ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രഹ്മാവിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റിലെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ ഉപമ.

'മോദി ബ്രഹ്മാവാണ്, അദ്ദേഹമാണ് സൃഷ്ടാവ്. പാര്‍ലമെന്റ് എന്ന് വിളിച്ചുകൂട്ടുമെന്ന് മോദിക്ക് മാത്രമേ അറിയൂ' എന്നായിരുന്നു ഖാര്‍ഗെ പരിഹസിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പേരില്‍ മോദി ജനാധിപത്യസംവിധാനത്തെ തന്നെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം ചെയ്ത് പാര്‍ലമെന്റിന്റെ നിലം തൊട്ടുതൊഴുകയായിരുന്നു. എന്നിട്ടിപ്പോള്‍ അദ്ദേഹം യാതൊരു ബഹുമാനവും കാണിക്കുന്നില്ലെന്നും ഖാര്‍ഗെ ആരോപിച്ചു.

സാധാരണയായി പാര്‍ലമന്റിന്റെ ശീതകാല സമ്മേളനം നവംബറില്‍ ആരംഭിച്ച് നാലാഴ്ച്ചയ്ക്കുള്ളില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പതിവിന് വിരുദ്ധമായി ഈ വര്‍ഷം ശീതകാല സമ്മേളനം നടക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മോദിയും മറ്റ് മന്ത്രിമാരും ഗുജറാത്തില്‍ തിരഞ്ഞെടു്പ്പ പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ ജനുവരി ആദ്യമേ സമ്മേളനം വിളിച്ചു ചേര്‍ക്കൂ എന്നാണ് വിവരം.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മോദി ബോധപൂര്‍വ്വം വൈകിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് മുടങ്ങുന്ന പതിവ് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അതിനോട് പ്രതികരിച്ചത്.