ഷിംല: വിജയ തിളക്കത്തിനിടയിലും ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തി കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ ദയനീയമായി തോറ്റു.

ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. തുടര്‍ന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധൂമലിനെ തീരുമാനിച്ചത്. 

എന്നാല്‍, ഇദ്ദേഹത്തിനേറ്റ തിരിച്ചടിയോടെ ഇനിയും മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി ക്യാമ്പ് വേദിയാകും. 

ജെ.പി. നഡ്ഡ, പ്രേംകുമാര്‍ ധൂമല്‍, അനുരാഗ് താക്കൂര്‍ എന്നിവരാണ് ഹിമാചല്‍പ്രദേശിലെ പ്രധാന ബിജെപി നേതാക്കള്‍. ധൂമലിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നഡ്ഡയ്ക്കും താക്കൂറിനുമാണ് സാധ്യത. 

മുഖ്യമന്ത്രി പദം ധൂമലിന് വാഗ്ദാനം ചെയ്തിരുന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മകനും ലോക്‌സഭാ അംഗവുമായ അനുരാഗ് താക്കൂറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധൂമല്‍ പക്ഷം ആവശ്യപ്പെടുമെന്നാണ് വിലയിരു്ത്തല്‍.  

കോണ്‍ഗ്രസിന്റെ കൈയില്‍ നിന്ന് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഹിമാചല്‍പ്രദേശ് പിടിച്ചെടുത്തത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് ഏറ്റ തിരിച്ചടി വിജയത്തിന്റെ മധുരം കുറയ്ക്കുന്നുണ്ട്.