ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ഇക്കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെകണ്ടത് വലിയ വാർത്തയായി.   രാജ്യത്തെ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും കാത്തുരക്ഷിക്കുകയാണ് ഇപ്പോൾ പരമപ്രധാനമെന്ന്‌ ഇരുവരും പ്രസ്താവനകളിറക്കി. എല്ലാ ബി.ജെ.പി. വിരുദ്ധ പാർട്ടികളെയും ഒരേ ചേരിയിൽ കൊണ്ടുവരണം; അതിനു പല പഴയ കാര്യങ്ങളും മറക്കണം എന്നാണ്  നായിഡു പറയുന്നത്. കോൺഗ്രസ് സഖ്യം ആന്ധ്രയിൽ സ്വീകാര്യമാകുമോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ മറുപടി, അതിലും വലിയ വിഷയമാണ് ഇപ്പോഴുള്ളത് എന്നായിരുന്നു. 
ശരദ്പവാർ, ഫാറൂഖ് അബ്ദുള്ള, മുലായം സിങ്, മായാവതി, യശ്വന്ത് സിൻഹ, മമത ബാനർജി, എച്ച്.ഡി.ദേവഗൗഡ തുടങ്ങി പല നേതാക്കളുമായും അടുത്തിടെയായി നായിഡു ആശയങ്ങൾ പങ്കിടുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും തനിക്കൊരു പ്രധാന പങ്ക് നായിഡു മുന്നിൽ കാണുന്നുണ്ടാകാം; സ്വന്തം തട്ടകം കൈവിട്ടുപോകാതിരിക്കാനുമാകാം. അമരാവതിയെന്ന പുതിയ രാജധാനിയുടെ  ഉറപ്പിന് രാജ്യത്തെ പല പുണ്യസ്ഥലങ്ങളിൽനിന്നും ഓരോ പിടി മണ്ണ് കൊണ്ടിട്ട മുഖ്യമന്ത്രിയുടെ കാൽച്ചുവട്ടിലെ മണ്ണ് കുറേശ്ശെ ഒലിച്ചുപോകുകയാണോ? അങ്ങനെ ചില സൂചനകളുണ്ട്.

തനിക്ക് ഒരു കൈ സഹായം വേണ്ടിവന്നേക്കും. കോൺഗ്രസ് വിരോധം മറക്കാൻ പറയുന്നത്  അതുകൊണ്ടുകൂടിയാവണം. ആറുമാസമേയുള്ളൂ പൊതുതിരഞ്ഞെടുപ്പിന്.  ആന്ധ്രയിൽ 2014-ലെപ്പോലെ, ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു നടക്കാനാണ് സാധ്യത.

സംസ്ഥാനവിഭജനത്തിനു പിന്നാലെ, 2014-ൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ  ടി.ഡി.പി. -ബി.ജെ.പി. സഖ്യം വൻ ഭൂരിപക്ഷമാണ് നേടിയത്. സഭയിലെ ഏക പ്രതിപക്ഷമായ വൈ.എസ്.ആർ. കോൺഗ്രസിൽനിന്ന് ഇരുപതിലേറെ എം. എൽ.എ.മാർ പിന്നീട് നായിഡുവിന്റെ ടി.ഡി.പി. യിലേക്കു കൂറുമാറി. ഉപതിരഞ്ഞെടുപ്പുകളും നിയമസഭാകൗൺസിൽ തിരഞ്ഞെടുപ്പും ടി.ഡി.പി.ക്കാണ് നേട്ടമായത്.  വൈ.എസ്.ആർ.സി.യുടെ കോട്ടയായ രായലസീമയിൽപ്പോലും ടി.ഡി.പി. ഗംഭീരമായി മുന്നേറി. 2019-ലെ തിരഞ്ഞെടുപ്പിൽ സകല സീറ്റുകളും നേടുമെന്ന് കഴിഞ്ഞ കൊല്ലമേ നായിഡു അവകാശപ്പെട്ടു. 

നായിഡുവിന്  ജനപ്രീതി കുറയുന്നു?

ഇപ്പോൾ, പെട്ടെന്ന് നായിഡുവിൽ ജനങ്ങൾക്ക് പ്രതീക്ഷ കുറഞ്ഞെന്നാണ് അഭിപ്രായസർവേകൾ പൊതുവേ സൂചിപ്പിക്കുന്നത്. അതിനു കാരണം നായിഡു ബി.ജെ.പി. ബന്ധം വിട്ടതല്ല. ബി.ജെ.പി.ക്ക് ആന്ധ്രയിൽ സ്വന്തം നിലയ്ക്ക് കാര്യമായ ആൾബലമൊന്നുമില്ല. അടുത്ത മുഖ്യമന്ത്രിയാകാൻ ഏറ്റവും നല്ലയാൾ ആരെന്ന് ആജ്തക് അടുത്തിടെ അഭിപ്രായം തേടി. ചന്ദ്രബാബു നായിഡുവിനെ 38-ഉം വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയെ 43-ഉം പവൻ കല്യാണിനെ അഞ്ചും ശതമാനം പേർ ആ സർവേയിൽ അനുകൂലിച്ചു. 

ഇനി ആന്ധ്രയെ ജഗൻ നയിക്കണമെന്ന് 42 ശതമാനം പേർക്ക് അഭിപ്രായമുണ്ടെന്ന് സമയം തെലുഗു സർവേയിൽ പറയുന്നു. നായിഡുവിനെ ആഗ്രഹിക്കുന്നത് 30.85 ശതമാനം പേർ. വികസനകാര്യത്തിൽ  നായിഡുസർക്കാർ പരാജയപ്പെട്ടെന്ന് ഈ സർവേയിൽ 58.30 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 

വിഭജനംകൊണ്ട് ശോഷിച്ച സംസ്ഥാനം  ചന്ദ്രബാബു നായിഡുവിൽ രക്ഷകനെ കണ്ടിരുന്നു. അവർ നിരാശരായിത്തുടങ്ങാനുള്ള കാരണങ്ങൾ പലതാണ്‌; നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ, സർക്കാർതലത്തിൽ വ്യാപകമായി അഴിമതിയുണ്ടെന്ന ആക്ഷേപങ്ങൾ,വൈ.എസ്.ആർ. കോൺഗ്രസിൽനിന്ന് കൂറുമാറി വന്നവരിൽ ചിലരെ മന്ത്രിമാരാക്കിയത്. ടി.ഡി.പി.യുടെ 650-ഓളം തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളിൽ നാന്നൂറോളം നടപ്പായില്ലത്രെ. ലോകനിലവാരമുള്ള പുതിയ തലസ്ഥാനം, പോലവരം അണക്കെട്ട്, കാപു സമുദായ സംവരണം എന്നിവ പ്രധാനം.

താത്കാലിക സെക്രട്ടേറിയറ്റ് എന്ന വാർക്കക്കെട്ടിടസമുച്ചയം കെട്ടി പ്രവർത്തനം നടത്തിവരുന്നു. മറ്റൊരു സർക്കാർ മന്ദിരവും അമരാവതിയിൽ ഉയർന്നില്ല. നിയമസഭയ്ക്കും ഹൈക്കോടതിക്കും സെക്രട്ടേറിയറ്റിനും മറ്റുമുള്ള യഥാർഥ മന്ദിരങ്ങൾ ഇപ്പോഴും കടലാസിൽമാത്രം. പറഞ്ഞതിനു വിപരീതമായി, അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുമ്പ് തലസ്ഥാനത്തിന്റെ ഒന്നാംഘട്ടമോ പോലവരം അണക്കെട്ടോ യാഥാർഥ്യമാകില്ല. കാപു സംവരണം നടപ്പാക്കാനാകാത്തവിധം  നിയമപ്രശ്നങ്ങളുണ്ട്. 
വാഗ്ദാനങ്ങൾ നടപ്പാക്കാത്തത്  നായിഡുവിനെതിരേ പ്രധാന ആക്ഷേപമായിരിക്കും. മോദിസർക്കാർ പിശുക്കി, അല്പമാത്രം പണം തന്നതാണ് പ്രശ്നമെന്ന് മറുപടി പറയുമെങ്കിലും. ജഗന്റെ പാർട്ടിയിൽനിന്നു കൂറുമാറി വന്നവർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പുപറഞ്ഞിരുന്നു. ആകെ നിയമസഭാസീറ്റുകളുടെ എണ്ണം 175 എന്നത് 225 ആക്കുമെന്നു പ്രതീക്ഷിച്ചിട്ടാണത്. ആ ആവശ്യം കേന്ദ്രം ഏറ്റെടുത്തില്ല. മുമ്പേ നിന്നവർക്കും കൂറുമാറിവന്നവർക്കും ഇനിയെങ്ങനെ വീതംവെക്കും? അതിനു കഴിഞ്ഞില്ലെങ്കിൽ ടി.ഡി.പി.ക്ക് വിമതരെക്കൊണ്ടു പൊറുതിമുട്ടും.

കോൺഗ്രസ് വീണ്ടും മുളയ്ക്കുന്നു

സംസ്ഥാനവിഭജനത്തിലുള്ള ജനരോഷമാണ് 2014-ലെ ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ഇവിടെ പൂജ്യം സീറ്റിലൊതുക്കിയത്. പത്തുകൊല്ലമായി ​െഎക്യ ആന്ധ്ര ഭരിച്ച പാർട്ടിയാണ് അങ്ങനെ തൂത്തെറിയപ്പെട്ടത്. ആ പാർട്ടി ഇപ്പോൾ അല്പം ഉയിർത്തെഴുന്നേൽക്കുന്ന ലക്ഷണമുണ്ട്. അഞ്ചുകൊല്ലംമുമ്പ് കഷ്ടിച്ച് മൂന്നുശതമാനമായിരുന്നു അവർക്ക് വോട്ടർമാരുടെ പിന്തുണ. ഇപ്പോഴത് പതിനേഴു ശതമാനമാണെന്ന് സി.എസ്.ഡി.എസ്.-ലോക്‌നീതി സർവേ പറയുന്നു.
പ്രത്യേക പദവി വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും പാർട്ടി ശബ്ദമുയർത്തിയതും ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആദ്യമേ അതു നടപ്പാക്കുമെന്ന വാഗ്ദാനവും ജനരോഷത്തെ അല്പം തണുപ്പിച്ചിരിക്കാം. ആന്ധ്രയുടെ മേൽനോട്ടം ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയെ ഏല്പിച്ചതോടെ അണികളെ ഒരുവിധം ഉണർത്താനും കഴിഞ്ഞിട്ടുണ്ട്. ഇതുംകൂടി കണ്ടിട്ടാണ് പഴയ കാര്യങ്ങൾ, കോൺഗ്രസ് വിരോധംപോലും മറക്കാമെന്ന് നായിഡു സ്വന്തം പാർട്ടിക്കാരോടു പറയുന്നത്. 

ജഗൻ നടന്നാൽ കസേരയിലെത്തുമോ? 

ആന്ധ്രയിൽ മുഖ്യമന്ത്രിസ്ഥാനാർഥികൾ സംസ്ഥാനതല പദയാത്രകൾ നടത്തി ഫലം കണ്ട ചരിത്രമുണ്ട്. അവരാരും പക്ഷേ, ജഗനോളം നടന്നിട്ടില്ല. പത്തുമാസത്തിനിടെ പലപ്പോഴായി ജഗൻ മൂവായിരം കിലോമീറ്ററാണ് നടന്നത്. രണ്ടുകോടി ജനങ്ങളിൽ ആശയമെത്തിക്കൽ ലക്ഷ്യം. വമ്പിച്ച ജനാവലിയെ ആകർഷിച്ചു. ജഗന്റെ പാർട്ടിക്കു ഒരു പിടിയുമില്ലാത്ത സീമാന്ധ്രാസ്ഥലങ്ങളിൽപ്പോലും അതുണ്ടായി. മോഹം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ജഗൻ.
അനധികൃത സ്വത്ത് സമ്പാദനമടക്കം കോടികളുടെ അഴിമതി ആരോപിക്കപ്പെട്ട ജഗൻ ജയിലിലേക്കു നടക്കുമെന്നാണ് ടി.ഡി.പി. പറഞ്ഞത്. ആ ആരോപണങ്ങൾ അടുത്ത തിരഞ്ഞടുപ്പിൽ അവർ വിഷയമാക്കും. ചന്ദ്രബാബു ഉപേക്ഷിച്ച ബി.ജെ.പി.യുമായി ജഗന് രഹസ്യധാരണയുണ്ടെന്ന് എതിരാളികൾ പറയുന്നു. എന്നാൽ, മോദി സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത് തങ്ങളാണെന്ന് ജഗന്റെ പാർട്ടി ഓർമിപ്പിക്കുന്നു. ബി.ജെ.പി.യോടു  ചങ്ങാത്തമുണ്ടായാൽ നഷ്ടം ജഗനായിരിക്കും. കാരണം, മുസ്‌ലിങ്ങളും പിന്നാക്കക്കാരും ജഗനെ വിശ്വസിക്കാതാകും. 

പവന് സ്ഥാനാർഥികളുണ്ടെങ്കിൽ...

ധാരാളം ആരാധകരുള്ള നടനാണ് പവർ സ്റ്റാർ പവൻ കല്യാൺ. അദ്ദേഹം പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ വൻ ജനക്കൂട്ടമെത്തും. 2014-ലെ തിരഞ്ഞെടുപ്പിനുമുമ്പാണ് പവൻ ജനസേന എന്ന സംഘടന പ്രഖ്യാപിച്ചത്. അപ്പോൾ അദ്ദേഹം ടി.ഡി.പി.- ബി.ജെ.പി. സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങി. അത് നായിഡുവിന് അനുഗ്രഹമായി.
ഇതുവരെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ലാത്ത ജനസേന ഇനി മത്സരിക്കുമെന്നാണ് പറയുന്നത്. എങ്കിൽ, ത്രികോണമത്സരമാകും. പല സീറ്റുകളിലെയും കണക്കുകൂട്ടലുകൾ മാറിമറിയും.
ബി.ജെ.പി. പവനുമായി സഖ്യമുണ്ടാക്കുമെന്നു പറയുന്നവരുണ്ട്. അത് സാധ്യമായാൽ ബി.ജെ.പി.ക്ക് കുറച്ചു നേട്ടം പ്രതീക്ഷിക്കാം. ജനസേന ഇതു നിഷേധിക്കുന്നു. പ്രത്യേക പദവി, യുവാക്കൾക്ക് തൊഴിൽ തുടങ്ങിയ  വാഗ്ദാനങ്ങൾ പാലിക്കാത്തതിന് ബി.ജെ.പി.യെയും ടി.ഡി.പി.യെയും പവൻ കണക്കിന് വിമർശിക്കുകയാണ്. പ്രത്യേക പദവി അനുവദിച്ചില്ലെങ്കിലും അതിലൂടെ കിട്ടാവുന്നതിലധികം പ്രത്യേക പാക്കേജിലൂടെ സംസ്ഥാനത്തിന് കിട്ടുന്നുണ്ടെന്നാണ് ബി.ജെ.പി. കണക്കുനിരത്തുന്നത്. അതിനുപുറമേ, ഒരു ഡസനോളം ദേശീയ സ്ഥാപനങ്ങൾ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

മാറ്റിമറിക്കാൻ കൂറുമാറ്റങ്ങൾ

ഓപ്പറേഷൻ ആകർഷ് എന്നു കേട്ടാൽ, വല്ല സൈനിക നീക്കമോ സർക്കാരിന്റെ പരിപാടിയോ ആണെന്നു തോന്നാം. 
ആന്ധ്രയിൽ അത് കാലുമാറ്റത്തിന് കാലങ്ങളായി ഭരണക്കാർ പറയുന്ന മാന്യമായ  പേരാണത്!  തിരികെ കാലുമാറ്റിയെടുക്കൽ ഓപ്പറേഷൻ വികർഷ്! തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഇത്തവണയും കൂറുമാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ, ഇന്നുള്ള രാഷ്ട്രീയചിത്രം ആകണമെന്നില്ല അടുത്ത ദിവസം. അപ്പോൾപ്പിന്നെ, സർവേക്കോ പ്രവചനത്തിനോ ഇപ്പോൾ എന്താണ് പ്രസക്തി?