരണം 13 വർഷമായി ഗ്രാമവാസികൾക്കുവേണ്ടി 30 കിലോമീറ്റർ ദൂരത്തിൽ പോളിങ് ബൂത്തൊരുക്കിയാണ്‌ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഹാരം കണ്ടെത്തിയത്. എന്നാൽ, ഉണ്ടാവുന്നത്‌ വിരലിലെണ്ണാവുന്ന പോളിങ്മാത്രം. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ ആകെയുള്ള 870 പേരിൽ വോട്ടുചെയ്തത് നാലുപേർ മാത്രം. ഇത്തവണ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെന്നോണം നിലവായയിൽത്തന്നെ ഒരു പോളിങ് ബൂത്ത് സ്ഥാപിച്ചിരിക്കയാണ്‌ കമ്മിഷൻ. എന്നാൽ, വോട്ടുചെയ്താൽ മഷിപുരട്ടിയതുനോക്കി വിരൽ ഛേദിക്കുമെന്ന ഭീഷണിയുയർത്തി മാവോവാദികൾ രംഗത്തെത്തിക്കഴിഞ്ഞു. ഇതേത്തുടർന്ന്‌ മഷിപുരട്ടൽ വേണ്ടെന്നുവെയ്ക്കാനുള്ള ആലോചനയിലാണ്‌ കമ്മിഷൻ. അത്‌ കള്ളവോട്ടിനുള്ള അവസരം തുറന്നുനൽകലാണെന്നാണ്‌ ചെറുകക്ഷികൾ ആരോപിക്കുന്നത്.

ഒരു മാവോഗ്രാമം
159 വീടുകളാണ് ഇവിടെയുള്ളത്. എല്ലാം ഗോണ്ടി ഗോത്രവർഗത്തിൽപ്പെട്ടവർ. എന്നാൽ, കടലാസിൽമാത്രമേ ഈ ഗ്രാമത്തിന്‌ ജനാധിപത്യ സംവിധാനത്തിൽ സ്ഥാനമുള്ളൂ. 12-ന്‌ തിരഞ്ഞെടുപ്പ് നടക്കുന്ന മാവോവാദിപ്രവർത്തനം ശക്തമായ 18 മണ്ഡലങ്ങളിലൊന്നായ ദന്തേവാഡയുടെ ഭാഗമായിട്ടുകൂടി പതിവുപോലെ സിറ്റിങ് എം.എൽ.എ.യോ സ്ഥാനാർഥികളോ ഇത്തവണയും നിലവായയിലെത്തിയിട്ടില്ല. വോട്ടഭ്യർഥിച്ചുകൊണ്ട് അവരുടെ പോസ്റ്ററുകളോ ഫ്ളെക്സുകളോ എങ്ങും സ്ഥാനംപിടിച്ചിട്ടുമില്ല. ഗ്രാമവാസികളിൽ പലർക്കുംതന്നെ തങ്ങളുടെ എം.എൽ.എ.യാരെന്നുപോലും അറിയില്ലെന്നതാണ്‌ വസ്തുത. കർമയാണ്‌ തങ്ങളുടെ എം.എൽ.എ.യെന്നാണ്‌ പലരും ഉത്തരംപറഞ്ഞത്. അതിൽ ഭൂരിഭാഗവും സ്ഥാനാർഥി മഹേന്ദ്ര കർമയാണെന്നാണ്‌ വിശ്വസിക്കുന്നത്. എന്നാൽ, 2013-ലെ മാവോവാദി ആക്രമണത്തിൽ അന്നത്തെ എം.എൽ.എ.യായിരുന്ന മഹേന്ദ്രകർമ കൊല്ലപ്പെട്ടെന്ന കാര്യം അവർ അറിഞ്ഞിട്ടുപോലുമില്ല. മഹേന്ദ്രയുടെ ഭാര്യ ദേവതി കർമയാണ് എം.എൽ.എ.യെന്ന സത്യം അറിയാവുന്നവർ വളരെ വിരളം.

ജനപ്രതിനിധികളാലും രാഷ്ട്രീയക്കാരാലും തഴയപ്പെട്ട ഗ്രാമം അങ്ങനെ ഛത്തീസ്ഗഢിന്റെ പതിവുരീതിയനുസരിച്ച്‌ മാവോവാദികളുടെ നിയന്ത്രണത്തിലായി. ഒരർഥത്തിൽ പറഞ്ഞാൽ അധികൃതർതന്നെ അവർക്ക്‌ ഗ്രാമവാസികളെ കൈവെള്ളയിൽ വെച്ചുകൊടുത്തുവെന്നതാണ്‌ വസ്തുത.

നിലവായയിൽമാത്രം കാണാനാവുന്ന കാഴ്ചയല്ലിത്. 20 കിലോമീറ്ററിലായി നിലവായക്കുചുറ്റും പരന്നുകിടക്കുന്ന ഒമ്പതുഗ്രാമങ്ങളും ഇതേ അവസ്ഥയിലാണ്. രെവാലി, ബർഗം, നഹദി, കകദി, ജബേലി, ബരം, ചിർമുർ, സൊപേരസ്, ഗൊണ്ടറസ് ഗ്രാമങ്ങളിൽ ഓരോന്നിലും അമ്പതോളം വീടുകളുമുണ്ട്. വികസനമെന്നത് അവർക്ക്‌ കേൾക്കാൻ അത്ര സുഖമുള്ള വാക്കല്ല. ഗ്രാമത്തിൽനിന്ന്‌ പുറത്തുകടക്കാനും തിരിച്ചുവരാനും അപകടമുറങ്ങുകയും ഉണരുകയും ചെയ്യുന്ന വനപാതതന്നെ ശരണം. ദന്തേവാഡയിൽനിന്ന്‌ വാഹനങ്ങൾ നിലവായയിലേക്ക്‌ കടന്നുചെല്ലാറില്ല. ഒരസുഖംവന്നാൽ ഈ 20 കിലോമീറ്റർ ചുറ്റളവിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രംപോലുമില്ല. ഇവിടെയുണ്ടാകുന്ന ശിശുമരണങ്ങൾ ആരും രേഖപ്പെടുത്താറുമില്ല. പ്രസവത്തോടെ മരണമടയുന്ന സ്ത്രീകളും കുറവല്ല. സ്കൂളുകൾ അധ്യാപകരെ കണ്ടനാൾ മറന്നു. താരതമ്യേന അധ്യാപകരെങ്കിലും ഉണ്ടെന്ന്‌ പറയാവുന്നത്‌ ബർഗമിലെ ഒരു സ്കൂളിലാണ്. വനപാതയിൽക്കൂടി കിലോമീറ്ററുകൾ നടന്ന്‌ സ്കൂളിലെത്താൻ കഴിയാതെ കുട്ടികളിൽ ഭൂരിഭാഗവും പ്രാഥമികവിദ്യാഭ്യാസംപോലും പൂർത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നു. സ്കൂളുകൾക്ക്‌ സമാനമായ അവസ്ഥയാണ് അങ്കണവാടികളുടേതും. റേഷൻ കടകളിൽ പോകണമെങ്കിലും ഇതേ ദൂരം താണ്ടണം. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ ഈ പരാധീനതകളൊക്കെ ഇതുവരെ ഒരു പാർട്ടിയുടെയും പ്രകടനപത്രികയിൽ സ്ഥാനംപിടിക്കുന്നത്‌ കാണുന്നില്ലെന്നാണ് ഇവിടെയുള്ളവർ പറയുന്നത്.

ഇടയ്ക്കിടയ്ക്ക്‌ പ്രദേശത്ത്‌ കോൺക്രീറ്റ് റോഡ് പണിയാനുള്ള പദ്ധതിയുമായി അധികൃതർ വരുമത്രേ. എന്നാൽ, റോഡുപണി ആരംഭിച്ച്‌ കുറച്ചുദിവസങ്ങൾക്കകംതന്നെ റോഡുപണിക്ക്‌ കാവൽനിൽക്കുന്ന സുരക്ഷാസൈനികർക്കുനേരെയുണ്ടാകുന്ന മാവോവാദിയാക്രമണത്തിൽ എല്ലാം നിലയ്ക്കും. ഇത്തവണയും ഇവിടെ റോഡ് നിർമിക്കുമെന്നുതന്നെയാണ്‌ സ്ഥാനാർഥികളുടെ വാഗ്ദാനം. എന്നാൽ, ഇത്തവണ ഗ്രാമവാസികൾതന്നെ റോഡുപണിയെ എതിർത്തുകഴിഞ്ഞു. തങ്ങളുടെ പ്രദേശം സൈനികവത്കരിക്കാനാണ് ഈ നീക്കമെന്നാണ് അവരുടെ ആക്ഷേപം. തങ്ങൾക്ക്‌ വാഹനങ്ങളില്ലെന്നും പിന്നെന്തിനാണ്‌ കോൺക്രീറ്റ് റോഡെന്നും ഗ്രാമമുഖ്യന്മാരിൽ ഒരാളായ മുചകി മുക ചോദിക്കുന്നു. രണ്ടുബറ്റാലിയൻ സി.ആർ.പി. എഫ്. സൈനികരുള്ള ദന്തേവാഡയിൽ ഒരു ബറ്റാലിയനെക്കൂടി തങ്ങളുടെ ഗ്രാമത്തിൽ വിന്യസിക്കാനാണ്‌ നീക്കമെന്നും മുകയടക്കമുള്ള നിലവായക്കാർ ആരോപിക്കുന്നു.

മുന്നറിയിപ്പ്‌, ഭീഷണി...
 ഈ അവസരം ഫലപ്രദമായി വിനിയോഗിക്കുകയാണ്‌ മാവോവാദികൾ. മരങ്ങളിൽമുതൽ സ്കൂളുകളിൽവരെ പോസ്റ്ററുകൾ ഉയർന്നിരിക്കുന്നു. എല്ലാറ്റിലും ഒരുവരിമാത്രം- ‘സർക്കാർ ഗോ ബാക്ക്’. മാവോവാദികളുടെ സാംസ്കാരികകൂട്ടായ്മയെന്ന പേരിൽ അറിയപ്പെടുന്ന ചേതന നാട്യമണ്ഡലി ഇപ്പോൾ ഗ്രാമത്തിൽ സജീവമായിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ നാടകങ്ങളിൽക്കൂടിയും പാട്ടുകളിൽക്കൂടിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനമാണ് അവരിപ്പോൾ നൽകുന്നത്.
സിറ്റിങ് എം.എൽ.എ.യും കോൺഗ്രസ് സ്ഥാനാർഥിയുമായ ദേവതി കർമ, ബി.ജെ.പി. സ്ഥാനാർഥി ഭീമ മണ്ഡവി തുടങ്ങി ദന്തേവാഡയിലെ ഏഴുസ്ഥാനാർഥികളിൽ ആരുംതന്നെ ഇക്കാര്യത്തിൽ ആശങ്കാകുലരല്ലെന്നതാണ്‌ കൗതുകം. ഈ അവഗണന ഇനിയും തുടർന്നാൽ ഗൂഗിൾ മാപ്പിൽപ്പോലും കാണാനാകാത്ത ഇടങ്ങളിലേക്ക്, അപരിഷ്കൃത ലോകങ്ങളിലേക്ക്‌ ചുരുങ്ങുന്നവരുടെ എണ്ണം നിലവായക്കാരിൽ ഒതുങ്ങില്ല.