റായ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഒരുലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയണ് സംസ്ഥാനത്തു വിന്യസിച്ചിട്ടുള്ളത്. മാവോവാദി സാന്നിധ്യമുള്ള എട്ടുജില്ലകളിലെ പതിനെട്ടു മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 

അര്‍ധസൈനിക വിഭാഗത്തെ ഉള്‍പ്പെടെ സംസ്ഥാനത്ത് വിന്യസിച്ചതായി ഛത്തീസ്ഗഢ് സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍(മാവോവാദി വിരുദ്ധ ഓപ്പറേഷന്‍സ്) ഡി എം അവസ്തി വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പ്രതികരിച്ചു.  

കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ മുന്നൂറിലധികം ബോംബുകള്‍ ബസ്തര്‍ മേഖലയില്‍നിന്നും രാജ്‌നന്ദ്ഗാവ് ജില്ലയില്‍നിന്നും സുരക്ഷാസേന കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ മാവോവാദികള്‍ അട്ടിമറിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സി ആര്‍ പി എഫ്, ബി എസ് എഫ്, ഐ ടി ബി പി അംഗങ്ങള്‍ ഉള്‍പ്പെടുന്ന 650 കമ്പനികളാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള 65000 പോലീസുകാരെയും തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും അവസ്തി വ്യക്തമാക്കി. 

ഛത്തീസ്ഗഢില്‍ മാവോവാദി വിരുദ്ധ നടപടികള്‍ക്കായി നിയോഗിച്ചിരിക്കുന്ന അര്‍ധസൈനികരെയും സംസ്ഥാനസേനയുടെ 200 കമ്പനികളെയും കൂടാതെയാണ് ഇത്രയധികം സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highloghts; around one lakh Security personnel deployed in chhattisgarh ahead of first phase of polls