ഗുജറാത്തില്‍ സന്യാസിമാര്‍ക്ക് ക്ഷാമമില്ല, തീര്‍ത്ഥാടകര്‍ക്കും. സാര്‍ത്ഥവാഹകസംഘങ്ങളും പടയോട്ടങ്ങളും കടന്നു പോയ പാതയില്‍ ഇന്നും കാണാം കാല്‍നടയായി കാതങ്ങള്‍ താണ്ടുന്ന ഭക്തരെ. ദ്വാരകയിലേക്കും സോമനാഥിലേക്കും ബറൂച്ചിലേക്കും അങ്കലേശ്വറിലേക്കും ചാമുണ്ടേശ്വരിയെ കാണാനുമൊക്കെ അവര്‍ വഴി നടക്കുന്നു. പിന്നില്‍ കെട്ടി വച്ച പായും വിരികളുമായി. വഴിവക്കില്‍ മരത്തണലില്‍ കിടക്കുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുന്നു. 

സന്യാസിമാര്‍ക്കും ദിവ്യന്മാര്‍ക്കും പണം കൊടുത്ത് പുണ്യം തേടുന്നതിലും ഗുജറാത്തികള്‍ മുന്നിലാണ്. ഓരോ പൈസയ്ക്കും കണക്കു പറയുന്ന ബിസിനസ്സുകാര്‍ നിര്‍ലോഭം, ഭക്തിയോടെ അത് വിതരണം ചെയ്യും.  വൈരുദ്ധ്യങ്ങളുടെ കൂടാരമാണ് ഗുജറാത്ത്. ഒറ്റക്കല്ലില്‍ കൊത്തിയ ശിലാവിഗ്രഹമല്ല ഗുജറാത്ത്. ഹിന്ദുദൈവങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും അമ്പരപ്പിക്കുന്ന വൈവിദ്ധ്യം ഇവിടെ നിറഞ്ഞു കാണാം. ജുനാഗഢ്  അത്തരമൊരു വൈവിദ്ധ്യമാണ്. നഗരം എന്ന നിലയിലും രാഷ്ട്രീയമായും. വൈരുദ്ധ്യങ്ങളുെട കൂടി നഗരമാണ് ജുനാഗഢ്.

Junagarh 03
ജുനാഗഢിന്റെ ബാക്കിയായ പ്രതാപം.

ജുനാഗഢ് 

ഗുജറാത്തിന്റെ തെക്കേ അറ്റത്താണ് ജുനാഗഢ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ തലവേദന സൃഷ്ടിച്ച നാട്ടുരാജ്യം. കത്തിയവാറിലെ ഒട്ടേറെ പ്രഭുക്കന്മാരുടെ നാട്. ഇടപ്രഭുക്കന്മാര്‍ നവാബിനേക്കാള്‍  ശക്തമായിരുന്ന നാട്.
സ്വാതന്ത്യം കിട്ടുമ്പോള്‍ ഉണ്ടായിരുന്നത് അറുന്നൂറോളം നാട്ടുരാജ്യങ്ങളാണ്. സര്‍ദാര്‍ പട്ടേലും മൗണ്ട് ബാറ്റനും ഓരോരുത്തരേയും കണ്ടു. ഇന്ത്യ യൂണിയനില്‍ ലയിക്കാന്‍ നിര്‍ബന്ധിച്ചു. വിപി മേനോന്റെ തന്ത്രങ്ങളും കൂടി ആയപ്പോള്‍  കാര്യങ്ങള്‍ ഒരുവിധം ശരിപ്പെട്ടു.

എന്നാല്‍ സൂക്ഷ്മദൃക്കായ സര്‍ദാര്‍ പട്ടേലിന് തെറ്റി. ഇന്ത്യയോടൊപ്പം  ജുനാഗഢ് നവാബ് പാക്കിസ്ഥാനോടും ബന്ധപ്പെട്ടു. ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്യം നേടിയതിന് പിന്നാലെ ആഗസ്റ്റ് 17 ന് ജുനാഗഢ് നവാബ് താന്‍ പാക്കിസ്ഥാനില്‍ ചേരുകയാണെന്് പ്രഖ്യാപിച്ചു. ശരിക്കും ഉന്മാദിയായിരുന്നു നവാബ്. എണ്ണൂറോളം പട്ടികളുണ്ടായിരുന്നു അദ്ദേഹത്തിന്. പട്ടികള്‍ ഇണ ചേര്‍ന്നാല്‍ നവാബ് ആഘോഷമായി അവയെ കല്ല്യാണം കഴിപ്പിക്കും. ഇരുപതു ലക്ഷത്തിലേറെ രൂപ വരെ ഇങ്ങനെ ശ്വാനവിവാഹത്തിന് ചെലവിട്ടെന്ന് കണക്കുകള്‍.

പട്ടേലിന്റേയും മേനോന്റേയും പരിശ്രമങ്ങള്‍ പാഴായി. പാക്കിസ്ഥാനൊപ്പം നവാബ് ഉറച്ചുനിന്നു. ജുനാഗഢും പാക്കിസ്ഥാനുമായി കരമാര്‍ഗം വഴിയില്ല എന്നതു പോലും അദ്ദേഹംത്തിന് തടസ്സമായില്ല. കറാച്ചി തുറമുഖത്തു നിന്നുള്ള കടല്‍ദൂരം പട്ടേലിനെ നവാബ് ബോധ്യപ്പെടുത്തി. 

ഏഴുലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 80% ഹിന്ദുക്കള്‍. നാട്ടുകാര്‍ക്ക് ഇന്ത്യയില്‍ ചേരണം. നവാബിന് പാക്കിസ്ഥാനിലും. നവാബിന്റെ ദിവാന്‍ ജിന്നയുമായി അടുത്ത ബന്ധം പുലര്‍ത്തി. പിന്നീട് പാക് പ്രധാനമന്ത്രി ആയ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പിതാവ് ഷാനവാസ് ഭൂട്ടോ ആയിരുന്നു ആ ദിവാന്‍.

നാട്ടില്‍ സംഘര്‍ഷം മുറുകി. നവാബ് ഭാര്യമാരുമൊത്ത് പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യന്‍ സൈന്യം ജുനാഗഢിലേക്ക് എത്താന്‍ നിര്‍ബന്ധിതമായി. സന്ദേഹിയായിരുന്നു നെഹ്‌റു. പട്ടേല്‍ ഗുജറാത്തിന്റെ മനസ്സ് അറിഞ്ഞു. അധികാരം കൈമാറാന്‍ ചെന്നതിന്റെ തലേന്നാള്‍ ഷാനവാസ് ഭൂട്ടോയും പാക്കിസ്ഥാനിലേക്ക് ഒളിച്ചോടി. ഇന്ത്യ പിന്നീട് ഹിതപരിശോധന നടത്തി. 1,90,870 പേര്‍ ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹിച്ചു. 91 പേര്‍ എതിര്‍ത്തു. ഇന്ത്യ സ്വതന്ത്രമായി മാസങ്ങള്‍ കഴിഞ്ഞ് നവംബര്‍ 9 ന് ജുനാഗഢ് സ്വതന്ത്രമായി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു.

Junagarh 02
മഹേന്ദ്രഭായ്  ലീലാധര്‍ഭായ് മഷ്‌റു

മഷ്‌റുഭായി

ജനാധിപത്യ ഇന്ത്യയിലെ നാടുവാഴികളാണ് മിക്കപ്പോഴും എം.പിമാരും എം.എല്‍.എമാരും. പ്രത്യേകിച്ചും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. പ്രഭുക്കന്മാര്‍ പണിതിട്ട മക്ബറകളും ദേവാലയങ്ങളും ഉള്ള ജുനാഗഢില്‍ പക്ഷേ കാര്യം തെല്ല് വ്യത്യസ്തമാണ്. ഗുജറാത്തിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ത്ഥി ജയിക്കുന്നത് ഇവിടെയാണ്. മഹേന്ദ്രഭായ്  ലീലാധര്‍ഭായ് മഷ്‌റുവാണ് ഇവിടെ എംഎല്‍എ. ഇത്തവണയും അദ്ദഹം ജനവിധി തേടുന്നു. തുടര്‍ച്ചയായി ഏഴാം വട്ടം. നാമനിര്‍ദേശ പത്രിക സ്വീകരിച്ചപ്പോഴേ വിജയം ഉറപ്പിക്കുകയാണ് ബി.ജെ.പി.

ജുനാഗഡഢില്‍ എല്ലാവര്‍ക്കും ഒരൊറ്റ ഭായിയേ ഉള്ളൂ. ഭായ് എന്നു വച്ചാല്‍ മഷ്‌റുഭായ്. ചെറിയ കുട്ടികള്‍ തൊട്ട് വലിയവര്‍ വരെ അങ്ങനെയേ വിളിക്കൂ. അവര്‍ക്കൊപ്പം എപ്പോഴും മഷ്‌റുഭായി ഉണ്ടാകും. വയസ്സ് 72. ബി.എസ്‌സി. - എല്‍.എല്‍.ബി. ബിരുദധാരി. ഗാന്ധിയന്‍.  അവിവാഹിതന്‍. സര്‍വോദയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ജുനാഗഢിലെ സമൂഹത്തില്‍ സജീവമായി. നാട്ടുകാര്‍ നിര്‍ബന്ധിച്ച് നഗരസഭയിലേക്ക് മത്സരിപ്പിച്ചു. ജയിച്ചു. പിന്നെ കോണ്‍ഗ്രസ് കാലത്ത് അധ്യക്ഷനായി. 

അങ്ങനെയിരിക്കേ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. എം.എല്‍.എ. ആയാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി നന്നായി ചെയ്യാമെന്ന് ബോധ്യപ്പെട്ടപ്പോള്‍ മഷ്‌റു മത്സരിച്ചു. കോണ്‍ഗ്രസ് പിന്തുണച്ചു. എം.എല്‍.എ. ആയി. പിന്നീട് കാര്യങ്ങള്‍ മാറി. കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി വന്നു. ഭായ് സ്വതന്ത്രനായി മത്സരിച്ചു. എല്ലാ എതിരാളികള്‍ക്കും കെട്ടിവച്ച കാശു പോയി. മഷ്‌റു വീണ്ടും എം.എല്‍.എയായി. 

അങ്ങനെ, മഷ്‌റുഭായി ബി.ജെ.പിയില്‍ എത്തി. സര്‍വോദയ പ്രസ്ഥാനത്തില്‍ തുടര്‍ന്നു കൊണ്ട്, കാവിക്കൊടിയേന്തി ഇത് ഏഴാം തവണയാണ് മത്സരിക്കുന്നത്. സഹോദരിയുടെ വീട്ടിലാണ് താമസം. നിലത്ത് പായ വിരിച്ചാണ് ഉറക്കം. ആരെപ്പോള്‍ ചെന്നാലും ഭായ് റെഡി. എന്ത് ആവശ്യത്തിനും എം.എല്‍.എ. ഇറങ്ങിച്ചെല്ലും. സൈക്കിളിലായാലും ആഡംബര കാറിലായാലും മുഖം മുഷിയില്ല. ഒരേ ഭാവം. കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടേ മടങ്ങൂ. 

2012ല്‍ ജുനഗഡ് പോലീസ് ഏതാനും സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തു. അവര്‍ കുറ്റം ചെയ്തിട്ടില്ലെന്നും മനഃപൂര്‍വം കഷ്ടപ്പെടുത്തുകയാണ് പോലീസെന്നും അനുയായികള്‍ പരാതി പറഞ്ഞു. ഭായി  സ്റ്റേഷനിലെത്തി. പുതിയ ഓഫീസറാണ്. എം.എല്‍.എയെ മൈന്‍ഡ് ചെയ്തില്ല പോലീസ്. അതിനിടെ അനുയായികള്‍ പ്രകോപിതരായി. ഉന്തിലും തള്ളിലും എം.എല്‍.എ. നിലത്തുവീണു. ശ്വാസം കിട്ടാതെ മഷ്‌റുഭായിയുടെ മുഖം മുറുകി. പിന്നീട് സ്റ്റേഷനില്‍ പോലീസ് അപ്രസക്തമായി. എല്ലാ തര്‍ക്കങ്ങളും നിര്‍ത്തി അനുയായികള്‍ മഷ്‌റുവിനെ ആശുപത്രിയിലേക്ക് എത്തിച്ചു. സ്ത്രീകളെ പുറത്തിറക്കി. പിറ്റേന്ന് ആരും പറയാതെ തന്നെ ജുനാഗഢില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണ വിജയം. 

ഒരു പക്ഷേ, എം.എല്‍.എ. ആയ ശേഷം വരുമാനം കുറഞ്ഞുവരുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു എം.എല്‍.എ. മഹേന്ദ്രഭായ് മഷ്‌റു ആയിരിക്കും. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനേക്കാളും വരുമാനം കുറവ്. 2004- 5ല്‍ 5.10 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന മഷ്‌റുവിന്റെ  കഴിഞ്ഞ വര്‍ഷത്തെ വരുമാനം 20,067 രൂപയാണ്. എം.എല്‍.എ. ശമ്പളം പോലും അദ്ദേഹം വാങ്ങിയില്ല. 

ബാധ്യത 18 ലക്ഷത്തില്‍നിന്ന് 36 ലക്ഷമായി ഉയര്‍ന്നു. ജുനാഗഢ് സിവില്‍ ആശുപത്രിയിലെ സര്‍വോദയ ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ട വിവാദം മാത്രമാണ് മഷ്‌റുവിന് എതിരേ ഇക്കാലത്തിനിടെ ഉയര്‍ന്നത്. എയ്ഡ്‌സ് ബാധിതമായ രക്തം വിതരണം ചെയ്യെന്നായിരുന്നു വിവാദം. അതിലും പക്ഷേ മഷ്‌റുവിന് പങ്കുണ്ടെന്ന് ജുനാഗഢ് വിശ്വസിക്കുന്നില്ല. 

ഇക്കുറിയും ജുനാഗഢ് മഷ്‌റുവിനെ കാത്തിരുന്നു. സായാഹ്നമായി. സ്ത്രീകളാണ് സദസ്സില്‍ കൂടുതല്‍. നേതാവിനു വേണ്ടി എന്നതിനേക്കാള്‍ വീട്ടിലൊരാള്‍ക്കു വേണ്ടിയുള്ള സുഹൃദ് സംഗമം. ഒരു ചെറുപ്പക്കാരന്റെ ബൈക്കിന്റെ പിന്നില്‍ ഇരുന്നു സ്ഥാനാര്‍ത്ഥി എത്തി. അണികള്‍ വിനയത്തോടെ മുന്നോട്ടു വന്നു. ഓരോരുത്തരായി കാല്‍ തൊട്ട് നമസ്‌കരിച്ചു. 
ലളിതവേഷധാരിയായ മഷ്‌റു എല്ലാവരേയും ആശ്ലഷിച്ചു. ചെറുപ്പക്കാരെ ആശീര്‍വദിച്ചു. വോട്ട് ചോദിച്ചില്ല. പരസ്പരം കുശലം പറഞ്ഞു. അതിനിടെ ഒട്ടേറെ പേര്‍ മാല അണിയിച്ചു. മാല ഭായി പിന്നെ മാറ്റി പുറകിലേക്ക് ഇട്ടു. അപ്പോള്‍ അത് മുന്നിലേക്ക് എത്തിച്ച് വീണ്ടും ഹാരാര്‍പ്പണം. 

Junagarh 04
ജുനാഗഢ് നഗരകവാടം

തിരഞ്ഞെടുപ്പ്

ജുനാഗഢിലെ നവാബുമാര്‍ പണിത വിഖ്യാതമായ മഖ്ബറയില്‍ അന്തിച്ചോപ്പ് തിളങ്ങി. മിനാരങ്ങളില്‍ സാന്ധ്യശോഭ. മഷ്‌റുവിനോട് ചോദിച്ചു:
''എങ്ങനെയുണ്ട് പ്രചാരണം?'' 
വിശേഷപ്പെട്ടൊന്നും നടക്കുന്നെന്ന തോന്നലേ ഇല്ലാതെ അദ്ദേഹം പറഞ്ഞു: 
''പതിവു പോലെ തന്നെ. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതല്ലേ ഉള്ളൂ. അതിനാലാണ് ഇവിടെ ഈ ആവേശം. പ്രതീക്ഷിച്ചില്ല ഇങ്ങനെ. എനിക്ക് ആശുപത്രി വരെ ഒന്നു പോകേണ്ടി വന്നു. തെല്ല് വൈകിയതിന് മാപ്പ്.'' 
''എല്ലായിടത്തുമുള്ള കോണ്‍ഗ്രസ് തരംഗം ഇവിടേയും വരുമോ?''
മറുപടി  വരും മുന്‌പേ അനുയായികള്‍ ആര്‍ത്തുവിളിച്ചു:
''ഭാരത് മാതാ കീ ജയ്'' 
നിറ ചിരി കൊണ്ട് അവരെ നിശ്ശബ്ദമാക്കി മഷ്‌റു പറഞ്ഞു:
''അങ്ങനെയൊന്നുമില്ല. രാഹുല്‍ പ്രചാരണം നടത്തുന്നു. അത്രമാത്രം. മോദിജി വന്നാല്‍ ഇത് മാറുന്നത് നോക്കിക്കോളൂ. വികസനത്തിനാണ് ഇവിടെ വോട്ട്. ഞങ്ങള്‍ക്ക് പറഞ്ഞതെല്ലാം പൂര്‍ത്തിയാക്കി ശീലമുണ്ട്''
''പഴയ സര്‍വോദയക്കാരന് എങ്ങനെയാണ് കോര്‍പറേറ്റുകളുടെ വികസനം രുചിക്കുന്നത്?'' 
''എന്നെ  എന്റെ നാടിന് അറിയാം. രാപകല്‍ അവര്‍ എനിക്കൊപ്പമുണ്ട്. ഞാന്‍ മറ്റൊന്നും ചിന്തിക്കുന്നില്ല.''
തിരിഞ്ഞപ്പോള്‍ സദസ്സിലെ മുന്‍നിരയില്‍ നിന്ന് സ്ത്രീകള്‍ വിളിച്ചു പറഞ്ഞു:
''ഭായിയെ വിശ്വാസമാണ്''
'' ഭായി നയിക്കും'' 
''മോദിജി നിന്നാലും ഇവിടെ ഭായി ജയിക്കും'' 
അവര്‍ മുറുകെ പിടിച്ചു. മന്ത്രിയാകാനുള്ള മോദിയുടെ ക്ഷണം നിരസിച്ച് ജുനാഗഢിലേക്ക് മടങ്ങിയ സ്വന്തം ഭായിയുടെ കൈകളില്‍. ആത്മവിശ്വാസത്തോടെ. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പിറ്റേന്ന് പുറത്തു വന്നു. 2012-ല്‍ 56,000 രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന മഹേന്ദ്ര എല്‍ മഷ്‌റുവിന്റെ പോയ കൊല്ലത്തെ വാര്‍ഷിക വരുമാനം 1091 രൂപ മാത്രം. ബുള്ളറ്റ് പ്രൂഫ് കാറില്‍ സന്യാസിമാര്‍ സഞ്ചരിക്കുന്ന നാട്ടില്‍ പാതിരാവിലും പകല്‍വെട്ടത്തിലും പാഥേയമില്ലാതെ നീങ്ങുകയാണ് മഷ്‌റുഭായി. നിസ്സംഗനായി. നിര്‍മമനായി.