റായ്പൂര്‍: ബി.ജെ.പിയെയും ജെ.സി.സി-ബി.എസ്.പി സഖ്യത്തെയും തൂത്തെറിഞ്ഞ് ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയും സജീവമാകുന്നു. കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന അജിത് ജോഗി പാര്‍ട്ടി വിട്ടുപോയതോടെ ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പരുങ്ങുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജോഗിയ്ക്ക് ആധിപത്യമുണ്ടായിരുന്ന ആദിവാസി-പിന്നാക്ക മേഖലകളിലടക്കം മറ്റുനേതാക്കളെ രംഗത്തിറക്കി കോണ്‍ഗ്രസ് പ്രചരണം നടത്തിയതോടെ വിജയവും ഒപ്പംപോന്നു. ഒടുവില്‍ 62 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരമുറപ്പിച്ചതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ ശക്തമായി. 

കോണ്‍ഗ്രസിന്റെ എം.പിയായ തമ്രദ്വാജ് സാഹു, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുന്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹാന്ത്, സത്യനാരായണ്‍ ശര്‍മ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക.

ഇതില്‍ ദുര്‍ഗ മണ്ഡലത്തില്‍നിന്ന് വിജയിച്ച തമ്രദ്വാജ് സാഹുവിനാണ് കൂടുതല്‍ സാധ്യത. പ്രബലമായ രണ്ട് ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തയാളും എന്നാല്‍ അവര്‍ക്ക് വിയോജിപ്പില്ലാത്ത നേതാവുമാണ് സാഹു. പാര്‍ട്ടിവിട്ട ജോഗിയോടൊപ്പം അണികള്‍ പോകാതിരിക്കാന്‍ സാഹവും കൂട്ടരും കിണഞ്ഞുപരിശ്രമിച്ചതിന്റേയും ഫലമാണ് കോണ്‍ഗ്രസിന്റെ വിജയം. അതിനാല്‍തന്നെ മുഖ്യമന്ത്രി പദത്തിന് ഏറെ യോഗ്യനും സാധ്യതയുള്ളതും സാഹു തന്നെ. നേരത്തെ ദുര്‍ഗ് ലോക്‌സഭ മണ്ഡലത്തില്‍ എം.പിയായിരുന്ന അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിലും ദുര്‍ഗ് റൂറലില്‍ നിന്നാണ്‌ ജനവിധി തേടിയത്. 

ചത്തീസ്ഗഢ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഭൂപേഷ് ഭാഗലാണ് മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്ന മറ്റൊരാള്‍. പട്ടാന്‍ മണ്ഡലത്തില്‍നിന്നാണ് ഭാഗല്‍ ഇത്തവണ വീണ്ടും നിയമസഭയിലെത്തുന്നത്. സംസ്ഥാനത്ത് മിന്നുംജയത്തോടെ പാര്‍ട്ടിതിരിച്ചുവന്നതില്‍ ഭൂപേഷ് ഭാഗലിന്റെ പങ്ക് ഒഴിച്ചുനിര്‍ത്താനാവില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളും തര്‍ക്കങ്ങളും ഭാഗലിന് വിലങ്ങുതടിയായേക്കുമെന്നാണ് സൂചന. ഇവര്‍ രണ്ടുപേരും പ്രതിപക്ഷ നേതാവ്‌ ടി.എസ്. സിങ് ദിയോ ആണ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാവ്.  ടി.എസ്. സിങ് ദിയോ അംബികാപൂര്‍ മണ്ഡലത്തില്‍നിന്നാണ് ജയിച്ചുകയറിയത്. 

സാക്തി മണ്ഡലത്തില്‍നിന്ന് വിജയിക്കുകയും കോണ്‍ഗ്രസിന്റെ സംസ്ഥാനത്ത ജനപ്രിയ നേതാവുമായ ചരണ്‍ദാസ് മഹന്തിനെയും ഒരുപക്ഷേ മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിച്ചേക്കാം. മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ചരണ്‍ദാസ്  മഹാന്ത് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. 2008ല്‍ ചരണ്‍ദാസ്  സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ചത്തീസ്ഗഢ് കോണ്‍ഗ്രസിനെ കൈവിട്ടത്. ഈ നാലുപേര്‍ക്ക് പുറമേ റായ്പൂര്‍ റൂറല്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സത്യനാരായണ്‍ ശര്‍മ്മയും സാധ്യതാപട്ടികയിലുണ്ട്. 

Content Highllights: chattisgarh election result 2018, who will be next cm in chattisgarh