ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് കോണ്‍ഗ്രസ്സിന് പട്ടിയദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ അന്ത്യശാസനം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന തിരക്കിനിടെ പട്ടേല്‍ സമുദായത്തിന്റെ ഈ നിലപാട് കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നാണ് സൂചന.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിക്ക് 30 സീറ്റുകള്‍ വേണമെന്നാണ് അവരുടെ ആവശ്യം. ഹര്‍ദിക് പട്ടേലിന്റെയും പട്ടേല്‍ സമദായത്തിന്റെയും പിന്തുണ ആവശ്യമാണെങ്കിലും ഇത്രയും സീറ്റുകള്‍ അവര്‍ക്ക് നല്‍കാന്‍ തയ്യാറാവില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ ഇതുവരെയുള്ള നിലപാട്.

സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ധാരണയിലെത്താന്‍ പട്ടേല്‍ സമുദായ നേതാക്കളെ കോണ്‍ഗ്രസ് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇരകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പക്ഷേ അനുകൂലമായ തീരുമാനമല്ല ഉണ്ടായതെന്നാണ് വിവരം. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കളുമായി മറ്റൊരു ചര്‍ച്ചയുണ്ടാവുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി പാട്ടീദാര്‍ സമിതിയോട് അറിയിച്ചിരുന്നു. എന്നാല്‍, അങ്ങനെയൊരു രണ്ടാം ചര്‍ച്ച ഉണ്ടായില്ലെന്നും തങ്ങളോട് ഫോണില്‍ സംസാരിക്കാന്‍ പോലും സോളങ്കി ഇപ്പോള്‍ തയ്യാറാവുന്നില്ലെന്നുമാണ് പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ ദിനേഷ് ബാമാനിയ ആരോപിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് ഹര്‍ദിക് പട്ടേലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്സിന് സീറ്റ്ധാരണയില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അന്ത്യശാസനം നല്‍കാന്‍ പാട്ടീദാര്‍ സമിതി തീരുമാനിച്ചത്. 

content highlights: Gujarath, congress, Patidar Anamat Andolan Samiti, hardik patel, ultimatum on reservation issue