ഷിംല: ഒരാഴ്ചനീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ജയ്റാം ഠാക്കൂറിനെ ബി.ജെ.പി. ഉന്നതതലയോഗം തീരുമാനിച്ചു. 

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര നഗരവികസനമന്ത്രി നരേന്ദ്ര തോമര്‍, പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ, സംസ്ഥാന കോര്‍കമ്മിറ്റിയംഗങ്ങള്‍, പാര്‍ട്ടി എം.എല്‍.എ.മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

മൂന്നാംതവണയാണ് സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലെത്തുന്നത്. കഴിഞ്ഞ രണ്ടുതവണയും മുഖ്യമന്ത്രിയായ പ്രേംകുമാര്‍ ധൂമല്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബി.ജെ.പി.ക്ക് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടിവന്നത്. 

അഞ്ചാംതവണയാണ് ജയ്റാം ഠാക്കൂര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 68 സീറ്റുകളുള്ള ഹിമാചലില്‍ 44 സീറ്റുകളാണ് ബി.ജെ.പി.ക്കുള്ളത്.