ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുന്നതിനും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുമായി ബി.ജെ.പി. ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയാസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയാധ്യക്ഷന്‍ അമിത് ഷായും സംസാരിക്കും.

ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡന്റുമാര്‍, സംസ്ഥാനങ്ങളുടെ ചുമതലക്കാര്‍ എന്നിവരാണ് ഏഴു മണിക്കൂര്‍ നീളുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച പാളിച്ചകള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ യോഗം വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങള്‍ തിരിച്ച് പരാജയ കാരണങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മുതിർന്ന ഒരു നേതാവ് പറഞ്ഞു.

മോദി-അമിത് ഷാ കൂട്ടുകെട്ട് തുടര്‍ച്ചയായി വിജയം നേടുന്നതിനിടയില്‍ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ വന്‍തിരിച്ചടി 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ബി.ജെ.പി. ക്യാമ്പിലുണ്ട്. 2014-ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദി മേഖലയില്‍നിന്നാണ് ഏറ്റവും അധികം സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാണ, ഡല്‍ഹി എന്നീ 11 സംസ്ഥാനങ്ങളില്‍ നിന്നായി 266 സീറ്റുകളാണ് എൻ.ഡി.എ. സ്വന്തമാക്കിയത്. ഇതില്‍ ബി.ജെ.പി.ക്ക് മാത്രം 232 സീറ്റുകള്‍ കിട്ടി.

അഹിന്ദി പ്രദേശത്തെ സംസ്ഥാനങ്ങള്‍ ബി.ജെ.പി.യെ കാര്യമായി 2014-ല്‍ പിന്തുണച്ചിരുന്നില്ല. ഈ മേഖലയിലെ എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 206 സീറ്റുകളില്‍ 31 എണ്ണം മാത്രമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ഹിന്ദിമേഖലയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന ബി.ജെ.പി.യുടെ ലോക്‌സഭാ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ 60 മുതല്‍ 70 വരെ സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായേക്കാമെന്നാണ് സംഘടനാതല വിലയിരുത്തല്‍. ഹിന്ദി ബെല്‍റ്റില്‍ അമ്പതിനുമേല്‍ സീറ്റുകള്‍ നഷ്ടമായാല്‍ ഭരണത്തുടര്‍ച്ച എന്ന മോദി-ഷാ കൂട്ടുകെട്ടിന്റെ സ്വപ്നം എളുപ്പമാകില്ല.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന മികവല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ഭരണവിരുദ്ധവികാരമാണ് തങ്ങളെ വീഴ്ത്തിയതെന്ന ധാരണ ബി.ജെ.പി.ക്കുള്ളില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. വിലക്കയറ്റം, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, സാമ്പത്തിക പരിഷ്കരണങ്ങളുടെ ആഘാതം, ജി.എസ്.ടി. നടത്തിപ്പിലെ ആശയക്കുഴപ്പങ്ങള്‍ തുടങ്ങിയവ പരിഹരിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.

തീവ്രഹിന്ദുത്വസമീപനത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ തലയുയര്‍ത്തിയിട്ടുണ്ട്. അയോധ്യ, ദളിത് പ്രശ്നം തുടങ്ങിയവ ദളിത്-ന്യൂനപക്ഷ മേഖലകളില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ക്ഷേത്രനിര്‍മാണം ഉള്‍പ്പെടെയുള്ള തീവ്രമുദ്രാവാക്യങ്ങള്‍ വീണ്ടും ഉയര്‍ത്തി ഹിന്ദുവോട്ടുകള്‍ ഏകീകരിക്കണമെന്ന് മറുവിഭാഗം വാദിക്കുന്നു. വ്യാഴാഴ്ച ചേരുന്ന ഉന്നത തലയോഗത്തില്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ പരിപാടികള്‍ ആവിഷ്കരിക്കും.

content highlights: bjp meeting to evaluate failure in election