ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാകിസ്താന്‍ നേതാക്കളുമായി രഹസ്യചര്‍ച്ച  നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ അത്ഭുതാവഹം എന്ന് വിശേഷിപ്പിച്ച് ബിജെപി എംപിയും സിനിമാതാരവുമായ ശത്രുഘ്‌നനന്‍ സിന്‍ഹ. തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ എന്ത് പരാമര്‍ശവും നടത്താമോ എന്ന വിമര്‍ശമാണ് പരിഹാസം കലര്‍ത്തിയ ട്വീറ്റിലൂടെ സിന്‍ഹ ഉന്നയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ കഥകള്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത് ശരിയാണോ എന്നാണ് ശത്രൂഘ്‌നന്‍ സിന്‍ഹയുടെ ചോദ്യം. എങ്ങനെയും വിജയം നേടാന്‍ കാര്യങ്ങളെ പാക് ഹൈക്കമ്മീഷണറുമായും ജനറല്‍മാരുമായും ബന്ധിപ്പിച്ചിരിക്കുന്നത് അത്ഭുതാവഹമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ആരുടെയും പേര് പറഞ്ഞ് പരാമര്‍ശിച്ചല്ല ട്വീറ്റെങ്കിലും ഉന്നം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എന്ന് ട്വീറ്റില്‍ വ്യക്തമാണ്.

പുതിയ കഥകളും വഴിത്തിരിവുകളും സൃഷ്ടിച്ച് വോട്ട് തേടുന്നതിന് പകരം ബിജെപി നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ച് കൂടേ എന്ന് മറ്റൊരു ട്വീറ്റില്‍ സിന്‍ഹ ചോദിച്ചു. വര്‍ഗീയത സൃഷ്ടിക്കുന്ന അന്തരീക്ഷം മെനഞ്ഞെടുക്കുന്നതിന് പകരം ആരോഗ്യപരമായ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെ നയിച്ചുകൂടേയെന്നും സിന്‍ഹ ചോദിച്ചിട്ടുണ്ട്.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്നാണ് മോദി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അയ്യരുടെ നീച് പരാമര്‍ശം ഉണ്ടായതെന്നും മോദി ആരോപിച്ചിരുന്നു. ആരോപണങ്ങളെ കോണ്‍ഗ്രസ് നിഷേധിക്കുകയും ചെയ്തു.