ന്യൂഡല്‍ഹി: അജിത് ജോഗിയെന്ന ചാണക്യനെ ചുറ്റിപറ്റിയായിരുന്നു ഛത്തീസ്ഗഢിലെ രാഷ്ട്രീയം. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രി. സര്‍വോപരി ജനസമ്മതന്‍. പക്ഷെ അഴിമതി ആരോപണം കൊണ്ടും കൊലപാതക കേസിലും പെട്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്തായപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ അത് മറ്റൊരു ചരിത്രത്തിന് വഴിമാറുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. 

പരമ്പരാഗത ദളിത് വോട്ടുകളെ കീശയിലാക്കാന്‍ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് (ജെ.സി.സി) രൂപീകരിച്ച് ബി.എസ്.പിക്കും സി.പി.ഐക്കും ഒപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ഇത് ഏറ്റില്ല എന്ന് തന്നെയാണ് ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും  കുറഞ്ഞത് 20 സീറ്റെങ്കിലും തങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്നായിരുന്നു അജിത് ജോഗി തിരഞ്ഞെടുപ്പ് വേളകളിലെല്ലാം മാധ്യമങ്ങളിലടക്കം പ്രതികരിച്ചത്. എന്നാല്‍ ആകെയുള്ള 96 സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് വോട്ടെണ്ണല്‍ തുടങ്ങിയ സമയം മുതല്‍ ജെ.സി.സി മുന്നിട്ട് നില്‍ക്കാനായത്.  ഇതോടെ ഛത്തീസ്ഗഢില്‍ അജിത് ജോഗിയെന്ന രാഷ്ട്രീയ  ചാണക്യനും ജെ.സി.സിക്കും ഇനി എന്ത് ഭാവി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ചോദിക്കുന്നത്. എന്ത് വന്നാലും കോണ്‍ഗ്രസിനൊപ്പം ഇനി ഒരു ബന്ധവുമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അവസാന നിമിഷത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അജിത് ജോഗി മത്സരിച്ചത്. തങ്ങള്‍ക്ക് നിര്‍ണായകമാകുമെന്ന് ജോഗി കരുതിയ ദളിത് വിഭാഗമായ സത്‌നാമികള്‍ക്കിടയില്‍ പോലും കാര്യമായി ഒന്നും ചെയ്യാനായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍വാഹി മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്കാണ് അജിത് ജോഗി തള്ളപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ഥി അര്‍ച്ചന പോര്‍ട്ടെയാണ് ഇവിടെ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. 

നിലവിലെ ഫലസുചനകള്‍ വിലയിരുത്തുമ്പോള്‍  15 വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ കാത്തിരിപ്പിന് കാര്യമായ നേതാക്കള്‍ ഇല്ലാഞ്ഞിട്ട് പോലും ഫലമുണ്ടായിരിക്കുന്നു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 2003 മുതലുണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതത്തിന്റെ കുറവ് ഇത്തവണ വലിയതോതില്‍ കുറഞ്ഞുവെന്ന് തന്നെയാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.  ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു ഇവിടെ കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അഴിമതി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവ അണിനിരത്തി കോണ്‍ഗ്രസ് പ്രചാരണം നയിച്ചപ്പോള്‍ അത് വലിയ തോതില്‍ കോണ്‍ഗ്രസിന് ഗുണമുണ്ടാക്കുകയും ചെയ്തു എന്ന് പറയേണ്ടിയിരിക്കുന്നു. ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ 57 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 25 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. 

ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. അഞ്ച് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ട് നില്‍ക്കുന്നു. അജിത് ജോഗി ബി.എസ്.പി യുമായി ചേര്‍ന്ന് പുതിയ പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍  അത് തങ്ങള്‍ക്ക്  അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍. എന്നാല്‍ അജിത് ജോഗിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.  

content highlights: election, 5 state election