ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന് അഭിപ്രായ സര്‍വെ. ഇരുപാര്‍ട്ടികളും 43 ശതമാനം വോട്ടുകള്‍ വീതം നേടുമെന്ന് എബിപി ന്യൂസ് സി.എസ്.ഡി.എസ് സര്‍വെ ചൂണ്ടിക്കാട്ടുന്നു.drug

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും കടന്നാക്രമിച്ച് കൊണ്ട് ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു കോണ്‍ഗ്രസ് ഗുജറാത്തില്‍ നേതൃത്വം നല്‍കിയത്. ഇതിന് ഫലമുണ്ടാകുമെന്നു തന്നെയാണ് സര്‍വെ വ്യക്തമാക്കുന്നത്. 

സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അന്തിമ വിജയം ആര്‍ക്കൊപ്പമാകുമെന്ന് പ്രവചിക്കുന്നില്ല. ജാതി സമവാക്യങ്ങള്‍ മാറി മറയാന്‍ സാധ്യതയുണ്ടെന്നും അത് ബി.ജെ.പിക്ക് അനുകൂലമാവുമെന്നും സര്‍വെ പറയുന്നു.

നേരത്തെയും ഇവര്‍ സര്‍വെ ഫലം പ്രവചിച്ചിരുന്നുവെങ്കിലും ഇതില്‍ നിന്നും വ്യത്യസ്ഥമായാണ് പുതിയ ഫലം. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് 96 സീറ്റുകളും, കോണ്‍ഗ്രസിന് 86 സീറ്റുകളും ലഭിക്കുമെന്നാണ് പറയുന്നത്. 182 നിയമസഭാ സീറ്റുകളില്‍ 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.