ഗുജറാത്തിയില്‍ ഒരു സിനിമ വരുന്നുണ്ട്. ആദിവാസികളുടെ രക്ഷകനെ കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം  സൂറത്തിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. സംവിധാനം ശ്രീഷ് ചൗധരി. ജഗാദിയയിലെ നേതാവ് ഛോട്ടു വസാവയുടെ ജീവിതമാണ് കഥാതന്തു.  തിരഞ്ഞെടുപ്പിനെ ഗൗനിക്കാതെ അണിയറയയില്‍ ഒരുങ്ങുകയാണ് ചലച്ചിത്രം. 

ജഗാദിയയില്‍ അഞ്ചാം തവണയും ഛോട്ടു വസാവ മത്സരിക്കുന്നുണ്ട്. ജനതാദള്‍(യു) ആയിരുന്നു കഴിഞ്ഞ തവണ പാര്‍ട്ടി. നിതീഷ് കുമാര്‍ ആയിരുന്നു നേതാവ്. ബി.ജെ.പിയുമായി നിതീഷ് സഖ്യത്തിലായപ്പോള്‍ വസാവ ശരത് യാദവിനൊപ്പമായി.
അതിനിടെ, മകന്‍ മഹേഷ് വസാവ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രൂപീകരിച്ചു. ഇത്തവണ ബി.ടി.പിയുടെ ബാനറിലാണ് ഛോട്ടുവിന്റെ പോരാട്ടം.

ബറൂച്ചിലെ ആദിവാസി മേഖലയാണ് ജഗാദിയ. അവികസിതം. നീണ്ട വഴികളിലൂടെ നീങ്ങിയാല്‍ കാട്ടിനുള്ളിലെ ഗ്രാമങ്ങളിലെത്താം. ഔഷധ കമ്പനികളുടെ ആസ്ഥാനമായ അങ്കലേശ്വറാണ് അടുത്ത നഗരം. നഗരത്തിന്റെ മലിനീകരണമില്ലാത്ത നല്ല വായു കിട്ടും നര്‍മ്മദാ തീരത്തെ മണ്ണില്‍. 

കുഞ്ഞുകൂരകളും ചെറു ഗ്രാമങ്ങളും കടന്ന് രാവിലെ ഏഴഴരയോടെ വസാവയെ കാണാനെത്തി. നേതാവ് പുറത്താണ്. ഇത്ര രാവിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിിപാടിയോ എന്ന് ചോദിച്ചപ്പോള്‍ സഹായി ദിലീപ് ഭായി പറഞ്ഞു: ''ഇല്ലില്ല, രാവിലെ പാടത്ത് പോയി തിരിച്ചു വരും. കരിമ്പിന്റെ വിളവെടുപ്പാണ്. നിലക്കടല പറിച്ചതേയുള്ളൂ. പിന്നെ കുറച്ച് തുവരയുമുണ്ട്.'' 

വീട്ടില്‍ സിനിമാ പോസ്റ്ററുണ്ട്. അകത്തും പുറത്തും സന്ദര്‍ശകര്‍ക്കായി നിരത്തിയിട്ട കസേരകള്‍. മുറ്റത്ത് പരാതി പറയാനും കാണാനുമെത്തിയ വോട്ടര്‍മാര്‍. അഹമ്മദാബാദില്‍ നിന്നു സുഹൃത്തുക്കള്‍ ഛോട്ടു വസാവയെ പറ്റി പറഞ്ഞത് അത്ര നല്ല അഭിപ്രായമല്ല. 'അഹങ്കാരിയാണ്. സംസാരിക്കാന്‍ കൊള്ളില്ല. പരുക്കന്‍. എപ്പോള്‍ വേണമെങ്കിലും ചൂടാവും. ചിലപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിപ്പോവും.' 

അപ്പോഴും ഓര്‍ത്തു, അഹമ്മദ് പട്ടേല്‍ ഇപ്പോള്‍ രാജ്യസഭയില്‍ ഇരിക്കുന്നത് ഈ ഒറ്റ വോട്ടു കൊണ്ടാണ്. വിധായകരെ വിലയ്‌ക്കെടുക്കാനുള്ള തന്ത്രത്തെ തോല്‍പിച്ചത് ഛോട്ടുവാണ്. അത് തുറന്നു പറയാന്‍ തയ്യാറായതും ഛോട്ടു.
തലേന്ന് രാത്രി പതിനൊന്നു മണിയോടെയാണ് വിളിച്ചത്. രാവിലെ എട്ടര വരെ വീട്ടില്‍ കാണുമെന്ന് പറഞ്ഞിരുന്നു. 

chottu

കാത്തുനിന്നു. അപ്പോഴേക്കും കരിമ്പിന്‍ പാടത്ത് നിന്നെത്തി, കുളിച്ച് വേഷം മാറി നേതാവെത്തി. നേരേ കയറി പറഞ്ഞു: ''പാടത്ത് പോകുന്നത് പറഞ്ഞില്ലല്ലോ. ഞങ്ങളും വരാമായിരുന്നു'' 
''സാരമില്ല, നമുക്ക് പുറത്ത് ചെടികള്‍ക്കിടയില്‍ ഇരിക്കാം. നിങ്ങള്‍ക്ക് വേണ്ട ചിത്രങ്ങള്‍ കിട്ടും.'' 
''സിനിമ വരും മുമ്പേ ഷോട്ടുകളൊക്കെ പഠിച്ചു അല്ലേ?'' 
''സിനിമയില്‍ ഹീറോ ഞാനല്ല. അതിന് നല്ല നടന്മാരുണ്ട്.'' 

ചിരിച്ചു കൊണ്ട് നേതാവ് പുറത്തക്ക് നീങ്ങി. ആദരവും പേടിയും ഇടകലര്‍ന്ന് അനുയായികളും. പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനായി ക്യാമറക്ക് വേണ്ടി കാത്തു നിന്നു. മുറ്റത്ത് അഭിമുഖത്തിന് കസേരകള്‍ നിരന്നു. 

കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ഇത്തവണ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പറഞ്ഞ വാക്കു കോണ്‍ഗ്രസ് പാലിച്ചിരിക്കുന്നു. ആറിടത്ത് ബി.ടി.പി. മത്സരിക്കുന്നു. ഒരിടത്ത് ബി.ടി.പി. നിര്‍ദേശിച്ച ആള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു.

''സര്‍വമേഖലകളേയും ബി.ജെ.പി. തകര്‍ത്തിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം... എല്ലാം. പിന്നാക്ക മേഖലകളിലേക്ക് ഇവര്‍ പറയുന്ന ഒരു വികസനവും എത്തുന്നില്ല. ഇത്തവണ കോണ്‍ഗ്രസ് തിരിച്ചു വരും. അത് ഗുജറാത്തിന്റെ ആവശ്യമാണ്.'' 
''ജിഎസ്ടിയും നോട്ടു നിരോധനവും ഗ്രാമങ്ങളെ തകര്‍ത്തത് എങ്ങനെയെന്ന് ഒരു ബി.ജെ.പി. നേതാവും കാണുന്നില്ല. ഇനിയും ബി.ജെ.പിക്ക് മുന്നോട്ട് പോകാനാവില്ല. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. പക്ഷേ വോട്ടിംഗ് മെഷീനെ പേടിക്കുന്നു. ബി.ജെ.പി അഴിമതി കാണിക്കും. യു.പിയില്‍ അവര്‍ അങ്ങനെയാണ് ജയിച്ചത്. ഗുജറാത്തില്‍ അത് ആവര്‍ത്തിക്കാനുള്ള ശ്രമമാണ്. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് വീണ്ടും വീണ്ടും ഞങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.''  
 
തിരഞ്ഞെടുപ്പ് ചിഹ്നം പോലും നഷ്ടമായ ശേഷമാണ് പുതിയ പാര്‍ട്ടിയുണ്ടാക്കി വസാവ പോരടിക്കുന്നത്. 
''നിതീഷ് ഞങ്ങളെ മാത്രമല്ല, ജനങ്ങളെയും ചതിച്ചു. ബി.ജെ.പിക്ക് എതിരായ വോട്ടു വാങ്ങി ജയിച്ച് ബി.ജെ.പിക്ക് ഒപ്പം പോയി. ഈ വഞ്ചന അംഗീകരിക്കാനാവില്ല. അമ്പ് പോകയാല്‍ പോകട്ടെ. സാധാരണക്കാരന്റെ ഓട്ടോറിക്ഷയാണ് ഇത്തവണ ചിഹ്നം.'' 

ഛോട്ടുഭായ് അമര്‍സിംഗ് വസാവ എന്നാണ് മുഴുവന്‍ പേര്. പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ.പഴയ സുഹൃത്തുക്കളായ ജെഡിയു പഴയ ചിഹ്നമായ അമ്പുമായി മത്സരിക്കുന്നത് മറ്റൊരു ഛോട്ടു വസാവയെ ആണ്. ഛോട്ടുഭായ് അബേസിംഗ് വസാവ.

''അയാളെ എനിക്ക് അറിയാം. ഇതുവരെ ഒരു പാര്‍ട്ടിയിലും ഇല്ലായിരുന്നു. അയല്‍പക്കങ്ങളില്‍നിന്ന് പണം രൂപ കടംവാങ്ങി കഴിയുന്ന ആള്‍. ഒരു ഫോമും ജീവിതത്തില്‍ ഇന്നോളം പൂരിപ്പിച്ചിട്ടില്ല. നില്‍ക്കട്ടെ. ഒന്നും വരാനില്ല.'' 

പറയുന്ന അത്ര പണം നല്‍കാമെന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വാഗ്ദാനം ചെയ്തത്. അത് വേണ്ടെന്ന് വച്ചത് ചില നിലപാടുകള്‍ ഉള്ളതിനാലാണ്. വ്യക്തിപരമല്ല തന്റെ പോരാട്ടമെന്ന് ഛോട്ടു പറയുന്നു. ''ബിജെപി വികസനം പറയുന്നു. ആ വികസനം പക്ഷേ ആദിവാസികള്‍ക്ക് വിനാശമാണ്. ഇതിനെയാണ് ചെറുക്കുന്നത്. ഞങ്ങള്‍ ഓട്ടോറിക്ഷ ഓടിക്കും. നിയമസഭയിലെത്തും. ബി.ജെ.പിയെ തുരത്തും. ഭാരതത്തെ രക്ഷിക്കും.'' 

പറഞ്ഞുവന്നപ്പോള്‍ ആവേശമായി. പ്രാസമൊപ്പിച്ച് വന്ന പഞ്ച് ഡയലോഗ് കുറിച്ചെടുക്കാന്‍ സഹായിയോട് നിര്‍ദേശിച്ചു. പ്രചാരണറാലിയിലും ഇത് പറയണം. യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സഹായിയോട് ചോദിച്ചു. ''വോട്ട് ചോദിച്ച് ഗ്രാമങ്ങളിലേക്ക് ഛോട്ടുഭായ് എപ്പോള്‍ പോകും?'' 

അവിശ്വാസത്തോടെ അയാള്‍ ഞങ്ങളെ തുറിച്ചു നോക്കി. ''ഇന്നോളം വോട്ടു ചോദിച്ച് പോയിട്ടില്ല ഛോട്ടുഭായ്. റാലികളില്‍ പ്രസംഗിക്കും. വോട്ടര്‍മാര്‍ക്ക് അതില്‍ പങ്കെടുക്കാം. പരാതിയുണ്ടെങ്കില്‍ വീട്ടിലെത്തി എന്തും പറയാം.''