കൊല്‍ക്കത്ത: വിജയിച്ചെങ്കിലും ഗുജറാത്തില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വന്നത് ധാര്‍മികമായ പരാജയമായിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

തിരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഏകദേശം ഒരേപോലെയുള്ള വിധി സമ്മാനിച്ചതില്‍ ജനങ്ങളെ അഭിനന്ദിക്കുന്നു. എങ്കിലും മുഖം രക്ഷിക്കാന്‍ ബി.ജെ.പിക്ക് ഈ വിജയം അനിവാര്യമായിരുന്നുവെന്നും മമത പറഞ്ഞു. 

വിധി താല്‍ക്കാലികവും മുഖം രക്ഷിക്കാനുള്ളതുമാണ്. ഗുജറാത്ത് തങ്ങളുടെ ആശങ്കയ്ക്കും ക്രൂരതയ്ക്കും നീതി കേടിനുമെതിരെ വോട്ട് ചെയ്തുവെന്നും മമത പറഞ്ഞു.

അതേ അവസരത്തില്‍ തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. വരും വര്‍ഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരും. അത് പുതുതായി നിയമിതനായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുള്ള സമ്മാനമായിരിക്കുമെന്നും സിദ്ദരാമയ്യ ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കിയ വോട്ട് രാഹുല്‍ഗാന്ധിക്കുള്ള പിന്തുണകൂടിയാണ്. എന്നാല്‍ ബി.ജെ.പി അവിടെ നടത്തിയത് ജാതീയമായ പ്രചാരണമായിരുന്നുവെന്നും സിദ്ദരാമയ്യ ചൂണ്ടിക്കാട്ടി.