ന്യൂഡല്‍ഹി: പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിക്കും ഹാര്‍ദിക് പട്ടേലിനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഒന്നിച്ചുള്ള പോരാട്ടം സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പാട്ടിദാര്‍ സമിതിയുമായി കോണ്‍ഗ്രസ് എന്തു ധാരണയാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ കപില്‍ സിബല്‍ തയ്യാറായില്ല. സംവരണവിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ തീരുമാനിക്കാനിരിക്കുന്നതല്ലേയുള്ളൂ എന്നായിരുന്നു പ്രതികരണം. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയമാണ് പ്രധാനമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

22 വര്‍ഷക്കാലം കൂടെനിന്ന പട്ടേല്‍ സമുദായത്തെ വഞ്ചിക്കുകയാണ് ബിജെപി ചെയ്തതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാക്കളുമായുള്ള ആദ്യഘട്ട ചര്‍ച്ചകളില്‍ ഭാഗഭാക്കായിരുന്നു കപില്‍സിബല്‍. ബിജെപിക്കെതിരെ കൂട്ടായ്മയുടെ എതിര്‍പക്ഷം ഉയര്‍ന്നുവന്നതില്‍ സന്തോഷമുണ്ടെന്നും വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

സംവരണം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം വെറുതെയാണെന്നും  ഹാര്‍ദിക് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു. 

content highlights: kapil sibal, PAAS, hardik patel, bjp, congress