ന്യൂഡല്‍ഹി: കെ.സി.വേണു ഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നാലെ എ.കെ.ആന്റണിയേയും മല്ലികാര്‍ജുന ഖാര്‍ഗേയയും യഥാക്രമം മധ്യപ്രദേശിലേക്കും ഛത്തീസ്ഗഢിലേക്കും അയക്കാന്‍ എഐസിസി തീരുമാനം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് ഇവരെ അയക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനെ രാവിലെ തന്നെ രാജസ്ഥാനിലേക്കയച്ചിരുന്നു. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി  ബിഎസ്പിയുടേയടക്കം പിന്തുണ തേടുന്നതിനും രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതിനുമായിരുന്നു ഇത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന 199-ല്‍ 100 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കേവലം ഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും ഒരു സീറ്റില്‍ കൂടി മത്സരം നടക്കാനുണ്ട്. ഈ സാഹചര്യത്തില്‍ ബിഎസ്പിയുടെ പിന്തുണകൂടി നിര്‍ണായകമാണ്. അല്ലെങ്കില്‍ മറ്റു സ്വതന്ത്രരുടേയും പിന്തുണ ഉറപ്പിക്കേണ്ടതുണ്ട്. കൂടാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും നിലയുറപ്പിച്ച  സാഹചര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ പരിഹാരം സൃഷ്ടിക്കുക കൂടി കെ.സി.വേണുഗോപാലിന്റെ ചുമതലാണ്. നാളെ ജയ്പൂരില്‍ വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 

മധ്യപ്രദേശിലാണ് ഏറെ നിര്‍ണായകം. അവിടെ സീറ്റ് നില മാറിമറയുന്നത് ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ മുള്‍മുനയിലാഴ്ത്തിയിരിക്കുകയാണ്. മറ്റുള്ളവരുടെ പിന്തുണയില്ലാതെ മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടാനാവില്ലെന്ന ഏകദേശം ഉറപ്പിച്ചതോടെയാണ് ആന്റണിയെ അങ്ങോട്ടേക്ക് അയക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 112 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസിന് ഒരു സീറ്റുള്ള സമാജ് വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുള്ള ബിഎസ്പി നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഎസ്പി പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നാല് സ്വതന്ത്രരും ഇവിടെ ലീഡ് ചെയ്യുന്നുണ്ട്. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ തന്നെ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ്‌സിങ് എന്നിവരില്‍ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കണമെന്നാണ് ആന്റണിക്ക് മേലുള്ള പ്രധാന വെല്ലുവിളി.

വന്‍ അപ്രമാദിത്യത്തോടെ ജയിച്ച ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളികളൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ എം.പിയായ തമ്രദ്വാജ് സാഹു, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുന്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹാന്ത്, സത്യനാരായണ്‍ ശര്‍മ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക. ഖാര്‍ഗെ ഇങ്ങോട്ടേക്കെത്തുന്നമുറക്ക് തന്നെ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമാകും.

Content Highlights: AK Antony,Mallikarjun Kharge, observers for Madhya Pradesh and Chhattisgarh